Connect with us

Kozhikode

വടകര എം എ സി ടിയില്‍ ഏഴ് മാസമായി ജഡ്ജിയില്ല

Published

|

Last Updated

വടകര: വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലില്‍ ജഡ്ജിയില്ലാതായിട്ട് ഏഴ് മാസം പിന്നിടുന്നു. ഇതുമൂലം വാഹനാപകടത്തില്‍ പരുക്കേറ്റ നൂറുകണക്കിന് ആളുകള്‍ കഷ്ടതയനുഭവിക്കുകയാണ്. ജോലിയില്ലാതെ മുപ്പതോളം ജീവനക്കാരാണ് ഇവിടെയുള്ളത്.
എം എ സി ടി ജഡ്ജിയായിരുന്ന സി കെ സോമരാജന്‍ സ്ഥലം മാറി പോയതോടെയാണ് വടകരയില്‍ എം എ സി ടിയുടെ സിറ്റിംഗ് നിലച്ചത്. 2014 ല്‍ മാത്രം 915 ഓളം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മുന്നൂറില്‍പ്പരം കേസുകള്‍ കോഴിക്കോട്ടേക്ക് മാറ്റിയിട്ടും 2360 ഓളം കേസുകള്‍ കെട്ടിക്കിടക്കുകയാണ്.
അപകടം പറ്റി തീരാദുരിതത്തിലായി നഷ്ടപരിഹാര തുകക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടവരും വര്‍ഷങ്ങള്‍ പിന്നിട്ടവരും ഏറെയാണ്. കക്ഷികള്‍ക്ക് നീതി വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താലൂക്ക് ആസ്ഥാനങ്ങളില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുകയും പരിസരത്തെ മറ്റു കോടതികളില്‍ സിറ്റിംഗ് ക്യാമ്പുകള്‍ നടത്തിയും പെട്ടെന്ന് തന്നെ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഒരു ദിവസം പോലും പൂട്ടിയിടാന്‍ പാടില്ലാത്ത അതിപ്രധാനമായ കോടതിയാണ് കഴിഞ്ഞ ഏഴ് മാസമായി സിറ്റിംഗ് നടക്കാത്തത്.
ജഡ്ജിയെ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഉടനടി തീരുമാനം ഉണ്ടാകാത്ത പക്ഷം ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കാനാണ് അഭിഭാഷകരുടെ തീരുമാനം.