Connect with us

Sports

സന്തോഷ് ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറിലേക്ക്

Published

|

Last Updated

മലപ്പുറം: ആക്രമണ ഫുട്‌ബോളില്‍ നിറഞ്ഞാടിയ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. കര്‍ണാടകത്തെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്ത് വിട്ടത്. കളം നിറഞ്ഞ് കളിച്ച ഉസ്മാന്‍ ആഷിക്ക് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജിംഷാദും ജോബി ജെസ്റ്റിനും ഓരോ ഗോള്‍ വീതം നേടി. കിക്കോഫ് മുതല്‍ ആക്രമിച്ച് കളിച്ച കേരളം കര്‍ണാടകയുടെ ഗോള്‍ പോസ്റ്റില്‍ തുടരെ അപായസൂചന നല്‍കി. നാലാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ വി വി സുര്‍ജിത്ത് മധ്യ ഭാഗത്തു നിന്നും തൊടുത്തു വിട്ട ലോംഗ് റേഞ്ച് ഷോട്ട് ബാറിന് മീതെ മൂളി പറന്നു.
കളിയുടെ ഏഴാം മിനിറ്റിലാണ് കാണികളെ ആവേശത്തിലാഴ്ത്തിയ അദ്യ ഗോള്‍ പിറന്നത്. വലതു വിംഗിലൂടെ മുന്നേറി സുഹൈര്‍ ഇടത് വിംഗിലേക്ക് ഇയര്‍ത്തി നല്‍കിയ പന്തിന് ജോബി ജെസ്റ്റിന്‍ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത് തക്കം പാര്‍ത്ത് നിന്ന ഉസ്മാന്‍ ആഷിക്ക് പന്ത് ഇടതു കാലില്‍ ആവാഹിച്ച് വലതു കാലിനാല്‍ ഷോട്ടുതിര്‍ത്തു. സ്‌കോര്‍:1-0. പതിനാലാം മിനിറ്റില്‍ കിട്ടിയ നല്ല ഒരു അവസരം കേരളം കളഞ്ഞ് കുളിച്ചു.
ഇരുപത്തി ആറാം മിനിറ്റില്‍ ഉസ്മാന്‍ ആഷിക്ക് ഇടതു വിംഗില്‍ നിന്നും തൊടുത്ത ഷോട്ട് വീണ്ടും ബാറിന് മീതെ പറന്നു. ഇരുപത്തിയെട്ടാം മിനിറ്റില്‍ കേരളത്തിന്റെ പത്താം നമ്പര്‍ താരം ജോബി ജെസ്റ്റിനെ പെനാല്‍റ്റി കോര്‍ട്ടിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാറ്റിയിലൂടെയാണ് കേരളത്തിന്റെ രണ്ടാം ഗോള്‍. പെനാല്‍റ്റിയെടുത്ത ഉസ്മാന്‍ ആഷിക്ക് പിഴച്ചില്ല. സ്‌കോര്‍:2-0. കേരളത്തിന്റെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ പലപ്പോഴും കര്‍ണാടകയുടെ പ്രതിരോധ നിര പാടുപെട്ടു. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് കേരളാ താരങ്ങള്‍ കര്‍ണാടകയുടെ പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്തി. മുപ്പത്തിയെട്ടാം മിനിറ്റിലാണ് കര്‍ണാടകയുടെ ഭാഗത്ത് നിന്ന് നല്ലൊരു മുന്നേറ്റമുണ്ടായത്. എന്നാല്‍ പോസ്റ്റിലേക്ക് ഊര്‍ന്നിറങ്ങിയ പന്ത് കേരള ഗോളി പുറത്തേക്കകറ്റി വിട്ടു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ സുഹൈറിന് ലഭിച്ച അവസരം ഗോളാകാതെ പോയി. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ സുഹൈര്‍ അടിച്ച പന്ത് കര്‍ണാടകയുടെ ബാറില്‍ തട്ടി തെറിച്ചു.
അറുപത്തി രണ്ടാം മിനിറ്റില്‍ പന്തുമായി മുന്നേറുന്നതിനിടെ ഉസ്മാന്‍ ആഷിക്കിനെ വീഴ്ത്തിയതിന് കര്‍ണാടകയുടെ ക്യാപ്റ്റന്‍ ഷേവ്യര്‍ വിജയകുമാര്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്ത് പേരുമായി കളിച്ച കര്‍ണാടകം കേരളത്തെ പിടിച്ച് കെട്ടാന്‍ നന്നായി വിയര്‍ത്തു. അറുപത്തി ഒന്‍പതാം മിനിറ്റില്‍ കുറിയ പാസുകളിലൂടെ മുന്നേറിയ കേരളം വീണ്ടും എതിര്‍ വല കുലുക്കി. വി പി സുഹൈര്‍ നലകിയ പന്ത് ജോബി ജെസ്റ്റിന്‍ വലയിലാക്കുകയായിരുന്നു. സ്‌കോര്‍: 3-0.
തുടര്‍ന്നുള്ള മിനിറ്റുകളില്‍ കേരളം കര്‍ണാടകയുടെ പോസ്റ്റിലേക്ക് ഇരച്ചു കയറി കൊണ്ടിരുന്നു. അതിനിടെ എഴുപത്തി മൂന്നാം മിനിറ്റില്‍ ഒറ്റക്ക് പന്തുമായി മുന്നേറിയ ജിംഷാദ് കര്‍ണാടക ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കി ഗോള്‍ പട്ടിക തികച്ചു. മത്സരത്തില്‍ ഏറെ ദൂരം മുന്നിലെത്തിയതോടെ കേരളാ കോച്ച് ഒട്ടുമിക്ക താരങ്ങള്‍ക്കും കളിക്കാനുള്ള അവസരം നല്‍കി. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ സര്‍വീസസ് തമിഴ്‌നാടുമായി ഏറ്റുമുട്ടും.

Latest