Connect with us

National

സുനന്ദയുടെ മരണം: തരൂരിനെ ചോദ്യം ചെയ്തു

Published

|

Last Updated

ന്യുഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. അഭിഭാഷകര്‍ക്കൊപ്പമാണ് ദക്ഷിണ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ തരൂര്‍ ഹാജരായത്. എഫ് ഐ ആറില്‍ ആരുടെ പേരും ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ സാക്ഷി എന്ന നിലയിലാണ് തരൂരിനെ ചോദ്യം ചെയ്തത്. നാല് ഉദ്യോഗസ്ഥരടങ്ങിയ സംഘം അമ്പതിലേറെ ചോദ്യങ്ങള്‍ തരൂരിനോട് ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി ആര്‍ പി സി സെക്ഷന്‍ 160 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്‌തേക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തയെങ്കിലും ഇന്നലെ രാത്രി തന്നെ തരൂരിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ശശി തരൂര്‍ ഡല്‍ഹിയിലെത്തിയത്.
പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷിക്കുന്ന കേസില്‍ ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്ന് ഡല്‍ഹി കമ്മീഷണര്‍ ബി എസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സുനന്ദയെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശശി തരൂര്‍ ഒന്നും ചെയ്തില്ലെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം ജനുവരി പതിനേഴിനാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടത്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് കൊലപാതകത്തിന് പോലീസ് കേസെടുത്തത്.