Connect with us

Kerala

ആരുടെയും മുന്നില്‍ തല കുനിക്കില്ല, ലഭിച്ച സ്ഥാനങ്ങള്‍ ഔദാര്യവുമല്ല: പന്ന്യന്‍

Published

|

Last Updated

കണ്ണൂര്‍: സി പി എമ്മിന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ കൊട്ട്. സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ പരോക്ഷമായി സി പി എമ്മിനെതിരെ വിമര്‍ശം നടത്തിയത്.
സി പി ഐക്ക് ആളില്ലെന്നാണ് ചിലര്‍ പരിഹസിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 1300 പുതിയ ബ്രാഞ്ച് കമ്മിറ്റികളും 250 ലേറെ പുതിയ ലോക്കല്‍ കമ്മിറ്റികളും പാര്‍ട്ടിക്ക് വര്‍ധിച്ചിട്ടുണ്ട്.
ഇത് പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചുവെന്നാണ് വ്യക്തമാകുന്നത്. അത് കൊണ്ട് തന്നെ ആരുടെയും മുന്നില്‍ തല കുനിക്കേണ്ടതില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇതേ കുറിച്ച് വാക്കു തര്‍ക്കത്തിന് സി പി ഐ ഇല്ല. തങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചു തരാം. ആരുടെയും ഔദാര്യം കൊണ്ടല്ല സി പി ഐക്ക് ഔദ്യൗഗിക സ്ഥാനങ്ങള്‍ ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കൊണ്ട് ലഭിച്ചതാണ് അതൊക്കെ. സീറ്റുകള്‍ ലഭിച്ചതും അത് കൊണ്ടുതന്നെ. ഇതെ കുറിച്ച് വലിയ തര്‍ക്കമൊന്നും വേണ്ട. ഇടത് മുന്നണിയില്‍ ഘടക കക്ഷികള്‍ക്ക് തുല്യ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പരസ്പര വിശ്വാസത്തോടെ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള മാനസിക പൊരുത്തം പ്രധാനമാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.
അതിന് ജനകീയ പോരാട്ടം ശക്തി പ്പെടുത്തണം. ഭരണമുണ്ടെങ്കിലേ പാര്‍ട്ടി ഉണ്ടാകൂയെന്ന ധാരണ സി പി ഐക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയെ കൂട്ടി ഏച്ചുകെട്ടിക്കൊണ്ടുള്ള ഭരണം വേണ്ട. പോരാട്ടഭൂമിയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. ജനങ്ങളെ വിശ്വാസത്തിലെടുക്കണം. ആരുടെ മുന്നിലും തലയുയര്‍ത്തി അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ സി പി ഐക്ക് കഴിയുമെന്നും പന്ന്യന്‍ പറഞ്ഞു.

Latest