Connect with us

Articles

അസം പുകയുന്നത് ആര്‍ക്കു വേണ്ടി?

Published

|

Last Updated

തൊണ്ണൂറുകളില്‍ ഈ ലേഖകന്‍ അസമില്‍ ഉണ്ടായിരുന്ന കാലത്ത്, സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. സൈക്കിയയായിരുന്നു മുഖ്യമന്ത്രി. തേയിലത്തോട്ടവും പുഴകളും നദികളും കൊണ്ട് പ്രകൃതിസുന്ദരമായ അസമിനെ അന്ന് അടക്കിവാണിരുന്നത് “ഉള്‍ഫ” തീവ്രവാദികളായിരുന്നു. അവര്‍ പറയുന്നതായിരുന്നു അലിഖിത നിയമം. ചോദ്യം ചെയ്യുന്നവരെ അവര്‍ തോക്കിന്‍ മുമ്പില്‍ നിശ്ശബ്ദരാക്കി. ആയുധമെടുത്തവരെ ആയുധം കൊണ്ടുതന്നെ നേരിട്ടു. ഒരു കാലത്ത്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുപോലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി അത്രകണ്ട് പരിഗണിച്ചിരുന്നില്ല. ഏതെങ്കിലും ഒരു കാലത്ത് ഇന്ത്യ വിട്ടുപോകേണ്ടവരാണ് ഈ സംസ്ഥാനങ്ങളെന്ന് നെഹ്‌റുവിനെ പോലെ വിശ്വസിച്ച രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയിലുണ്ടായിരുന്നു. കേന്ദ്രത്തിന്റെ ഖജനാവിനെ തേയില കൊണ്ടും പെട്രോള്‍ കൊണ്ടും മറ്റ് പ്രകൃതിവിഭവങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ അസമിന്റെ “അവികസനത്തെ” നന്നായി മുതലെടുക്കാന്‍ തീവ്രവാദി സംഘടനകള്‍ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ തീവ്രവാദവും വിഘടനവാദവും തഴച്ചുവളരാന്‍ പറ്റിയ മണ്ണായി അസം മാറി. അത്തരമൊരു സാഹചര്യത്തിലാണ് ഉള്‍ഫ മുതല്‍ ബോഡോ കലാപകാരികള്‍ വരെ വളര്‍ന്നുവന്നത്. ഇതിനിടയില്‍ പെട്ട് പൊറുതികേടായത് അന്നാട്ടിലെ ജനങ്ങളായിരുന്നു; പ്രത്യേകിച്ച് അന്യവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളും ആദിവാസി ഗോത്രങ്ങളും.
ഈയൊരു കലുഷിതമായ അന്തരീക്ഷത്തിലാണ് സൈക്കിയ ബുദ്ധികൊണ്ട് പ്രവര്‍ത്തിച്ച് ഉള്‍ഫയെ വരുതിയിലാക്കിയത്. അതിനദ്ദേഹം ധാരാളം വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. തീവ്രവാദത്തില്‍ ഉറച്ചുനിന്ന അസം യുവത്വത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം കണ്ടെത്തിയ വഴി തീര്‍ത്തും വിചിത്രമായ ഒന്നായിരുന്നു. തോക്കെടുത്തവന്റെ കൈയില്‍ അദ്ദേഹം പണവും തൊഴിലും തോക്കും വെച്ചുകൊടുത്തു. ഈ വാഗ്ദാനങ്ങളില്‍ കണ്ണ് മഞ്ഞളിച്ച ആയിരക്കണക്കിന് ഉള്‍ഫ തീവ്രവാദികള്‍ ആയുധമുപേക്ഷിച്ച് സമൂഹമധ്യത്തിലേക്ക് വന്നു. പലര്‍ക്കും പണവും തൊഴിലും കിട്ടി. ഇങ്ങനെ ഉള്‍ഫ വിട്ടുവന്നവരെ ആയുധം കൊണ്ട് നേരിടാന്‍ അപ്പോഴും തീവ്രവാദം ഉപേക്ഷിക്കാത്ത വിഭാഗം മുന്നോട്ടുവന്നപ്പോള്‍, കീഴടങ്ങിയവര്‍ക്ക് സൗജന്യമായി തോക്ക് നല്‍കിക്കൊണ്ടാണ് സൈക്കിയ തിരിച്ചടിച്ചത്. അതോടെ പട്ടാളക്കാരന്റെയും പോലീസുകാരന്റെയും പണി പാതിയായി കുറഞ്ഞു. ഉള്‍ഫ വിട്ടവരും വിടാത്തവരും തമ്മിലായി ഒളിയുദ്ധങ്ങള്‍. രണ്ട് വര്‍ഷം കൊണ്ട് പരസ്പരം വെടിവെച്ചും രക്തം ചിന്തിയും ഉള്‍ഫയെ നിര്‍വീര്യമാക്കാന്‍ സൈക്കിയക്ക് കഴിഞ്ഞു. അതോടെ വര്‍ഷങ്ങളായി അസമിന്റെ മണ്ണില്‍ തേരോട്ടം നടത്തിയ ക്ഷുഭിതരായ യൗവനം പത്തിമടക്കി. ഇന്ന് അസമില്‍ ഉള്‍ഫകളുടെ സാന്നിധ്യം അത്ര കണ്ടില്ല. അതിന്റെ തലപ്പത്തുള്ളവര്‍ പലരും അയല്‍രാജ്യങ്ങളിലേക്കോ ഉള്‍ക്കാടുകളിലേക്കോ പിന്‍വാങ്ങിയിരിക്കുന്നു.
പക്ഷേ, തീവ്രവാദത്തിന് എന്തുകൊണ്ടും പാകമായ മണ്ണാണ് അസമിന്റെത്. നിബിഢമായ വനവും എളുപ്പത്തില്‍ ആയുധങ്ങള്‍ എത്തിച്ചേരാനുള്ള മാര്‍ഗവും അവര്‍ക്കുണ്ട്. അസമിന്റെ അയല്‍പക്ക രാജ്യങ്ങള്‍ അത്തരമൊരു സാധ്യതയിലേക്കാണ് വാതില്‍ തുറക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടിയും അല്ലാതെയും ഈ സംസ്ഥാനത്തിലേക്ക് എത്തിപ്പെടുന്ന പലരും അസാന്മാര്‍ഗികമായ വഴിയിലാണ് ഒടുക്കം ചെന്നെത്തുന്നത്. യഥേഷ്ടം ആയുധവും പണവും അങ്ങനെ ഒഴുകുന്നുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുന്നുമില്ല. ഉള്‍ഫയുടെ ഭീഷണി നിലച്ച ഒരു ഭൂമിയിലേക്കാണ് അസമിനെ ഇന്ന് പ്രതിരോധത്തിലാക്കുന്ന ബോഡോ തീവ്രവാദികളുടെ കടന്നുവരവ്. വര്‍ഷങ്ങളായി ഇവര്‍ സംസ്ഥാനത്ത് സജീവമായിരുന്നുവെങ്കിലും ഉള്‍ഫയുടെ സാന്നിധ്യം ബോഡോകളെ അത്രകണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നില്ല. മനുഷ്യരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്ന ബോഡോകളുടെ പ്രത്യയശാസ്ത്രത്തിന് എന്നും എതിരായിരുന്നു ഉള്‍ഫകള്‍. മാത്രവുമല്ല, അസമിന്റെ പ്രത്യേക പദവിക്കുവേണ്ടിയോ/പ്രത്യേക രാജ്യമെന്ന സ്വപ്‌നത്തിനു വേണ്ടിയോ പോരാടിയിരുന്ന ഉള്‍ഫകള്‍ക്ക്, ആ സംസ്ഥാനത്ത് മറ്റൊരു ബോഡോലാന്റ് എന്ന ബോഡോകളുടെ ആവശ്യത്തെ പ്രോത്സാഹിപ്പിക്കാനും കഴിയുമായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഉള്‍ഫകളുടെ “മടങ്ങിപ്പോക്ക്” ഉണര്‍ത്തിവിട്ടത് ബോഡോകളെയാണ്.
കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി ബോഡോകള്‍ നിരന്തരം അസമില്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ബോഡോകള്‍ക്കു മാത്രമായി ഒരു രാജ്യമെന്ന അവകാശമാണ് ഇവര്‍ ഉന്നയിക്കുന്നത്. അസമിലെ സോണിക്പൂര്‍, കൊകേജാര്‍, ചിരാങ്ങ്, കാമരൂപ് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ബോഡോകളുടെ പ്രവര്‍ത്തനം. ഇവ ബോഡോകളുടെ ഭൂരിപക്ഷ പ്രദേശമാണ്. ധാരാളം ഉള്‍ക്കാടുകളുള്ളതും ആദിവാസികള്‍ തിങ്ങിത്താമസിക്കുന്നതുമായ ജില്ലകളാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ വേണ്ടി അന്യരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്നവരാണ് പില്‍കാലത്ത് ആദിവാസികളായി മാറിയത്. പരമ്പരാഗതമായി കാടിന്റെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നവരുമുണ്ട്. ആദിവാസികളെ കൂടാതെ ന്യൂനപക്ഷ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കൂടിയാണിത്. ഇവിടങ്ങളില്‍ നിന്ന് ആദിവാസികളെയും മുസ്‌ലിംകളെയും തുരത്തി ഓടിക്കുക എന്ന നയസമീപനമാണ് ഇവര്‍ അനുവര്‍ത്തിച്ചുവരുന്നത്. ആയുധങ്ങളേന്തിവരുന്ന ക്രൂരന്മാരായ ബോഡോകളെ നേരിടാന്‍ ഈ പാവങ്ങളുടെ കൈയില്‍ പരിവേദനത്തിന്റെ വാക്കുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മരിച്ചുവീഴുന്നവര്‍ ഈ വിഭാഗം മാത്രം. പോലീസിന്റെ സഹായമോ മറ്റോ ലഭിക്കുന്നത് പലപ്പോഴും ദിവസങ്ങള്‍ തന്നെ കഴിഞ്ഞാണ്. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരിക്കും.
“നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ” (എന്‍ ഡി എഫ് ബി) സൊബിജിത്ത് തലവനായ സംഘടനയാണ് ഈയടുത്ത് ക്രൂരമായ ആദിവാസി വേട്ട നടത്തിയിരിക്കുന്നത്. ബോഡോ സംഘടനകള്‍ പലതായി പിളര്‍ന്നെങ്കിലും അവരില്‍ രക്തദാഹികളാണ് സൊബിജിത്ത് ഗ്രൂപ്പ്. ഇവര്‍ തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് അസമില്‍ മുസ്‌ലിം വേട്ട നടത്തി നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയത്. ഒരു ഗ്രാമത്തെ മുഴുവന്‍ ചുട്ട് ചാമ്പലാക്കിക്കൊണ്ടാണ് ഈ തീവ്രവാദി വിഭാഗം അഴിഞ്ഞാട്ടം നടത്തിയത്. അവിടെയും നിയമത്തിന്റെ മുന്നില്‍ ഇരകളാക്കപ്പെട്ടത് ന്യൂനപക്ഷ മുസ്‌ലിംകളായിരുന്നു. ഇത്തവണ അവര്‍ കൊന്നുതള്ളിയത് ചിരാങ്ങ് ജില്ലയിലെ സാന്താള്‍ ഗോത്ര സമൂഹത്തെയാണ്. എണ്‍പതോളം പേരെയാണ് ഈ ഹീനര്‍ കൊന്നുതള്ളിയത്. ഇതില്‍ 40 ലേറെ സ്ത്രീകള്‍ വരും. പിഞ്ചുകുഞ്ഞുങ്ങളെ പോലും അവര്‍ വെറുതെവിട്ടില്ല. അസമിലെ ബോഡോ തീവ്രവാദികളെ നിരീക്ഷിക്കാനും ദേശത്തെ സംരക്ഷിക്കാനും വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിനിയോഗിച്ച പട്ടാളത്തിനോ ഇന്റലിജന്‍സ് വിഭാഗത്തിനോ ബോഡോകളെ തടയാനോ, അവരുടെ നീക്കങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല എന്നത് നമ്മുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വലിയ പോരായ്മയായി വേണം നിരീക്ഷിക്കാന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് “അഭിമാന”പൂര്‍വം പ്രതിഷ്ഠിച്ച അജിത്ത് ഡോവലെന്ന ഇന്റലിജന്‍സ് തലവന്‍ ഇക്കാര്യത്തില്‍ മൗനം പൂണ്ടതിന്റെ രഹസ്യം ഇനിയും മറനീക്കി പുറത്തുവരാനിരിക്കുകയാണ്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രശ്‌നപ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയെങ്കിലും അക്രമത്തിന് നേതൃത്വം കൊടുത്ത സൊബിജിത്തിനെ തൊടാന്‍പോലും കഴിയാതെ കസേരകളിലേക്ക് മടങ്ങിയതും നാം കണ്ടു. “ഓപ്പറേഷന്‍ ഓള്‍ ഔട്ട്” എന്ന ഓമനപ്പേരില്‍ ബോഡോ തീവ്രവാദികള്‍ക്കു നേരെ നടക്കുന്ന വേട്ട അത്രകണ്ട് വിജയം കാണുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഒരു കണക്കു പ്രകാരം സൊബിജിത്ത് ഗ്രൂപ്പിലെ ബോഡോ തീവ്രവാദികളുടെ അംഗസംഖ്യ വെറും മുന്നൂറില്‍ താഴെവരെ മാത്രമേ വരൂ. പക്ഷേ, ഈ ചെറുസംഘം ഉള്‍ക്കാടിന്റെ മനഃശാസ്ത്രം നന്നായി അറിയുന്നവരും ഒളിയുദ്ധത്തില്‍ പരിശീലനം നേടിയവരുമാണ്. കൃത്യം ചെയ്ത് മണിക്കൂറുകള്‍ക്കകം ഭൂട്ടാനിലേക്ക് രക്ഷപ്പെടാന്‍ തീവ്രവാദികള്‍ക്ക് കഴിയുന്നു. ഭൂട്ടാന്‍ രാജ്യവുമായി ഇന്ത്യക്ക് നല്ല നയതന്ത്രബന്ധമുണ്ടെങ്കിലും അതിര്‍ത്തിയിലൂടെ നടക്കുന്ന നുഴഞ്ഞുകയറ്റത്തെ ചെറുക്കാനോ മറ്റോ കേന്ദ്രഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സത്യം നന്നായി അറിയുന്നവരാണ് തീവ്രവാദികള്‍. ആയുധങ്ങള്‍ക്കൊപ്പം മയക്കുമരുന്നും കള്ളനോട്ടും അസമിലേക്ക് ഒഴുകുന്നത് ഭൂട്ടാന്‍ അതിര്‍ത്തികളിലൂടെയാണ്. അസമിലേക്ക് മാത്രമല്ല, നാഗാലാന്റ് തീവ്രവാദികള്‍ക്കും ആളും അര്‍ഥവും എത്തുന്നത് ഭൂട്ടാനും നേപ്പാളും വഴി തന്നെയാണ്. കൊല മാത്രമല്ല, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, താമസസ്ഥലങ്ങളെ ചുട്ടെരിക്കല്‍, തീവണ്ടി അട്ടിമറിക്കല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള അക്രമരീതികള്‍ ഇവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2012-ല്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് എന്‍ ഡി എഫ് ബി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒട്ടേറെ പേരാണ്. 2012-ലാണ് ഈ സംഘടന രൂപവത്കൃതമായതെന്ന് നാം ഓര്‍ക്കണം. ആ വര്‍ഷം തന്നെയാണ് അവര്‍ ആദ്യ ആക്രമണം മുസ്‌ലിംകള്‍ക്കുനേരെ നടത്തുന്നത്.
ഗോത്രവിഭാഗങ്ങളും മുസ്‌ലിംകളും അന്യരാജ്യങ്ങളില്‍ നിന്ന് അസമിലേക്ക് കുടിയേറിപ്പാര്‍ത്തവരാണെന്നാണ് ബോഡോകള്‍ പറയുന്നത്. അതുകൊണ്ട് ചരിത്രപരമായി ഇവര്‍ അസംകാരല്ലെന്നും സംസ്ഥാനം വിട്ടുപോകേണ്ടവരാണെന്നും ഇവര്‍ വാദിക്കുന്നു. ഒരു വാദത്തിന് ഈ വസ്തുത അംഗീകരിച്ചാല്‍ തന്നെ, ബോഡോ വിഭാഗങ്ങളില്‍ ഭൂരിപക്ഷവും മധ്യേഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും മ്യാന്മാറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത പൂര്‍വികരുടെ അനന്തരാവകാശികളാണെന്നുവേണം പറയാന്‍. അവരുടെ ശരീരഭാഷ, സംസ്‌കാരം, ജീവിതരീതി എന്നിവയെല്ലാം അതില്‍ പ്രകടമാണ്. അസമിലെ സാന്താള്‍ വിഭാഗ ഗോത്രം മധ്യേഷ്യക്കാരായുണ്ട്. ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് കുടിയേറിപ്പാര്‍ത്ത മുസ്‌ലിം വിഭാഗം വര്‍ഷങ്ങളായി ആ പ്രദേശത്തിന്റെ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നവരാണ്. മിക്കവര്‍ക്കും സ്വന്തം റേഷന്‍കാര്‍ഡും വോട്ടവകാശവുമുണ്ട്. പിന്നെ എങ്ങനെയാണ് ഈ വിഭാഗം ഇന്ത്യക്കാരല്ലാതായിമാറുന്നത്?
ഇന്ത്യന്‍ ദേശീയതയുടെ സംസ്‌കൃതിയിലേക്ക് ഒരു തിരിച്ചുവരവിന്റെ പാതയിലാണ് അസമിലെ തീവ്രവാദ ഗ്രൂപ്പുകള്‍. ഒരളവോളം ഉള്‍ഫ മുഖ്യധാരയിലേക്ക് വന്നുചേര്‍ന്നുകഴിഞ്ഞു. ശേഷിക്കുന്നവര്‍ സര്‍ക്കാറുമായി അനുരജ്ഞന ചര്‍ച്ചയിലുമാണ്. ബോഡോകളില്‍ തന്നെ സര്‍ക്കാറുമായി ഒത്തുതീര്‍പ്പിനുള്ള വഴിയിലാണ് ഭൂരിപക്ഷവും. സൊബിജിത്ത് ഗ്രൂപ്പ് മാത്രമാണ് അതിനൊരു അപവാദം. ഇവരെ തിരിച്ചുകൊണ്ടുവരാനാണ് കേന്ദ്രം മുഖ്യമായും ഊന്നല്‍ നല്‍കേണ്ടത്. അതിന് ഭൂട്ടാനിലെ കാടുകളില്‍ ബോഡോകളുടെ പരിശീലന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കേണ്ടതുണ്ട്. ആയുധങ്ങള്‍ കടന്നുവരുന്ന വഴികള്‍ ഇല്ലാതാക്കണം. ആക്രമണ ഭയം നിമിത്തം ബംഗാളിലേക്ക് പലായനം ചെയ്ത ന്യൂനപക്ഷങ്ങളെ തിരിച്ചുകൊണ്ടുവരികയും അവരെ പുനരധിവസിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം വംശീയസംഘര്‍ഷങ്ങളുടെ ഒരു ഭൂമികയായി അസം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

---- facebook comment plugin here -----

Latest