Connect with us

Editorial

സുരക്ഷിതമല്ല കുപ്പിവെള്ളങ്ങള്‍

Published

|

Last Updated

കുപ്പിവെള്ള കമ്പനികള്‍ക്ക് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരക്കുകയാണ്. ഉത്പന്നത്തിനു തെറ്റിദ്ധരിപ്പിക്കുന്ന പേരുകളും പരസ്യവാചകങ്ങളും ഉപയോഗിക്കരുതെന്നും ബ്രാന്‍ഡ് നെയിം ഏതെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതേ സ്ഥലത്തെ വെള്ളം തന്നെ ലഭ്യമാക്കണമെന്നുമാണ് നിര്‍ദേശം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള യൂനിറ്റുകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ തയ്യാറാക്കി ആരോഗ്യവകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സമര്‍പ്പിക്കുകയും വേണം. വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ അവര്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.
സുരക്ഷിതമെന്ന ധാരണയില്‍ ജനങ്ങള്‍ ഇന്ന് കുപ്പിവെള്ളം വ്യാപകമായി വാങ്ങി ഉപയോഗിക്കുന്നുണ്ട്. നദികളിലും കായലുകളിലും കിണറുകളില്‍ പോലും മാലിന്യം നിറയുകയും ശുദ്ധമായ കുടിവെള്ളം അപൂര്‍വ വസ്തുവായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് മലയാളികള്‍ വിശ്വസിച്ചു കുടിക്കാവുന്ന ഒരു പാനീയം എന്ന ധാരണയില്‍ കുപ്പിവെള്ളത്തിലേക്ക് മാറിയത്. എന്നാല്‍ ഇപ്പോള്‍ കുപ്പിവെള്ളവും തീരെ സുരക്ഷിതമല്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞര്‍ ഈയിടെ നടത്തിയ പഠനത്തില്‍ മിനറല്‍ വാട്ടറുകളില്‍ ബ്രാമേറ്റ്, ക്ലോറേറ്റ് തുടങ്ങി മാരകമായ കെമിക്കലുകള്‍ അളവില്‍ കൂടുതല്‍ ചേര്‍ക്കുന്നതായി കണ്ടെത്തുകയുണ്ടായി. ഒരു കുപ്പി വെള്ളത്തില്‍ പരമാവധി 4 ശതമാനം ബ്രോമേറ്റ് മതിയെന്നിരിക്കെ 27ശതമാനം വരെ അടങ്ങിയതായി കാണുകയുണ്ടായി. കൂടുതല്‍ അളവില്‍ ബ്രാമേറ്റ് അടങ്ങിയ വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍, മുടികൊഴിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
2013-ല്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളങ്ങളില്‍ ഇ കോളി ബാക്ടീരിയകളും ഖരലോഹങ്ങളും അടങ്ങിയതായി കണ്ടെത്തിയിരുന്നു. കോന്നിയിലെ ലാബില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 35 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ പതിനാറിലും ഇ കോളി ബാക്ടീരിയകളുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ശുദ്ധജലമെന്ന പേരില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യം ഒട്ടും ഉണ്ടായിരിക്കരുതെന്നാണ് 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് റൂള്‍സില്‍ പറയുന്നത്.സംസ്ഥാനത്ത് വില്‍ക്കുന്ന മില്‍മയുള്‍പ്പെടെ 18 ബ്രാന്റുകളുടെ കുടിവെള്ളം ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു.
പൈപ്പ് വെള്ളം കുടിച്ച് അസുഖം വരുത്തി വെക്കേണ്ടെന്ന ചിന്താഗതിയിലാണ് ആളുകള്‍ പൊതുവെ കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നത്. കുപ്പി വെള്ളം സുരക്ഷിതമാണെന്നാണ് ധാരണ. എന്നാല്‍ ചിലപ്പോള്‍ ഇവ പൈപ്പ് വെള്ളത്തേക്കാള്‍ മലിനമാണ്. കഴിഞ്ഞ ഡിസംബറില്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപത്തെ ഒരു കൂള്‍ബാറില്‍ വില്‍പനക്ക് വെച്ചിരുന്ന മിനറല്‍ വാട്ടറില്‍ മാലിന്യം കണ്ടതിനെ തുടര്‍ന്ന് ഷാഡോ പോലീസ് പിടികൂടിയിരുന്നു. ബഹുരാഷ്ട്ര കമ്പനികളുടേതുള്‍പ്പെടെയുള്ള മിനറല്‍ വാട്ടറുകളില്‍ നിന്ന് പലപ്പോഴായി ചത്ത വണ്ട്, കൊതുക്, എലിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയതാണ്. മതിയായ പരിശോധനയോ, ശുദ്ധീകരണമോ നടത്താതെയാണ് കമ്പനികള്‍ കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിന്റെ കാര്യത്തില്‍ നടക്കുന്ന പരിശോധനകള്‍ പോലും അവിടെ നടക്കാറില്ല. റെയില്‍വേ ട്രാക്കുകളിലും മറ്റും വലിച്ചെറിയുന്ന കാലിക്കുപ്പികള്‍ പെറുക്കിയെടുത്ത് എവിടെ നിന്നെങ്കിലും ജലം നിറച്ച് സീല്‍ ചെയ്ത് വില്‍ക്കുന്ന മാഫിയകളുമുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇതുപോലുള്ള ഉത്പന്നങ്ങളുടെ ഗുണനിലവാരം നിരന്തരമായി നിരീക്ഷിച്ച് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് അതും അപര്യാപ്തമാണ്.
മിനറല്‍ വാട്ടര്‍ അടങ്ങുന്ന നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പികളും മാലിന്യ, ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുപ്പിയില്‍ വെള്ളം നിറച്ച് സീല്‍ ചെയ്തുകഴിഞ്ഞാല്‍ മാസങ്ങളോളം ഇത് കമ്പനിയുടെ സ്‌റ്റോറില്‍ കെട്ടിക്കിടന്നെന്നു വരും. ഇത്തരം വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. പ്ലാസ്റ്റിക് മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെയും. കേരളത്തില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളങ്ങള്‍ ശുദ്ധമല്ലെന്ന പരാതി വ്യാപകമാകുകയും പഠനങ്ങള്‍ അത് സാധൂകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെങ്കിലും കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.