Connect with us

Gulf

വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ ഉറങ്ങിയത് എട്ട് പേരുടെ മരണത്തിനിടയാക്കി

Published

|

Last Updated

അബുദാബി: വാഹനമോടിക്കുന്നതിനിടെ ഉറക്കവും ക്ഷീണവും കാരണം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 20 അപകടങ്ങള്‍ക്ക് കാരണമായതായി ആഭ്യന്തര മന്ത്രാലയം. ഇത്രയും അപകടങ്ങളില്‍ എട്ട് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണമടഞ്ഞു. 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഡ്രൈവര്‍മാരുടെ ക്ഷീണവും വാഹനമോടിക്കുന്നതിനിടെ ഉറക്കത്തിലേക്ക് വീണതും കാരണമായുണ്ടായ അപകടങ്ങളില്‍ 12 എണ്ണം നഗരത്തിനു പുറത്തെ നിരത്തുകളിലാണ് സംഭവിച്ചത്. എട്ട് അപകടങ്ങള്‍ ആഭ്യന്തര റോഡുകളിലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇത്രയും അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ ഓര്‍ഡിനേറ്റര്‍ മേജര്‍ ഗൈത് അല്‍ സആബി വ്യക്തമാക്കി.
റോഡു സുരക്ഷയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, ഡ്രൈവര്‍മാരെയും കാല്‍ നടയാത്രക്കാരെയും റോഡുകള്‍ ഉപയോഗിക്കുന്ന എല്ലാവിഭാഗക്കാരെയും നിരന്തരം ബോധവത്കരിച്ചുകൊണ്ടിരിക്കുന്നതായി അല്‍ സആബി അറിയിച്ചു. ട്രാഫിക് വിഭാഗത്തിന്റെ പ്രധാന സ്ട്രാറ്റജിയാണ് റോഡു സുരക്ഷയെന്നും അല്‍ സആബി പറഞ്ഞു.
വാഹനമോടിക്കാന്‍ തുടങ്ങുന്നതിനു ഡ്രൈവര്‍മാര്‍ മുമ്പ് ആവശ്യമായ വിശ്രമം എടുത്തിരിക്കണം. ദീര്‍ഘ സമയം തുടര്‍ച്ചയായി വാഹനമോടിക്കേണ്ടിവരുമ്പോള്‍ ഇടക്ക് അല്‍പം വിശ്രമത്തിനു സമയം കണ്ടെത്തണം.
ഒരുപാടു ജീവനുകള്‍ രക്ഷിക്കാന്‍ ഇതിലൂടെ കഴിയും, അല്‍ സആബി പറഞ്ഞു. അതോടൊപ്പം കാല്‍നടയാത്രക്കാരും സൈക്കിള്‍ ഓടിക്കുന്നവരും നിരത്തിലിറങ്ങുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും അല്‍ സആബി അഭ്യര്‍ഥിച്ചു.