Connect with us

Gulf

എയര്‍ ഇന്ത്യ എക്‌സപ്രസ് ഓണ്‍ലൈന്‍ വിസ സേവനം ഉടന്‍

Published

|

Last Updated

ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓണ്‍ലൈന്‍ വിസ സേവനം ഉടന്‍ ഏര്‍പെടുത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ ശ്യാം സുന്ദര്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ അറേബ്യക്കും മറ്റും ഇത്തരം സൗകര്യങ്ങളുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസും യു എ ഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വിസ സൗകര്യം ചെയ്തു കൊടുക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ വിസക്കുള്ള ലിങ്ക് നല്‍കിയാണ് ഇത് സാധ്യമാക്കുക.
അബുദാബിയില്‍ നിന്നും മസ്‌കത്തില്‍ നിന്നും മംഗലാപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. നിലവില്‍ മംഗലാപുരം-അബുദാബി-മസ്‌കത്ത്-മംഗലാപുരം എന്ന രീതിയിലാണ് സര്‍വീസ് നടത്തുന്നത്. ഇനി മുതല്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കും ഗള്‍ഫില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അബുദാബിയില്‍ നിന്ന് മംഗലാപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് വിമാന സര്‍വീസുള്ളത്. പുലര്‍ച്ചെ 2.20 നാണ് വിമാനം പുറപ്പെടുന്നത്.
മംഗലാപുരത്ത് രാവിലെ 7.35ന് എത്തുന്നു. യു എ ഇയില്‍ നിന്ന് ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 100 വിമാനങ്ങളാണ് പറത്തുന്നത്. 2015 വേനലവധി കാലത്ത് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. 2014 ഡിസംബര്‍ വരെയുള്ള ധനകാര്യ വര്‍ഷത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 20 ലക്ഷം യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 17 എയര്‍ ക്രാഫ്റ്റുകളാണ് ഇപ്പോഴുള്ളത്. 2016 ഓടെ പുതുതായി എട്ട് എയര്‍ക്രാഫ്റ്റുകള്‍ ഏര്‍പെടുത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ സംബന്ധിച്ചിടത്തോളം യു എ ഇ പ്രധാന കമ്പോളമാണ്. വരുമാനത്തിന്റെ 60 ശതമാനം യു എ ഇയില്‍ നിന്നാണ്. 85 ശതമാനം ടിക്കറ്റുകളും വിറ്റുപോകുന്നു.
ഈ വര്‍ഷം 2,600 കോടിയുടെ വരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ് പ്രസ് ലാഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എണ്ണവില കുത്തനെ കുറഞ്ഞതാണ് ഒരു കാരണം. എണ്ണവിലയുടെ കുറവിനനുസരിച്ച് ടിക്കറ്റ് നിരക്ക് കുറക്കുക സാധ്യമല്ല. എണ്ണവില കുത്തനെ കൂടിയ സമയത്തെ നഷ്ടം ഇപ്പോള്‍ നികത്തിക്കൊണ്ടിരിക്കുകയാണ്.
യു എ ഇയില്‍ 25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എയര്‍ കേരള വരുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഭീഷണിയല്ല. ധാരാളം ബജറ്റ് എയര്‍ ലൈനറുകള്‍ രംഗത്ത് വന്നിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുതിപ്പിന് വിഘാതമായിട്ടില്ല.
എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ കുറിച്ചുള്ള പരാതികള്‍ പരമാവധി കുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 90 ശതമാനം വിമാനങ്ങളും യഥാ സമയം പറത്തുന്നുണ്ട്. അപൂര്‍വം സന്ദര്‍ഭങ്ങളിലാണ് വിമാനം റദ്ദ് ചെയ്യുന്നത്. പ്രതികൂല കാലാവസ്ഥയുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വിമാനം റദ്ദ് ചെയ്യുമ്പോള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം യു എ ഇിലുണ്ട്. സമയനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. ഷാര്‍ജയില്‍ സാറ്റലൈറ്റ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്. റോളയിലെ അല്‍ അറൂബ സ്ട്രീറ്റിലാണ് ഇത്. ടിക്കറ്റ് റിസര്‍വേഷനും മറ്റും ഇവിടെ സൗകര്യമുണ്ട്. ദുബൈയിലും സാറ്റലൈറ്റ് ഓഫീസ് താമസിയാതെ തുറക്കും-ശ്യാം സുന്ദര്‍ പറഞ്ഞു. റീജ്യനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസൂസ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സി ജന. മാനേജര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest