Connect with us

Gulf

ഇന്റര്‍സെകിന് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: സുരക്ഷാ ഉപകരണങ്ങളുടെ രാജ്യാന്തര പ്രദര്‍ശനമായ ഇന്റര്‍സെക് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 52 രാജ്യങ്ങളില്‍ നിന്ന് 1,237 പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. സുരക്ഷാസംവിധാന സാമഗ്രികളുടെ ലോകത്തെ ഏറ്റവും വലിയ പ്രദര്‍ശനമേളയാണിത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്റര്‍സെകിന്റെ 17-ാമത് എഡിഷനാണ് ഇത്തവണത്തേത്.
മധ്യപൗരസ്ത്യ മേഖലയില്‍ സുരക്ഷാ ഉപകരണ വിപണി അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. 2020ഓടെ വിപണി 1090 കോടി ഡോളറിന്റേതാകും. 2014ല്‍ ഇത് 300 കോടി ഡോളറായിരുന്നു. വര്‍ഷത്തില്‍ 23.7 ശതമാനം എന്ന തോതിലാണ് വളരുന്നത്.
ലോകതലത്തിലുള്ള വളര്‍ച്ചാനിരക്കിന്റെ ഇരട്ടി വേഗത്തിലായിരിക്കും മധ്യപൗരസ്ത്യ മേഖലയില്‍ ഇവയുടെ വിപണിവളര്‍ച്ച. 2020 ഓടെ ആഗോള സുരക്ഷാ വിപണിയുടെ 10 ശതമാനം മേഖലയില്‍ നിന്നായിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലും ബിസിനസ് പ്രവര്‍ത്തനങ്ങളിലും സുരക്ഷ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് മധ്യപൗരസ്ത്യ മേഖലയിലെ കുതിപ്പിന് കാരണം. വേലിയും ചുറ്റുമതിലും പൂട്ടും അഗ്‌നിശമന സംവിധാനങ്ങളും നിരീക്ഷണ കാമറകളും അലാറങ്ങളും സുരക്ഷാ സാമഗ്രി വിപണിയുടെ ഭാഗമാണ്. 52 രാജ്യങ്ങളില്‍ നിന്നുള്ള 1237 പ്രദര്‍ശകര്‍ മേളയില്‍ അണിനിരക്കും. 48,000 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം നടക്കുക. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളുടെ പവലിയനുകളുണ്ടാകും. നൂറിലേറെ പ്രദര്‍ശകര്‍ അണിനിരക്കുന്ന ബ്രിട്ടന്റെ പവലിയനാണ് ഏറ്റവും വലുത്.