Connect with us

Malappuram

അസി. കൃഷി ഓഫീസര്‍ക്ക് പാടത്താണ് ജോലി

Published

|

Last Updated

കോട്ടക്കല്‍: പാടത്തിറങ്ങി മണ്ണിളകി കൃഷിയിറക്കി വ്യത്യസ്ഥനാവുകയാണ് ഈ കൃഷി ഓഫീസര്‍. തെന്നല പഞ്ചായത്ത് അസി. കൃഷി ഓഫീസര്‍ രാധാകൃഷ്ണ പിള്ളയാണ് കൃഷി ഓഫീസറും കര്‍ഷകനുമെന്ന ചരിത്രം വഴിതിരിച്ചു വിടുന്നത്.
നാല് പതിറ്റാണ്ടിലേറെ കാലം കാടായി കിടന്ന തെന്നല പഞ്ചായത്ത് പാടം വെട്ടിതെളിച്ച് പച്ചപ്പ് പുതപ്പിച്ച് നൂറ് മേനി വിളിയിച്ചാണ് പിളള കൃഷി പാഠത്തിന് പുത്തന്‍ അധ്യായം രചിച്ചത്. രാാധാകൃഷ്ണ പിള്ള തെന്നലയിലെത്തുമ്പോള്‍ 80 ഹെക്ടറിലേറെ കൃഷിയിടം കാടുപിടിച്ചു കിടക്കുകയാണ്. കുട്ടിക്കാലത്തെ കൃഷിപ്പാടം കണ്ട പിള്ളമനസ്സില്‍ കാടുകള്‍ അലോസരമുണ്ടാക്കി.
രണ്ടാള്‍ പൊക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ വകഞ്ഞ് മാറ്റാനുള്ള ശ്രമമായി. ഇതിനായി പലതവണ യോഗം വിളിച്ചെങ്കിലും കാട്ടിലിറങ്ങാന്‍ പക്ഷേ, ആളെകിട്ടിയില്ല. ഒടുവില്‍ പഞ്ചായത്ത് അംഗത്തെ കാര്യം പറഞ്ഞ് ധരിപ്പിച്ച് ഇരുപേരും ഒന്നിച്ച് തെന്നല ചാലക്കല്‍ പാടത്തേക്ക് ഇറങ്ങി. വരമ്പത്ത് നിന്ന് അഭിപ്രായം പറയാന്‍ മാത്രം ആളുണ്ടായി. ശ്രമം പിന്നേയും തുര്‍ന്നപ്പോള്‍ പത്ത് പേരെകിട്ടി. ഇവര്‍ കാട് വെട്ടി നിലമൊരുക്കി വിത്തിട്ടു.
കൃഷി തഴച്ച് വളര്‍ന്നതോടെ ആളുകള്‍ കൂടി. വരമ്പത്ത് നിന്ന് അഭിപ്രായം പാസാക്കിയവരും മണ്ണിലിറങ്ങി. ഇതോടെ 40ഹെക്ടറില്‍ തെന്നല പാടത്ത് നെല്‍കൃഷിയുടെ പച്ചപ്പ് പുതച്ചു. ഒപ്പം തെന്നല റൈസ് എന്ന ബ്രാന്റ് അരിയും വിപണിയിലിറങ്ങി. എല്ലാം ഈ കൃഷി ഓഫീസറുടെ ശ്രമം. എന്നും ഓഫീസിലെത്തും മുമ്പ് പാടത്തിറങ്ങി മണ്ണില്‍ കൊത്തിയില്ലെങ്കില്‍ ഇദ്ദേഹത്തിന് തൃപ്തി വരില്ല. ഓഫീസ് സമയം അവസാനിച്ചാലും ഉടനെ പോകുന്നതും കൃഷിയിടത്തിലേക്ക് തന്നെ. കൃഷിക്കൊപ്പം ആവശ്യമായ ക്ലാസുകള്‍ക്കും ഇദ്ദേഹമുണ്ട്. തെന്നലയില്‍ ഇപ്പോള്‍ കൃഷിയിറക്കാന്‍ പഴയ തലമുറയെക്കാള്‍ ആവേശത്തിലാണ് പുത്തന്‍ മുറക്കാര്‍. കാരണം അവര്‍ക്ക് പിള്ളസാറെന്ന കൃഷി ഓഫീസര്‍ കൂട്ടിനുണ്ട്. ഇനിയും കാടുമൂടിക്കിടക്കുന്ന തെന്നല പാടങ്ങളെ പച്ചപ്പണിയിക്കാനാണ് ഇദ്ദേഹത്തിന്റെ ഒരുക്കം.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സുധാകരപിള്ള-സരസമ്മ ദമ്പതികളുടെ മകനാ രാധാകൃഷ്ണ പിള്ള തന്റെ സേവനകാലം പൂര്‍ത്തിയാകും മുമ്പെ ഇനിയും മണ്ണിനോട് പൊരുതി നൂറിമേനിവിളയിക്കാന്‍ പുതു തലമുറയെ പാകപ്പെടുത്താനുള്ള ശ്രമത്തിലാണ്.