Connect with us

Malappuram

മത്സ്യത്തിന്റെ ലഭ്യതക്കുറവ്; തീരദേശം പട്ടിണിയില്‍

Published

|

Last Updated

പരപ്പനങ്ങാടി: സമീപകാലത്തൊന്നും അനുഭവപ്പെടാത്ത കടുത്ത മത്സ്യബന്ധന ക്ഷാമമാണ് തീരക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് നേരിടുന്നത്. മത്സ്യത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞത് മൂലം കടുത്ത സാമ്പത്തിക നഷ്ടം തുടര്‍ച്ചയായി നേരിടേണ്ടി വന്നതിനാല്‍ സംസ്ഥാനത്തിന്റെ തീരത്തു നിന്ന് മത്സ്യ ബന്ധനത്തിന് പോയിരുന്ന ഇടത്തരം യാന്ത്ര വത്കൃത ബോട്ടുകള്‍ കടലിലിറങ്ങുന്നത് താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി മത്സ്യത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞത് മൂലം പരപ്പനങ്ങാടി, പൊന്നാനി, ബേപ്പൂര്‍, ചേറ്റുവ തുറമുഖങ്ങളില്‍ നിന്നുള്ള പകുതിയിലേറെ മത്സ്യബന്ധന ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടലിലിറങ്ങിയില്ല. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകള്‍ക്ക് ഇന്ധന ചെലവിന്റെ പകുതിപോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണുള്ളത്. ഓരോ ദിവസത്തേയും മത്സ്യബന്ധനം പതിനായിരം രൂപവരെ നഷ്ടമുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെയാണ് ബോട്ടുകള്‍ കുറച്ചു നാളത്തേക്ക് കടലിലിറക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ ഉടമകളെ നിര്‍ബന്ധിതമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അയ്യായിരം രൂപയില്‍ താഴെ മത്സ്യം മാത്രമാണ് ലഭിച്ചത്. ഒരു തവണ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരണമെങ്കില്‍ ഇരുനൂറ് ലിറ്ററിലേറെ ഡീസല്‍ നിറക്കണം. ഇതിന് മാത്രം പതിനായിരം രൂപയിലേറെ വേണം.
മത്സ്യ ബന്ധനത്തിലേര്‍പ്പെടുന്നവരുടെ റേഷന്‍, കൂലി എന്നിവകൂടി ചേര്‍ക്കുമ്പോള്‍ പതിനയ്യായിരം രൂപയോളം ഒരു ദിവസത്തെ മത്സ്യബന്ധനത്തിന് ചെവല് വരും. വിപണിയില്‍ ആവശ്യക്കാരും വിലയും ഏറെയുളള മത്സ്യങ്ങളൊക്കെയും തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കൂന്തള്‍, ചെറിയ ഇനം കിളിമീന്‍, മാന്തള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ സീസണില്‍ കൂടുതലായി ലഭിക്കുന്ന പൂവാലന്‍, നാരന്‍, കരിക്കാലി ഇനത്തില്‍പ്പെട്ട ചെമ്മീനുകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായ നിലയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. ചെമ്മീന്‍ തീരെ ലഭിക്കാത്തത് കയറ്റുമതി വിപണിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. വലിയ ഇനം മത്സ്യങ്ങളായ അയക്കൂറ, ആവോലി, നെടുക, കോലി എന്നിവ വലയില്‍ കുരുങ്ങിയ കാലം മറന്നിരിക്കുന്നു. അന്യ സംസ്ഥാനത്ത് നിന്നെത്തിയാല്‍ മാത്രമെ ഇവിടെയുള്ളവര്‍ക്ക് ഇത്തരം മീനുകള്‍ ഭക്ഷിക്കാന്‍ തന്നെ ലഭിക്കൂ. സംസ്ഥാനത്തിന്റെ തീരദേശത്ത് നിന്ന് ഇത്തരം മത്സ്യങ്ങള്‍ വംശനാശം നേരിട്ട സ്ഥിതിയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇത്തവണത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞയുടന്‍ ആവോലി, കൂന്തള്‍ എന്നിവ തരക്കേടില്ലാതെ ലഭിച്ചിരുന്നെങ്കിലും ഇത് അധിക കാലം നീണ്ടു നിന്നില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട ചെമ്മീനിന്റെ സാന്നിധ്യം കടലില്‍ തീരെ കാണാത്തത് മത്സ്യ ബന്ധന മേഖലയെ പ്രതിസന്ധിയിലേക്ക് തളളി വിടുന്നു.
ആഴക്കടലില്‍ വിദേശ ട്രോളറുകള്‍ നടത്തുന്ന അനിയന്ത്രിത മത്സ്യബന്ധനം തീരക്കടലിലെ മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബോട്ടുടമകളും, മത്സ്യത്തൊഴിലാളികളും കുറ്റപ്പെടുത്തുന്നു. വിദേശ ട്രോളറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഭാഗിക നിയന്ത്രണം പൂര്‍ണമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കാറ്റ് കാലം ആരംഭിക്കുമ്പോള്‍ തീരക്കടലില്‍ മത്സ്യ ലഭ്യതയില്‍ കുറവ് ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ഇതാദ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. രണ്ടും മൂന്നും ദിവസം ആഴക്കടലില്‍ നങ്കൂരമിട്ടുള്ള മത്സ്യ ബന്ധന രീതിയാണ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നതെങ്കിലും കാര്യമായ നേട്ടം ലഭിക്കുന്നില്ല.