Connect with us

Malappuram

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതിനെ ചൊല്ലി ആശുപത്രിയില്‍ ബഹളം

Published

|

Last Updated

നിലമ്പൂര്‍: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി ബഹളം വെച്ചു. വീട്ടിക്കുത്ത് റോഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
മുട്ടിക്കടവ് മടുക്കോലില്‍ അനീഷിന്റെ ഭാര്യ റിനു കഴിഞ്ഞ 13 ന് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. റിനുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യം മുതല്‍ ഇതേ ആശുപത്രിയിലെ ഡോക്‌റുടെ ചികിത്സയിലായിരുന്നു. സാധാരണ പ്രസവമായിരുന്നുവെന്നും എന്നാല്‍ മഷി ഇറങ്ങിയതിനാല്‍ കൂടുതല്‍ ചികിത്സക്കായി റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കുകയും ചെയ്തുവെന്നും ബന്ധുക്കള്‍ പറയുന്നു.
പിന്നീട് 16 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് 17ന് രാത്രി മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തി ബഹളം വെച്ചത്. ഇവിടത്തെ വീഴ്ചയാണ് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് സ്ഥലത്തെത്തിയ നിലമ്പൂര്‍ പോലീസ് ഇടപെട്ട് ബന്ധുക്കളുമായി സംസാരിക്കുകയും തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തതോടെ ആളുകള്‍ പിരിഞ്ഞുപോവുകയായിരുന്നു.