Connect with us

Wayanad

കായികതാരങ്ങള്‍ക്കായി നിര്‍മിച്ച ഡ്രസ്സിംഗ് റൂമും ടോയ്‌ലറ്റും സാമൂഹ്യവിരുദ്ധരുടെ താവളമായി

Published

|

Last Updated

മീനങ്ങാടി: 17 ലക്ഷം രൂപ മുടക്കി മീനങ്ങാടി പഞ്ചായത്ത്, ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തില്‍ കായികതാരങ്ങള്‍ക്കായി നിര്‍മ്മിച്ച ഡ്രസ്സിംഗ് റൂമും ടോയ്‌ലറ്റും സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാവുന്നു.
കായികതാരങ്ങളെയും ബന്ധപ്പെട്ടവരെയും അവഗണിച്ച് മീനങ്ങാടി പഞ്ചായത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടമാാണ് സ്റ്റേഡിയത്തിന് തന്നെ ഭാരമാവുന്നത്. ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തുന്ന കായികതാരങ്ങള്‍ കെട്ടിടത്തിലെ അസഹനീയമായ ദുര്‍ഗദ്ധം മൂലം വീര്‍പ്പുമുട്ടുകയാണ്.ബി ജി ആര്‍ എഫ് പദ്ധതിയില്‍ 2010ലാണ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ ഗേറ്റിനടുത്ത് ഡ്രസ്സിംഗ് റൂമും ടോയ്‌ലറ്റും നിര്‍മ്മിച്ചത്.
പദ്ധതി തുകയില്‍ പത്ത് ലക്ഷം ബി.ജി.ആര്‍.എഫും 5 ലക്ഷം പൈക്കയും നല്‍കിയപ്പോള്‍ 2 ലക്ഷം മാത്രമാണ് പഞ്ചായത്ത് വിഹിതമായി നല്‍കിയത്. കെട്ടിട നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും ചൂണ്ടിക്കാട്ടി പ്രദേശത്തെ കായികതാരങ്ങള്‍ പഞ്ചായത്ത് ഓഫീസിലെത്തി പരാതിപ്പെട്ടിരുന്നു. പരാതി മുഖവിലക്കെടുക്കാഞ്ഞ അധികാരികള്‍ക്കെതിരെ കായികതാരങ്ങള്‍ അന്ന് തന്നെ പ്രതിഷേധിക്കുകയും ചെയ്തു.
നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും നിലവിലെ എസ്റ്റിമേറ്റും പ്ലാനും പുന:പരിശോധിച്ച് കായികതാരങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവിധം ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്നും വിദ്ഗ്ധനായ സ്‌പോര്‍ട്‌സ് എഞ്ചിനീയറെക്കൊണ്ട് പുതിയ പ്ലാന്‍ തയ്യാറാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
പരാതികള്‍ തള്ളിക്കളഞ്ഞ പഞ്ചായത്ത് തീര്‍ത്തും അശാസ്ര്തീയമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. നിലവില്‍ കായികാതാരങ്ങള്‍ക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത അവസ്ഥയിലാണ് കെട്ടിടം.
ഡ്രസ്സിംഗ് റൂമും ടോയ്‌ലറ്റും പരസ്പരം ബന്ധിപ്പിച്ചാണ് പണികഴിപ്പിച്ചത്. ഒരു മുറിയില്‍ നിന്ന് മറ്റ് മുറിയിലേക്ക് എന്ന രീതിയിലാണ് വാതിലുകള്‍ വെച്ചത്. ഇത് കാരണം പെണ്‍കുട്ടികളുള്‍പ്പെടെ കായികതാരങ്ങള്‍ക്ക് വസ്ത്രം മാറാന്‍ കഴിയില്ല. കെട്ടിടത്തിന് ചുറ്റും വെച്ചിരിക്കുന്ന ജനാലകള്‍ക്ക് പ്ലെയിന്‍ ഗ്ലാസുകളാണ് പിടിപ്പിച്ചിരിക്കുന്നത്. ഡാര്‍ക്ക് ഗ്ലാസുകള്‍ വെക്കണമെന്ന് പണി നടക്കുന്ന സമയത്ത് തന്നെ ആവശ്യമുയര്‍ന്നെങ്കിലും കരാറുകാര്‍ ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ബാത്ത് റൂമില്‍ വൃത്തിഹീനമായി തുടരുന്നതിനാലും അടച്ചുറപ്പില്ലാത്തതിനാലും ആരും ഉപയോഗിക്കാറുമില്ല.
2013 മെയ് 29ന് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തെങ്കിലും ഉപയോഗശൂന്യമായ കെട്ടിടം താരങ്ങള്‍ കയ്യൊഴിയുകയായിരുന്നു. പകല്‍ സമയത്ത് മൂത്രമൊഴിക്കാനുള്ള ഇടത്താവളവും രാത്രി മദ്യപിക്കാന്‍ സാമൂഹ്യവിരുദ്ധര്‍ക്കുള്ള സത്രവുമാണ് നിലവില്‍ കെട്ടിടം. പഞ്ചായത്തിന്റെ ഉടമസ്ഥതതിലായിട്ടും കെട്ടിടം സംരക്ഷിക്കാനോ പരിപാലിക്കാനോ ഒരു നടപടിയും സ്വീകരിക്കാതെ പഞ്ചായത്ത് നിസ്സംഗത തുടരുന്നത് കായികപ്രേമികളെ വേദനിപ്പിക്കുകയാണ്. ജില്ലയിലെ പ്രധാന ഗ്രൗണ്ടുകളിലൊന്നായ ഇവിടെ നിരവധി മത്സരങ്ങളും സ്ഥിരമായി നടക്കാറുണ്ട്. പക്ഷെ കെട്ടിടത്തിന്റെ ദുരവസ്ഥ കാരണം പല സ്‌കൂളുകളും ഇപ്പോള്‍ മാറ്റിച്ചിന്തിക്കുകയാണ്.
ജില്ലാ തലത്തില്‍ സ്‌കൂള്‍, കോളജ് തലത്തില്‍ വരെ മത്സരങ്ങള്‍ക്ക് വേദിയാവുന്ന ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്‌റ്റേഡിയത്തോടാണ് അധികൃതരുടെ ഈ അനാസ്ഥ. പഞ്ചായത്ത് പരിധിയില്‍ തന്നെയുള്ള കെ.സി.എയുടെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം പ്രൗഢി കൊണ്ടും പരിപാലനം കൊണ്ടും ദേശീയ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ പ്രത്യേകിച്ചും. കെടുകാര്യസ്ഥത മാറ്റിവെച്ച് സ്റ്റേഡിയത്തില്‍ ആധുനിക രീതിയിലുള്ള ഒരു സ്‌പോര്‍ട്‌സ് പവലിയന്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.