Connect with us

Palakkad

സഞ്ചാര സ്വാതന്ത്രം നഷ്ടമാകുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

പുതുശേരി: ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുതുശേരിയിലെ മുപ്പതിനായിരത്തോളം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടമാകും. ഒന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള ആറ് വാര്‍ഡുകളിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവരുന്നത്. ദേശീയപാത47ല്‍ പുതുശേരി നരകംപള്ളിമുതല്‍ കൂട്ടുപാതവരെ സര്‍വീസ് റോഡില്ലാത്തതാണ് ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത്.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോടിനോട് ചേര്‍ന്നുകിടക്കുന്ന ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണിത്.
സര്‍വീസ് റോഡില്ലാത്തത് വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍മാത്രം 21 റോഡുകളാണ് ദേശീയപാതയിലേക്ക് നേരിട്ടു പ്രവേശിക്കുന്നത്. വ്യവസായശാലകളിലേക്ക് ജോലിക്കു പോകുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഇത് യാത്രാദുരിതം സൃഷ്ടിക്കും. ഡിവൈഎഫ്‌ഐ, പുതുശേരി റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ എന്നിവര്‍ കേന്ദ്ര ഗതാഗതമന്ത്രിക്കും എം ബി രാജേഷ് എംപി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം ലോക്‌സഭയില്‍ എം ബി രാജേഷ് എംപി ഉന്നയിച്ചതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ ചുതമലപ്പെടുത്തിയിരുന്നു. സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവിടം ഭാവിയില്‍ അപകടമേഖലയാകുമെന്നും സര്‍വീസ് റോഡ് നിര്‍മിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കുന്നതില്‍ ദേശീയപാത അതോറിറ്റി വിസമ്മതിക്കുകയാണ്.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ സമിതിതന്നെ നിര്‍ദേശിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഗുരുതരമായ അലംഭാവം കാട്ടുകയാണ് അധികൃതര്‍. സര്‍വീസ് റോഡ് നിര്‍മിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേരള നിയമസഭയിലും ഉറപ്പ് ലഭിച്ചതുമാണ്. ദേശീയപാത നിര്‍മാണം തുടങ്ങുന്നതിനുമുമ്പ് അംഗീകരിച്ച പ്ലാനില്‍നിന്ന് വ്യത്യസ്തമായി പുതുശേരി ഭാഗത്തുമാത്രമാണ് സര്‍വീസ്‌റോഡ് നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി അനുകൂല നിലപടെടുത്തിരിക്കുന്നത്. നരകംപള്ളി പാലംമുതല്‍ പുതുശേരി വെസ്റ്റ് വില്ലേജ് ഓഫീസ്വരെയാണ് സര്‍വീസ് റോഡ് നിര്‍മിക്കുക. എന്നാല്‍, മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കുക അസാധ്യമാണ്. നരകംപള്ളി മുതല്‍ കൂട്ടുപാതവരെ സര്‍വീസ് റോഡ് നിര്‍മിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍

Latest