Connect with us

Kerala

എസ് എസ് എല്‍ സി: കൃത്രിമമായി മാര്‍ക്ക് നല്‍കിയതിന്റെ രേഖകള്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി വിജയശതമാനം വര്‍ധിപ്പിക്കുന്നതിന് മിനിമം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ വകുപ്പ് കൃത്രിമമായി വിജയിപ്പിച്ചതിന്റെ രേഖകള്‍ പുറത്തായി. ഒരുത്തരം പോലും ശരിയായി എഴുതാത്ത വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കണക്കിന് നാല് മാര്‍ക്കും ഇംഗ്ലീഷിന് ഒമ്പതരമാര്‍ക്കും നേടിയ കുട്ടികള്‍ പോലും ഉപരിപഠനത്തിനര്‍ഹരായവരുടെ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

മിനിമം മാര്‍ക്ക് കിട്ടാത്തവരെ വിജയിപ്പിച്ചതായി തെളിയിക്കുന്ന ഉത്തരക്കടലാസുകള്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. 2014 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ കുട്ടിയുടെ കണക്ക് ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ രജിസ്റ്റര്‍ നമ്പര്‍ പോലും അക്ഷരത്തില്‍ കൃത്യമായി എഴുതിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഒരു ചോദ്യത്തിനുപോലും ശരി ഉത്തരവുമില്ല. തെറ്റാണെങ്കിലും ചിത്രം വരച്ചുവെച്ചതിന് രണ്ട് മാര്‍ക്ക് നല്‍കി. ചോദ്യം അതേപടി പകര്‍ത്തിയതിന് ഓരോ മാര്‍ക്കുവീതവും. അങ്ങനെ ആകെ കിട്ടിയതാണ് നാല്മാര്‍ക്ക്. ഇതേ വിദ്യാര്‍ഥിയുടെ ഇംഗ്ലീഷ് പേപ്പറും ഏറക്കുറെ സമാനമാണ്. ചോദ്യങ്ങള്‍ തെറ്റിക്കാതെ എഴുതിയതിനും കറക്കിക്കുത്തിയതിനും ചേര്‍ത്ത് ഒമ്പതര മാര്‍ക്ക്.
നാല് മാര്‍ക്ക് കിട്ടിയ കണക്കിനും ഒമ്പതര മാര്‍ക്ക് കിട്ടിയ ഇംഗ്ലീഷിനും ഡി പ്ലസ് ഗ്രേഡാണ് നല്‍കിയിരിക്കുന്നത്. പത്താം ക്ലാസ് വിജയിക്കുന്നതിന് ഡി പ്ലസ് ഗ്രേഡ് കിട്ടാന്‍ മിനിമം പത്ത് മാര്‍ക്കില്‍ കൂടുതല്‍ വേണമെന്നിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ കള്ളക്കളി. വിജയശതമാനത്തിന് അനുസരിച്ച് നമ്മുടെ വിദ്യാഭ്യാസനിലവാരം ഉയരുന്നില്ലെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. 2007 മുതലാണ് കേരളത്തിലെ എസ് എസ് എല്‍ സി വിജയശതമാനത്തില്‍ വന്‍വര്‍ധന കണ്ടുവരുന്നത്. 90 മുതല്‍ 95 ലാണ് വിജയശതമാനമെത്തി നില്‍ക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അന്തസ്സുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മാത്രം ഊതിപ്പെരുപ്പിക്കുന്നതാണ് വിജയശതമാനമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍.
2014- 95.47 ശതമാനം, 2013- 94.17, 2012- 93.64, 2011- 91.37, 2010- 90.72, 2009- 91.92, 2008- 92.09 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയ ശതമാനം. ഇങ്ങനെ ജയിപ്പിച്ചുവിടുന്ന കുട്ടികള്‍ക്ക് പ്രാഥമിക അറിവുകള്‍ പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം.
നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നൂറില്‍ ഏഴ് പേര്‍ക്ക് മലയാളം എഴുതാനും വായിക്കാനുമറിയില്ലെന്ന് അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Latest