Connect with us

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി സജീവം

Published

|

Last Updated

കൊല്ലം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി പ്രവര്‍ത്തിച്ചുവരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലം പോളയത്തോടിന് സമീപം പ്രൊഫഷനല്‍ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി (പി ഇ സി) എന്ന സ്ഥാപനം നടത്തിവന്ന ചാത്തന്നൂര്‍ മീനാട് സരസ്വതി വിലാസത്തില്‍ സന്‍ജിതിനെ(38) പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്നത് തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി മാര്‍ട്ടിന്‍, അമ്പലംമുക്ക് സ്വദേശി ഗിരിബാബു എന്നിവരാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു. ഇവര്‍ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ബിഫാം ബിരുദധാരിയായ സന്‍ജിത്ത് സ്ഥാപനം തുടങ്ങിയത്. തൃശൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് സന്‍ജിത് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. എം ജി സര്‍വകലാശാലയില്‍ എന്‍ജിനിയറിംഗിന് പഠിച്ച യുവാവിന് കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് സൃഹൃത്ത് പരിചയപ്പെടുത്തിയ സന്‍ജിത്തിനെ സമീപിക്കുകയായിരുന്നു. രണ്ട് തവണയായി 1,30,000 രൂപ നല്‍കി. മേഘാലയിലെ സി എം ജി സര്‍വകലാശാലയുടെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. സി എം ജിയുടെ മാര്‍ക്ക് ഷീറ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.
കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയുടെതാണ് നല്‍കിയത്. ഇതില്‍ സംശയം തോന്നിയ യുവാവ് കൊച്ചിയിലെ എഡ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് നല്‍കിയപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ സന്‍ജിത് തയ്യാറായില്ല. ഇതോടെ യുവാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിടിയിലായ സന്‍ജിത്ത് ഏജന്റ് മാത്രമാണെന്നാണ് പോലീസ് നിഗമനം.
സന്‍ജിത്തിന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്ന കോളുകള്‍ മിക്കതും അന്യ സംസ്ഥാനത്ത് നിന്നാണെന്ന് പോലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാരുടെ പേരില്‍ കൊറിയര്‍ വഴിയാണ് അയച്ചുകൊടുക്കുന്നത്. എഡ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരിലുള്ള പത്ര പരസ്യം കണ്ടാണ് പലരും സന്‍ജിത്തിനെ സമീപിച്ചത്. രണ്ട് ലക്ഷം വീതമാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇയാള്‍ വാങ്ങിയിരുന്നത്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശങ്ങളില്‍ ജോലി നേടിയ ആറുപേരുടെ വിവരം സന്‍ജിത്തില്‍നിന്ന് പോലീസിന് ലഭിച്ചു. മലബാര്‍ മേഖലയില്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്റുമാര്‍ നിരവധിയുള്ളതായി പോലീസിന് വിവരം ലഭിച്ചു. സന്‍ജിത്ത് തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ഓഫീസിലും ഈസ്റ്റ് എസ് ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍, കാര്യമായ തെളിവുകള്‍ ലഭിച്ചില്ല
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഡല്‍ഹിയില്‍ അയച്ച് അറ്റസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ 15 ദിവസത്തിനുള്ളില്‍ അറ്റസ്റ്റ് ചെയ്ത് ലഭിച്ചിരുന്നു. സര്‍വകലാശാലകളിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇതിന് പ്രതിഫലം കിട്ടിയിരുന്നതായി പോലീസ് സംശയിക്കുന്നു. ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റി, ശ്രീവിനായക മിഷന്‍, എസ് ആര്‍ എം, മേഘാലയ സി എം ജെ, ഹിമാചല്‍പ്രദേശ് മാനവ ഭാരതി, ഹൈദരാബാദ് ഉസ്മാനിയ, ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനല്‍, ശ്രീ വൈകുണ്‌ഠേശ്വര, തമിഴ്‌നാട് ടെക്‌നിക്കല്‍ എജൂക്കേഷന്‍ സര്‍വകലാശാലകളുടെ വ്യജ സര്‍ട്ടിഫിക്കറ്റുകളാണ് പോളയത്തോട്ടിലെ സ്ഥാപനത്തില്‍ നിന്ന് പിടികൂടിയത്.

Latest