Connect with us

Articles

മതപരിവര്‍ത്തനം, മനഃപരിവര്‍ത്തനം: ഒരു ചരിത്രവിചാരണ

Published

|

Last Updated

ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇന്ത്യയില്‍ നടത്തിയ മതപരിവര്‍ത്തനങ്ങള്‍ ബലപ്രയോഗത്തിലൂടെ ആയിരുന്നു എന്ന ആര്‍ എസ് എസ് പ്രചാരണം അതേപടി വെട്ടിവിഴുങ്ങുന്ന ശുദ്ധഗതിക്കാരായ ചില മതേതരവാദികളും നമുക്കിടയിലുണ്ട്. മതേതര ചരിത്രകാരനായ എം എന്‍ റോയി എന്ന ബംഗാളി ബ്രാഹ്മണന്‍ എഴുതിയ”ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം””എന്ന ഗ്രന്ഥവുമായി അത്തരക്കാര്‍ ഒന്നു പരിചയപ്പെടുന്നത് നന്നായിരിക്കും. എം എന്‍ റോയി ഒരു പ്രഖ്യാപിത നിരീശ്വരവാദിയും റാഡിക്കല്‍ ഹ്യൂമനിസ്റ്റും ലോകം അംഗീകരിച്ച ദാര്‍ശനികനും ആയിരുന്നു. എം എന്‍ റോയിയുടെ മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ ഇസ്‌ലാമും ഇന്ത്യയും എന്ന പേരില്‍ ഒരധ്യായം തന്നെയുണ്ട്. അദ്ദേഹം തന്റെ പഠനത്തിന് മുഖ്യമായും ആശ്രയിച്ചിരിക്കുന്നത് ഹാവെല്‍ എന്ന ബ്രിട്ടീഷ് ചരിത്രകാരന്റെ Aryan Rule in India എന്ന ഗ്രന്ഥത്തെയാണ്. ഹാവേല്‍ ഒരു ഇസ്‌ലാം അനുകൂലി ആയിരുന്നില്ലെന്നു മാത്രമല്ല, അദ്ദേഹം ഇസ്‌ലാമിന്റെ ഒരു വിമര്‍ശകന്‍ കൂടി ആയിരുന്നു. എന്നിട്ടും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇസ്‌ലാം എങ്ങനെയാണ് ഇന്ത്യന്‍ ജനജീവിതത്തെ സ്വാധീനിച്ചത് എന്നതിനെക്കുറിച്ച് സത്യസന്ധമായ വിവരണം നല്‍കുന്നതില്‍ ഹാവെന്‍ വിജയിച്ചിരിക്കുന്നു. എം എന്‍ റോയി ഹാവെലിനെ ഉദ്ധരിച്ചു കൊണ്ട് മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളോട് എങ്ങനെയാണ് പെരുമാറിയതെന്നു വിശദീകരിച്ചിട്ടുണ്ട്. ബ്രാഹ്മണരെ ഇണക്കിനിറുത്തുക എന്ന ലക്ഷ്യത്തോടെ അവരെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു. കേടുപാടുകള്‍ സംഭവിച്ച ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിതും മറ്റും ഹിന്ദുക്കള്‍ക്കവരുടെ മതവിശ്വാസം അഭംഗുരം തുടര്‍ന്നുപോകാനും അവസരം ഒരുക്കി.
16-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെയാണ് വടക്കേ ഇന്ത്യയുടെ ഭൂരിഭാഗവും മുഗള്‍ ആധിപത്യത്തിനു കീഴിലായിരുന്നത്. മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇന്ത്യന്‍ ഹൈന്ദവ പാരമ്പര്യങ്ങളെ ആകെ ചവുട്ടിമെതിച്ചെന്നും അമ്പലങ്ങള്‍ തകര്‍ത്തു പള്ളികള്‍ പണിതെന്നുമൊക്കെയുള്ള വ്യാജ ചരിത്രം നമ്മുടെ പാഠപദ്ധതിയുടെ ഭാഗമാക്കാനുമുള്ള നിഗൂഢനീക്കങ്ങളാണ് നടക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ പലതും സത്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. മുഗള്‍ പരമ്പരയിലെ ഏഴു തലമുറയിലെ ഭരണാധികാരികള്‍ അനതിസാധാരണമായ കഴിവുറ്റവരായിരുന്നു എന്നാണ് നിയമപരമായ ചരിത്രപഠനം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും സമന്വയിപ്പിച്ച് ഒരു ഏകീകൃത ഇന്ത്യ നിര്‍മിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തിമാരുടെ ശ്രമം ശ്ലാഘനീയമായിരുന്നു.
മുഗളന്മാര്‍ ഇന്ത്യന്‍ ഭൂപ്രദേശത്ത് അധീശത്വം സ്ഥാപിച്ച ചരിത്ര സാഹചര്യവും എം എന്‍ റോയി വിവരിക്കുന്നുണ്ട്. ദീര്‍ഘകാലത്തെ ചരിത്രവും പൗരാണികമായ ഒരു സംസ്‌കാരവും സ്വന്തമായുള്ള ഒരു രാജ്യവും പെട്ടെന്നുണ്ടാകുന്ന ഒരു വിദേശാക്രമണത്തിനു മുമ്പില്‍ തലകുനിച്ചു കൊടുക്കാറില്ല. കുറഞ്ഞപക്ഷം ആക്രമണത്തിനിരയാകുന്ന ജനതയുടെ ആദരവും സംതൃപ്തിയും ആര്‍ജിക്കാതെ ഇത്തരം ഒരു കീഴടങ്ങല്‍ സാധ്യമാകുകയില്ല. ബ്രാഹ്മണ മതയാഥാസ്ഥിതികതക്കെതിരെ ബുദ്ധമതം അഴിച്ചുവിട്ട വിപ്ലവത്തിന്റെ അനന്തരഫലമെന്നോണം 11-ാം നൂറ്റാണ്ടിലും 12-ാം നൂറ്റാണ്ടിലും വേദവിപരീതികളെന്നു മുദ്രകുത്തി മുഖ്യധാരാ ഹിന്ദു മതം അഥവാ ബ്രാഹ്മണ മതം അകറ്റി നിറുത്തിയിരുന്ന വിപ്ലവകാരികള്‍ ഉള്‍പ്പെടെയുള്ള ബഹുജനങ്ങള്‍ ഇസ്‌ലാമിന്റെ സന്ദേശത്തെ ഹൃദയം തുറന്നു സ്വാഗതം ചെയ്യുകയായിരുന്നു എന്നതാണ് വാസ്തവം.
ഇന്ത്യയിലെ ഇസ്‌ലാമിന്റെ വ്യാപനത്തെ വിലയിരുത്തിക്കൊണ്ട് പൗരാണിക ഹിന്ദു സംസ്‌കാരത്തിന്റെ ആരാധകനായ ഹാവെല്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതിനെ എം എന്‍ റോയി ഉദ്ധരിച്ചിരിക്കുന്നത് നോക്കുക: “ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്ക് അതേതുടര്‍ന്ന് ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമസംഹിതകളുടെ സര്‍വപരിരക്ഷയും ലഭിക്കുകയുണ്ടായി. അങ്ങനെ അല്ലാത്തവരാകട്ടെ കൂടുതല്‍ പ്രാകൃതമായ ആര്യന്‍ നിയമസംഹിതകളുടെ കീഴിലായിരുന്നു. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ കീഴാള സമൂഹത്തില്‍ നിന്നും ഇസ്‌ലാമിലേക്കു മതം മാറാനുള്ള പ്രേരണ വര്‍ഛിച്ചു വന്നു.” (പേജ് 74) ഇസ്‌ലാമിന്റെ ഇന്ത്യന്‍ അധിനിവേശം എളുപ്പമാക്കി തീര്‍ന്നത് ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ബ്രാഹ്മണ മേധാവിത്തവുമാണെന്ന കാര്യത്തില്‍ എല്ലാ ചരിത്രകാരന്മാര്‍ക്കും യോജിപ്പാണുള്ളത്. ബ്രാഹ്മണ ഹിന്ദുഇസത്തിന്റെ യാഥാസ്ഥിതിക പാരമ്പര്യങ്ങളോടും വിശ്വാസ പ്രമാണങ്ങളോടും കൂറുപുലര്‍ത്തി മുന്നോട്ടുപോകുക എന്നത് ഇവിടുത്തെ കീഴാള വര്‍ഗത്തിനു ശ്വാസം മുട്ടലുളവാക്കിയിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെ തങ്ങളുടെ ചുമലിലെ നുകം കുടഞ്ഞെറിഞ്ഞുകളയാന്‍ അവര്‍ക്കൊരവസരം സംജാതമായി. മുസ്‌ലിം ആക്രമണ കാലത്ത് ഹിന്ദുനിയമങ്ങളിലും ബ്രാഹ്മണ പാരമ്പര്യങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ട ജനകോടികള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നു. ഹിന്ദുപ്രതിലോമ ശക്തികളുടെ മര്‍ദന ഭരണത്തിനെതിരെ സംരക്ഷണം നല്‍കിയ ഇസ്‌ലാമിനെ സ്വീകരിക്കാനും അഭിശപ്തമായ സ്വന്തം പൈതൃകങ്ങളോടു വിടപറയാനും അവര്‍ തയ്യാറായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോള്‍ ഒരു കൂട്ടര്‍ ഘര്‍വാപസി, വീട്ടിലേക്കു മടങ്ങുക എന്ന പ്രസ്ഥാനത്തിന് ശംഖുനാദം മുഴക്കുന്നത്. ഏതു വീട്-എന്തിനങ്ങോട്ട് മടങ്ങണം? ഒരിക്കല്‍ വീടുവിട്ടു പോകാനുണ്ടായ സാഹചര്യം അതേപടി നിലനിറുത്തിക്കൊണ്ടു വേണോ ഈ മാടി വിളിക്കല്‍?
എം എന്‍ റോയി വീണ്ടും ഹാവേലിനെ ഉദ്ധരിക്കുന്നു: “ഇസ്‌ലാമിന്റെ തത്വചിന്തയല്ല; അതിന്റെ സാമൂഹിക വീക്ഷണമാണ് ഇന്ത്യയില്‍ നിന്നു ഇത്രയേറെ അനുയായികളെ നേടാനായത്. ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം തത്വചിന്തയല്ല; സാമൂഹിക വീക്ഷണമാണ് പ്രധാനം. അവരുടെ തത്ക്കാല ദുരവസ്ഥക്കു പരിഹാരം നിര്‍ദേശിക്കുന്ന ഒരു വ്യവസ്ഥയെക്കുറിച്ചുള്ള സന്ദേശം അവരെ തീര്‍ച്ചയായും ആകര്‍ഷിക്കും. താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കാശ്വാസം പകരുന്ന ഒരു സാമൂഹിക പരിപാടി മുന്നോട്ടുവെക്കുന്ന ഒരു പ്രസ്ഥാനത്തിന് പ്രതിലോമപരമായ ഒരു ജീവിത ദര്‍ശനം വെച്ചുപുലര്‍ത്താനാകുകയില്ലെന്നതാണ്. സാമൂഹികമായ ക്രമക്കേടുകളുടെ ഇരയായി ജീവിതാന്ത്യം വരെയും കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണം മാത്രമല്ല, തത്വചിന്തയും എല്ലാ അര്‍ഥത്തിലും അവരെ കീഴടക്കിവെച്ചിരുന്ന ഹിന്ദു ദര്‍ശനത്തേക്കാള്‍ പുരോഗമനപരമായിരുന്നു. ഇസ്‌ലാം എല്ലാ അര്‍ഥത്തിലും അവരുടെ ജീവിത ദുരിതങ്ങളില്‍ നിന്നും പുറത്തേക്കുള്ള ഒരു വഴികാട്ടിയായിരുന്നു.
ഇസ്‌ലാമിക് ചരിത്രത്തെ ഇത്രമേല്‍ പ്രകീര്‍ത്തിച്ചെഴുതിയ ഹാവെല്‍ എന്ന ചരിത്രപണ്ഡിതന്‍ ഇന്തോ- യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഒരു സ്തുതിപാഠകന്‍ കൂടിയായിരുന്നു എന്നോര്‍ക്കണം. ഇത്തരക്കാരുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ സര്‍ഗാത്മപ്രതിഭയുടെ ഏറ്റവും മികച്ച ഉത്പന്നമാണ് ഇന്തോ- യൂറോപ്യന്‍ സംസ്‌കാരം. ഈ കാഴ്ചപ്പാട് മറയില്ലാതെ പ്രകടിപ്പിച്ചിട്ടുള്ള ഹാവെല്‍ പോലും ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തെ ഇന്ത്യന്‍ അവസ്ഥയുടെ ജീര്‍ണതയെ ഏറെക്കുറെ സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് എം എന്‍ റോയിയുടെ നിരീക്ഷണം. അദ്ദേഹം എഴുതിയിരിക്കുന്നു: “ഇന്ത്യയില്‍ ഇസ്‌ലാം നേടിയ വിജയം ഒരിക്കലും ബാഹ്യവര്‍ത്തികളുടെ വിജയമായിരുന്നില്ല. ആര്യാവര്‍ത്തത്തിന്റെ രാഷ്ട്രീയ അധഃപതനം പ്രത്യേകിച്ചും ഹര്‍ഷന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ അവസ്ഥ ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ആകര്‍ഷണം വര്‍ധിപ്പിച്ചു. പ്രവാചകന്റെ പ്രസ്ഥാനം എല്ലാ വിശ്വാസികള്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ തുല്യത ഉറപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാം ബഹുജനങ്ങള്‍ക്കു ഒരു തുരുത്തായി ഭവിച്ചു. ബുദ്ധമത തത്വചിന്തയും യാഥാസ്ഥിതിക ബ്രാഹ്മണമതവും തമ്മിലേറ്റുമുട്ടി വടക്കെ ഇന്ത്യയിലാകെ അഭിപ്രായഭിന്നതകളുടെ കൊടുങ്കാറ്റ് വീശിയടിക്കുന്ന കാലം കൂടിയായിരുന്നു അത്.”(പേജ്-75)
കൂടുതല്‍ യുക്തിഭദ്രമായ ഒരു സംസ്‌കാരത്തിന്റെ പ്രാഥമികഘട്ടം മാത്രം പിന്നിട്ട ഇന്ത്യന്‍ കീഴാളവര്‍ഗത്തിന്റെ ബുദ്ധിയും ശ്രദ്ധയും തിരിച്ചുവിടാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം കൈവരിച്ച പ്രധാന നേട്ടം. മുസ്‌ലിംകളുടെ ഇന്ത്യന്‍ അധിനിവേശത്തില്‍ ബാഹ്യവും ആഭ്യന്തരവുമായ കാരണങ്ങള്‍ വിശകലനം ചെയ്യാനും ഹിന്ദു-മുസ്‌ലിം വൈരം എന്ന ജീര്‍ണിച്ചഴുകിയ പൂര്‍വനിലപാടുകളില്‍ നിന്ന് മുക്തി പ്രാപിക്കാനും ഉതകുന്ന തരത്തില്‍ ഇപ്പോഴത്തെ ഈ മതപരിവര്‍ത്തന മേളയോടനുബന്ധിച്ചു നടക്കുന്ന ചര്‍ച്ചയെ വികസിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതു നന്നായിരിക്കും. അതിനുപകരമുള്ള തെരുവുപ്രകടനങ്ങളും പരസ്പരമുള്ള ഗ്വോഗ്വോവിളികളും കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയും ഇന്ത്യന്‍ അവസ്ഥയെ മുഗള്‍ പൂര്‍വകാലത്തെ ദുരവസ്ഥയിലേക്കു തള്ളിയിടുകയുമേ ചെയ്യൂ. മുസ്‌ലിംകള്‍ക്കെതിരായി മുന്‍വിധിയിലധിഷ്ഠിതമായ വെറുപ്പ് ഹിന്ദു സഹോദരങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. മുസ്‌ലിംകള്‍ തരംതാണ ഏതോ ജീവികളാണെന്ന മുന്‍വിധിയാണ് തന്റെ കാലത്തെ ബംഗാളികള്‍ പുലര്‍ത്തുന്നതെന്ന് എം എന്‍ റോയി കുറ്റപ്പെടുത്തുന്നുണ്ട്. കാലം ഏറെ കഴിഞ്ഞിട്ടും ഇന്ത്യയൊട്ടാകെ ഇതേ അവസ്ഥ തന്നെ തുടരുന്നുവെങ്കില്‍ സംഗതി പരിതാപകരമാണ്. മുസ്‌ലിം അധിനിവേശം ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ സംജാതമാക്കിയ ഗുണഫലങ്ങളെ ചരിത്രപാഠങ്ങളുടെ അടിസ്ഥാത്തില്‍ ഗ്രഹിക്കാത്തതാണ് ഇവിടെ നിലനില്‍ക്കുന്ന വര്‍ഗീയവിദ്വേഷത്തിന്റെ അടിസ്ഥാന കാരണം.
ഇനി ക്രിസ്ത്യാനികളുടെ കാര്യത്തിലേക്കുവന്നാല്‍, ഇന്ത്യന്‍ ജനസംഖ്യയില്‍ കേവലം 2.5 ശതമാനം മാത്രമാണ് ക്രിസ്തുമതാനുയായികളുള്ളത് എന്ന കാര്യം മാത്രം പരിഗണിച്ചാല്‍ മതി നിര്‍ബന്ധിത പരിവര്‍ത്തനം എത്ര അസംബന്ധമാണെന്ന് മനസ്സിലാക്കാന്‍. പോര്‍ച്ചുഗീസുകാര്‍ , ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയ യൂറോപ്പിലെ ക്രിസ്ത്യന്‍ അധിനിവേശശക്തികള്‍ക്ക് അവരുടെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ പോഷിപ്പിക്കുക എന്ന ലക്ഷ്യമല്ലാതെ ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നില്ല. മറിച്ച്, അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ നാല് നൂറ്റാണ്ട് നീണ്ടുനിന്ന അവരുടെ ഭരണത്തിന്റെ മറവില്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ ഇന്നത്തേതിന്റെ പത്തിരട്ടിയായി വര്‍ധിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല, ബ്രിട്ടീഷുകാരും മറ്റും തദ്ദേശീയ മതങ്ങള്‍ക്ക് എല്ലാ ആദരവുകളും നല്‍കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്തുവെന്നാണ് ചരിത്രം സാക്ഷിക്കുന്നത്.
ക്രിസ്തു മതസംസ്‌കാരത്തിന്റെ ഭാഗമായി യൂറോപ്പില്‍ വികസിച്ച ആധുനിക ഉന്നത വിദ്യാഭ്യാസത്തിന്റെ കാറ്റും വെളിച്ചവും ഇന്ത്യയിലേക്കു കടത്തിവിടുകയും വിദ്യാഭ്യാസം ആഗ്രഹിച്ചവര്‍ക്ക് അതിനിവിടെത്തന്നെ അവസരം ഒരുക്കിക്കൊടുക്കുകയും ഇന്ത്യന്‍ ജനസാമാന്യത്തെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്ന ഒരു തെറ്റേ മതപരമായ വിഷയങ്ങളില്‍ പാശ്ചാത്യക്രിസ്ത്യന്‍ മിഷനറിമാര്‍ നമ്മുടെ നാട്ടില്‍ ചെയ്തുള്ളൂ. തികഞ്ഞ സത്യാന്വേഷികളും സമജീവികളുടെ ക്ഷേമത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ചവരുമായിരുന്നു ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ മതപ്രചാരണം നടത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍. അവരുടെ പേരില്‍ ആകെ നടത്താവുന്ന ഒരേയൊരു ആരോപണം തദ്ദേശീയമായി വേരോട്ടം ഉണ്ടായിരുന്നതും യേശുക്രിസ്തുവിന്റെ ജന്മനാടിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ടവരുമായിരുന്ന സുറിയാനി ക്രിസ്ത്യാനികളെ പോര്‍ച്ചുഗീസ് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തോടെ റോമന്‍ കത്തോലിക്കരായി പരിവര്‍ത്തനപ്പെടുത്തുകയും അവരുടെ പുരാതനപാരമ്പര്യങ്ങളെ നശിപ്പിക്കുകയും ചെയ്തു എന്നതു മാത്രമാണ്. അത് കേവലം ക്രിസ്തുമതത്തിനുള്ളിലെ ഒരു ആഭ്യന്തരകലഹം മാത്രമായിരുന്നു. അതില്‍ ഹിന്ദുക്കളോ മറ്റ് മതവിഭാഗങ്ങളൊ കക്ഷി ചേരേണ്ട യാതൊരാവശ്യവും ഉദിക്കുന്നില്ല.
വസ്തുതകൡായിരിക്കെ, എങ്ങനെയാണ് ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം നിലനില്‍ക്കുക.! പ്രലോഭനങ്ങളിലൂടെ അവിടവിടെ ചില്ലറ മതം മാറ്റങ്ങള്‍ യൂറോപ്യന്‍ മിഷനറിമാരും അവരുടെ ഇന്ത്യന്‍ പിന്‍ഗാമികളും നടത്തിയിട്ടുണ്ടാകും. അതില്‍തന്നെ മതപരിവര്‍ത്തനത്തിനു മുന്നോടിയായി സംഭവിക്കേണ്ട മനഃപരിവര്‍ത്തനം നടത്തിയവരായിരുന്നു അവരെന്നാണ് അവരുടെ മതപരമായ ശുഷ്‌കാന്തിയും സംഘടിതബലവും തെളിയിക്കുന്നത്. അവരും അവരുടെ പൂര്‍വികരും അനുഭവിച്ചുപോന്ന ജാതീയമായ അവഗണന, സാമൂഹിക നിന്ദ, പാര്‍പ്പിടമില്ലായ്മ, വിദ്യാവിഹീനത, രോഗം, ദാരിദ്ര്യം ഇതിനൊക്കെയുള്ള പരിഹാരനിര്‍ദേശങ്ങളുമായി അവരുടെ ജീവിതത്തിലേക്കു കടന്നുചെന്നവരായിരുന്നു ക്രിസ്ത്യന്‍ മിഷനറിമാര്‍. ഇന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പല ഉള്‍പ്രദേശങ്ങളിലും ഇത്തരം മിഷനറിപ്രവര്‍ത്തനം സജീവമാണ്. അവര്‍ക്കെതിരായി ആസൂത്രണം ചെയ്ത ഒരക്രമപദ്ധതിയുടെ ഭാഗം കൂടിയാണിപ്പോഴത്തെ ഈ ഘര്‍വാപസി പ്രചരണം. “വണ്ടേ നീയും തുലയുന്നു വിളക്കും കെടുത്തുന്നു” എന്നല്ലാതെ ഇതേക്കുറിച്ച് മറ്റൊന്നും നമുക്കു പറയാനാകില്ല.
(കെ സി വര്‍ഗീസ്- 9446268581 )

Latest