Connect with us

Ongoing News

പൊടിയുന്നത് കോടികള്‍

Published

|

Last Updated

കോഴിക്കോട്: നൃത്തവും സംഗീതവും ചുവടും താളവുമൊക്കെയായി കൗമാരം ചിലങ്ക കെട്ടുമ്പോള്‍ നഗരിയില്‍ പൊടിയുന്നത് കോടികള്‍. ചിലങ്ക നാദത്തിനും വര്‍ണക്കൂട്ടുകള്‍ക്കുമായാണ് ഭീമമായ സംഖ്യ മല്‍സരാര്‍ഥികള്‍ ചെലവഴിക്കുന്നത്. നൃത്ത ഇനങ്ങള്‍ക്ക് മാത്രം കോടികളാണ് കേരളത്തിന്റെ കൗമാര പ്രതിഭകള്‍ നഗരിയില്‍ ചെലവിടുന്നത്.
ഗാനം, ഈണം, റെക്കോര്‍ഡിംഗ്, കോസ്റ്റിയൂം, കോറിയോഗ്രഫി, പരിശീലനം എന്നിവക്കായാണ് പണം വാരിയെറിയുന്നത്. ഒരു മല്‍സരാര്‍ഥിക്ക് നൃത്ത ഇനത്തില്‍ ചുരുങ്ങിയത് അന്‍പതിനായിരം രൂപയാണ് ചെലവ് വരുന്നത്. പുതുമക്കും വൈവിധ്യത്തിനും സംഖ്യ ഇനിയുമുയരും.
മോഹനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, ചാക്യാര്‍കൂത്ത് എന്നീ വ്യക്തിഗത ഇനങ്ങളിലായി ഓരോരുത്തര്‍ക്കും ചെലവാകുന്നത് അരലക്ഷം രൂപയോളമാണ്. അപ്പീലിലും മറ്റുമായി വ്യക്തിഗത ഇനങ്ങളില്‍ മല്‍സരിക്കാനെത്തുന്ന വിദ്യാര്‍ഥികളെല്ലാം കൂടി ചെലവിടുന്ന സംഖ്യ കോടികളാണ്.
കഥകളി , മാര്‍ഗം കളി, തിരുവാതിരക്കളി, സംഘനൃത്തം, ഓട്ടന്‍തുള്ളല്‍ എന്നിവയില്‍ മല്‍സരിക്കാനെത്തിയ ഗ്രൂപ്പ് ടീമുകള്‍ ഓരോന്നും ചിലവിടുന്നത് ചുരുങ്ങിയത് ഓരോ ലക്ഷം രൂപയാണ്. ഇതിനു പുറമെ പൂരക്കളി, പരിചമുട്ട് കളി, ഒപ്പന, കോല്‍ക്കളി, ദഫ്, അറബന എന്നിവക്ക് ചെലവാകുന്നത് വേറെയും. സംഘാടനത്തിനും മറ്റുമായി സര്‍ക്കാര്‍ ചെലവിടുന്ന ഭീമമായ സംഖ്യക്ക് പുറമെ ഈ കോടികള്‍ കൂടി ചേരുമ്പോള്‍ കലോത്സവം ഓരോ വര്‍ഷവും അപഹരിക്കുന്ന സംഖ്യ കേട്ടാല്‍ കണ്ണ് തള്ളും.