Connect with us

Ongoing News

അപ്പീലില്‍ വന്നു; ഇശല്‍രാജാക്കളായി മടക്കം

Published

|

Last Updated

കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ മനോഹര ഇശലുകള്‍ പെയ്തിറങ്ങിയ വേദിയില്‍ അപ്പീലുമായെത്തിയ ഗായകര്‍ക്ക് വിജയത്തിളക്കം. മോയിന്‍കുട്ടി വൈദ്യരുടെയും ഒ എം കരുവാരക്കുണ്ടിന്റെയും ഈണം മൂളിപ്പറന്ന വേദിയില്‍ അപ്പീലില്‍ മത്സരിച്ച രണ്ടുപേരാണ് ഇശല്‍ രാജക്കളായത്. ഹയര്‍സെക്കന്‍ഡറി ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും മാപ്പിളപ്പാട്ടില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ ഹെന്നാ ഫാത്തിമയും മലപ്പുറം പാണക്കാട് ഡി യു ജി എസ് എസിലെ മുഹമ്മദ് അജ്മലുമാണ് ജില്ലയിലെ വിജയികളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയത്. ഇരു മത്സരങ്ങളിലും റിയാലിറ്റിഷോ താരങ്ങളടക്കമുള്ള മാപ്പിളപ്പാട്ടിലെ ഗ്ലാമര്‍ താരങ്ങളെയാണ് ഇവര്‍ പിന്നിലാക്കിയത്. സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ ഹെന്നാ ഫാത്തിമ റവന്യു ജില്ലാ കലോത്സവത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. കോടതി അപ്പീലുമായാണ് ഹെന്ന മത്സരത്തിനെത്തിയത്. നന്നമ്പ്ര സി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ഹങ്കാമയില്‍ നിന്നുള്ള വരികള്‍ക്കായിരുന്നു ഹെന്ന ഈണമിട്ടത്ത്. മലപ്പുറം പാണക്കാട് ഡി യു എച്ച് എസ് എസിലെ മുഹമ്മദ് അജ്മല്‍ ജില്ലാ കലോത്സവത്തില്‍ രണ്ടാംസ്ഥാനത്തായിരുന്നു.
ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റിയാലിറ്റി ഷോ താരങ്ങള്‍ ധാരാളമായി കടന്നുവന്നപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ് എസ് എഫ് സാഹിത്യോത്സവ് പ്രതിഭകള്‍ നിറഞ്ഞു. പങ്കെടുത്ത 19 പേരില്‍ ഏഴു പേരും ഡിവിഷന്‍ മുതലുള്ള സാഹിത്യോത്സവ് വേദികളില്‍ പങ്കെടുത്തവരായിരുന്നു. കൂത്തുപ്പറമ്പ് ഗവണ്‍മെന്റ് എച്ച് എസ് എസിലെ മുഹമ്മദും അര്‍ഷകും തൃശ്ശൂര്‍ വെന്‍മനാട് എം എ എസ് എമ്മിലെ മുഹമ്മദും ഷുക്കൂറും സംസ്ഥാന സാഹിത്യോത്സവങ്ങളിലെ സ്ഥിരം പ്രതിഭകളാണ്. ഇരുവരും കലോത്സവത്തിലും എ ഗ്രേഡ് നേടി. പത്തനംതിട്ട എന്‍ എച്ച് എസ് എസിലെ മുഹമ്മദ് റിയാസും, തൃശ്ശൂര്‍ ഐ സി എ യിലെ മുഹമ്മദ് ആശിഖും സാഹിത്യോത്സവങ്ങളിലെ വിവിധ തലങ്ങളിലെ ജേതാക്കളാണ്.

Latest