Connect with us

International

വിമര്‍ശകര്‍ ഇസ്‌ലാമിന്റെ ചരിത്രം പഠിക്കണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

ബാ സിറ്റി/ഫിജി: ഇസ്‌ലാമിന്റെ പേരില്‍ ഭീകരതയാരോപിക്കുന്നവരും ഭീകരതക്ക് ഇസ്‌ലാമിനെ മറയാക്കുന്നവരും മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രം പഠിക്കണമെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. ബാ ഗോവിന്ദ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫിജി ദേശീയ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തോടെ കഴിയുന്നവരാണ് മുസ്‌ലിംകളെന്ന് തങ്ങള്‍ പറഞ്ഞു.
ഫിജി കാര്‍ഷിക സഹമന്ത്രി ജോളി കവാക്കി മുഖ്യാതിഥിയായിരുന്നു. സെമിറ്റിക് മതങ്ങള്‍ക്കും ഏഷ്യയില്‍ ഉത്ഭവിച്ച ദര്‍ശനങ്ങള്‍ക്കുമെല്ലാം സംഘട്ടനത്തിന്റെ ചരിത്രത്തെക്കാള്‍ ഒരുമയുടെ പാരമ്പര്യമാണുള്ളതെന്ന് ജോളി കവാക്കി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കാലഘട്ടത്തില്‍ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിക്കു വേണ്ടി ഇന്ത്യന്‍ തീരദേശങ്ങളില്‍ നിന്ന് ഫിജിയിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാരുടെ നേതൃത്വത്തില്‍ നിരവധി ഫിജിയന്‍ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ദഫ്, അറബനമുട്ട് എന്നിവയടക്കം പാരമ്പര്യ കലകളുടെ അവതരണത്തോടെ അതിഥികളെ വേദിയിലേക്കാനയിച്ചു.
പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച മന്‍ഖൂസ് മൗലിദ് ഉള്‍പ്പെടെയുള്ള പ്രകീര്‍ത്തന കാവ്യങ്ങളുടെ പാരായണവും വിശദീകരണവും സംഗമത്തിന്റെ ഭാഗമായി നടന്നു. മൗലാനാ സൈനുല്‍ അഖ്താബ് സിദ്ദീഖി (യു കെ), ഹാഫിസ് മൂസ പട്ടേല്‍, മൊയ്തീന്‍ ഷാ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് ഫിജി മൗറൂറു പട്ടണത്തില്‍ മഊനത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിലുള്ള മീലാദ് കോണ്‍ഫറന്‍സില്‍ ഖലീലുല്‍ ബുഖാരി മുഖ്യാതിഥിയാകും. നാളെ സിംഗത്തോക്കയിലും ബുധനാഴ്ച ലത്വോക്കയിലും നടക്കുന്ന മൗലിദുന്നബി സമ്മേളനത്തിനു ശേഷം 25 വരെ ആസ്‌ട്രേലിയയിലെ വിവിധ നബി സ്‌നേഹ സംഗമങ്ങളിലും തങ്ങള്‍ സംബന്ധിക്കും.