Connect with us

Ongoing News

കാവല്‍ വേണ്ടത് ബാബുവിന്റെ ഈണങ്ങള്‍ക്ക്

Published

|

Last Updated

കോഴിക്കോട്: എട്ടാം വേദി മല്‍ഹാറിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒരു നിമിഷം നില്‍ക്കുക. എന്നിട്ട് ആ കാവല്‍കാരന്റെ മുഖത്തേക്ക് നോക്കുക. മലയാളിയുടെ ചക്കരപ്പന്തലില്‍ തേന്‍മഴ പെയ്യിപ്പിച്ച ബാബുവാണത്. അതെ, ആകാശവാണിയില്‍ രാഘവന്‍ മാസ്റ്റര്‍ക്കും ബാബുരാജിനുമൊപ്പം പാടിയ അതേ ബാബു. മഹാമേളയുടെ കളിയരങ്ങുകള്‍ക്ക് കാവല്‍ നില്‍ക്കുകയാണിപ്പോള്‍ ബാബു. തൊട്ടരികെ തിരയടിക്കുന്ന അറബികടല്‍ പോലെ ഓളംവെട്ടുന്ന ഖല്‍ബിലെ ഈണങ്ങള്‍ക്ക് പക്ഷേ, കാവലും കരുതലുമില്ല.
ആകാശവാണിയിലൂടെ മൂന്ന് പതിറ്റാണ്ടോളം മലയാളി കേട്ട മധുരമുള്ള ശബ്ദത്തിന് ഇന്നും ഇടര്‍ച്ചയൊന്നുമില്ല. പുതിയ ഗാനങ്ങള്‍ മനസ്സിലെ പാട്ടുപുസ്തകത്തില്‍ പതിഞ്ഞെന്നു മാത്രം. ബാബു ആകാശവാണിയിലെത്തുമ്പോള്‍ ഡയരക്ടറായി തലപ്പത്തുള്ളത് സാക്ഷാല്‍ രാഘവന്‍ മാസ്റ്റര്‍. പിന്നെ എം എസ് ബാബുരാജ്, സലീല്‍ ചൗധരി തുടങ്ങി പാട്ടിന്റെ സുല്‍ത്താന്‍മാരൊത്ത് കേല്‍വിക്കാരുടെ മനസ്സിലെത്തിച്ച നിരവധി ഗാനങ്ങള്‍. മലയാളിയുടെ ഹൃദയരാഗങ്ങള്‍ ആകാശവാണിയിലൂടെ ഒഴുക്കിവിട്ട കലാകാരനെ പക്ഷേ, എട്ടാം വേദിയുടെ കവാടം കടക്കുന്നവരില്‍ പലര്‍ക്കുമറിയില്ല. അവര്‍ക്ക് ബാബു വെറുമൊരു കാവല്‍ക്കാരന്‍. ആകാശവാണിയിലെ പാട്ടുജീവിതത്തിന് ശേഷം കോംട്രസ്റ്റിലെത്തിയ സി എച്ച് ബാബുവെന്ന 63 കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുജറാത്തി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കലോത്സവം കോഴിക്കോട്ടെത്തിയപ്പോള്‍ എട്ടാംവേദിയുടെ കാവല്‍കാരനുമായി.
കായലരികത്തും… കല്ലായിക്കടവത്തുമൊക്കെ… ഇന്നും ബാബുവിന്റെ ഓര്‍മകളുടെ പൂമുഖത്തുണ്ട്. പാട്ടുമൂളിയാല്‍ വട്ടം കൂടാന്‍ ആളുമുണ്ട്. കൈവീശിയും വാഹനങ്ങള്‍ ഒതുക്കിയും മകരപ്പകലിന്റെ വെയിലേറ്റു വാടിയ മുഖത്ത് പാട്ടിന്റെ പുഞ്ചിരി എപ്പോഴുമുണ്ട്. അന്ന് 120 രൂപക്ക് പാട്ട് പാടിയ ബാബു കഴിഞ്ഞ ക്രിസ്മസിന് അയ്യായിരം രൂപ പ്രതിഫലത്തിനാണ് പാട്ടുപാടാന്‍ ആകാശവാണിയിലെത്തിയത്.
കാവല്‍ ജോലിയുടെ ഇടവേളകളില്‍ പാട്ടും സംഗീതവുമൊക്കെ തന്നെയാണ് ബാബുവിന്റെ ജീവിതം. കൂട്ടിന് ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമുണ്ട്.

---- facebook comment plugin here -----

Latest