Connect with us

Palakkad

അദാലത്തിലൂടെ സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലംകുറക്കുക ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്

Published

|

Last Updated

പാലക്കാട്:സര്‍ക്കാരും ജനങ്ങളുമായുള്ള അകലം കുറയ്ക്കുവാനും തീര്‍പ്പാവാതെ കിടക്കുന്ന അപേക്ഷകളില്‍ നടപടികള്‍ കൈക്കൊള്ളുവാനുമുള്ള ശ്രമമെന്ന നിലയില്‍ വന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് അദാലത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു.
ജില്ലാ റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് റവന്യൂ അദാലത്തുകള്‍ നടന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രം ഒന്നര ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചതായും ഇതില്‍ കോടതി നടപടികള്‍ ആവശ്യമായവ ഒഴികെയുള്ള മിക്കവാറും പരാതികളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 4571 പരാതികള്‍ പുതിയയവയാണ്.
രണ്ടര മാസമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഭഗീരഥ പ്രയത്‌നങ്ങളുടെ വിജയമാണിത്. ജില്ലകളിലെ അദാലത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് അവലോകനം ചെയ്യുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സെക്രട്ടേറിയറ്റ് കേന്ദ്രമായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിവിധ അപേക്ഷകളിലെ ധനസഹായം മന്ത്രി വിതരണം ചെയ്തു. ഓരോ താലൂക്കുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് വീതമാണ് മന്ത്രി ഉദ്ഘാടന വേദിയില്‍ വച്ച് സഹായധനമോ പരിഹാര ഉത്തരവുകളോ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് അതത് താലൂക്കുകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളില്‍ വച്ച് വിതരണം ചെയ്തു. പുതിയ പരാതിക്കാരില്‍ നിന്നുള്ള അപേക്ഷകര്‍ അദാലത്തില്‍ വച്ച് മന്ത്രി നേരിട്ട് സ്വീകരിക്കുകയും പരിഹാരഉത്തരവുകള്‍ നല്‍കുകയുമുണ്ടായി.
ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നടപടിക്രമങ്ങളുടെ ചുവപ്പുനാടകളില്‍ കുരുങ്ങി മനുഷ്യജീവിതങ്ങള്‍ കഷ്ടതയനുഭവിക്കുന്നത് ഒഴിവാക്കാന്‍ റവന്യൂ അദാലത്തുകള്‍ സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ് ആശംസകളര്‍പ്പിച്ചു. വി ടി ബല്‍റാം എം എല്‍ എ, സി പി മുഹമ്മദ് എം എല്‍ എ, കെ അച്യുതന്‍ എം എല്‍ എ, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ്, സര്‍വേ ഡയറക്ടര്‍ എസ് മിത്ര, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ്, എ ഡി എം യു നാരായണന്‍ കുട്ടി, ആര്‍ ഡി ഒ കെ ശെല്‍വരാജ്, ജില്ലാ പഞ്ചായത്തംഗം ഫെബിന്‍, ജനപ്രതിനിധികള്‍, സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥര്‍, ജില്ലാ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പ്രകൃതി ക്ഷോഭ ധനസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട ധനസഹായങ്ങളാണ് മന്ത്രി വിതരണം ചെയ്തത്, വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന റവന്യൂ, സര്‍വേ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളിലെ ഉത്തരവുകളും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നല്‍കി.
വിവിധ ധനസഹായങ്ങള്‍ക്കു പുറമെ, പോക്കുവരവ്, പട്ടയം, കെ എല്‍ യു, അതിര്‍ത്തി നിര്‍ണ്ണയം, ലാന്റ് റെക്കോര്‍ഡ്‌സ് ആന്റ് മെയിന്റനന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിലൂടെ പരിഹരിച്ചത്. കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 31 വരെ ലഭിച്ചവ, ശേഷം ഡിസംബര്‍ 20 വരെ നല്‍കിയവ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായി തിരിച്ചായിരുന്നു തീര്‍പ്പാക്കല്‍.
മാസങ്ങളെടുത്ത് വിവിധ റവന്യൂ ഓഫീസുകള്‍ വഴി സ്വീകരിച്ച 37,369 പരാതികളില്‍ 27,285 എണ്ണമാണ് അദാലത്തിലൂടെ പരിഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ധനസഹായത്തിനായി 3828ലധികം പരാതികളായിരുന്നു അദാലത്തിനായി മുന്‍കൂട്ടി ലഭിച്ചത്.
ഇവയില്‍ പരിഹരിക്കപ്പെട്ടവയില്‍ ഒന്നര കോടി രൂപ അദാലത്തിലൂടെ വിതരണം ചെയ്തു. കേന്ദ്രസഹായത്തോടെയുള്ള ദേശീയ കുടുംബക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ട് 3914 അപേക്ഷകള്‍ ലഭിച്ചിരുന്നു. പ്രകൃതിക്ഷോഭത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട് 1268 അപേക്ഷകളും ലഭിച്ചു.
പോക്കുവരവ് ഇനത്തില്‍ മാത്രം ലഭിച്ച പരാതികള്‍ 7772 ആണ്. ഇവയില്‍ 6708 എണ്ണത്തിലും അദാലത്തിലൂടെ പരിഹാരം കാണാനായി. ലാന്റ് റെക്കോര്‍ഡ്‌സ് ആന്റ് മെയിന്റനന്‍സ് വിഭാഗത്തില്‍ 14731 പരാതികള്‍ ലഭിച്ചു.