Connect with us

Wayanad

വെറ്ററിനറി സര്‍വകലാശാല ചുരമിറക്കാനുള്ള നീക്കത്തിനെതിരെ താക്കീതായി ഇടതു പ്രതിഷേധം

Published

|

Last Updated

പുക്കോട്: ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടായി മാറിയ വെറ്ററിനറി സര്‍വകലാശാല ചുരമിറക്കാനുള്ള നീക്കത്തിനെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ ഉജ്വല ബഹുജന പ്രക്ഷോഭം. രാവിലെ പത്തുമുതല്‍ എല്‍ ഡിഎഫ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ഗേറ്റിന് മുമ്പില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ക്ഷീരമേഖലക്ക് മുതല്‍ക്കൂട്ടും ആദിവാസികളുള്‍പ്പെടെയുള്ള നിരവധിപേര്‍ക്ക് തൊഴിലും നല്‍കിയ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സമരത്തില്‍ പ്രതിഷേധം ആളിക്കത്തി. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുക്കോട് ക്യാമ്പസിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയത് സത്യഗ്രഹമിരുന്ന പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണം നിരോധിച്ച ഹരിത ട്രിബ്യൂണല്‍ വിധിയുടെ മറവില്‍ ആസ്ഥാനം മാറ്റുമെന്ന് വൈസ്ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാത്ത എം പി ക്കും എം എല്‍ എക്കുമെതിരെ വന്‍ പ്രതിഷേധമാണ് സമരത്തില്‍ ഉയര്‍ന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഹരിത ട്രിബ്യൂണല്‍ വിധി വന്നതിനാല്‍ കാമ്പസില്‍ ഇനി യാതൊരു നിര്‍മാണ പ്രവൃത്തിയും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.
അനിശ്ചിതാവസ്ഥ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിരോധം നീക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയതിന് മറുപടി നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ അനാസ്ഥ മൂലം സര്‍വകലാശാല ആസ്ഥാന സമുച്ചയവും ഇതിനായി അനുവദിച്ച 76.57 കോടി രൂപ പാലക്കാട് തിരുവാഴാംകുന്ന്, തൃശൂര്‍ മണ്ണുത്തി ക്യാമ്പസുകളിലേക്ക് മാറ്റുമെന്നാണ് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലനില്‍പ്പ് ആശങ്കയിലായിട്ടും എം എല്‍ എയും മൗനം പുലര്‍ത്തുകയാണ്.
സമരം സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ കെ തോമസ് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുക്കര, എന്‍സിപി ജില്ലാ പ്രസിഡന്റ് സി എം ശിവരാമന്‍, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ്കുട്ടി, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പി കെ ബാബു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി ജെ കാതറിന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ കെ വി മോഹനന്‍, കെ സി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പി ഗഗാറിന്‍ സ്വാഗതവും സി കുഞ്ഞമ്മദ്കുട്ടി നന്ദിയും പറഞ്ഞു.