Connect with us

Wayanad

പുതിയ മുന്‍സിപ്പാലിറ്റി: സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പെടാതെ പോയത് ചില സാങ്കേതിക പ്രശ്‌നങ്ങളാലാണെന്ന്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ പുതിയ മുനിസിപ്പാലിറ്റികള്‍ പ്രഖ്യാപിച്ച കൂട്ടത്തില്‍ സുല്‍ത്താന്‍ ബത്തേരിയും ഉള്‍പ്പെടാതെ പോയത് ചില സാങ്കേതിക പ്രശ്‌നങ്ങളാലാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബത്തേരി മുനിസിപ്പാലിറ്റിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും, യു.ഡി.എഫ് നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് കരട് വിജ്ഞാപനം മാത്രമാണ്. അന്തിമ വിജ്ഞാപനം വരുമ്പോള്‍ സുല്‍ത്താന്‍ ബത്തേരി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയും ഉറപ്പ് നല്‍കി. ഒരു പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്കണമെങ്കില്‍ നിരവധി നടപടി ക്രമങ്ങളുണ്ട്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയാവുമെന്ന ഉറച്ച വിശ്വാസത്തില്‍ ഇത്തരം അപേക്ഷ നടപടികള്‍ ഗ്രാമപഞ്ചായത്തിലൂടെ പൂര്‍ത്തീകരിക്കാനായില്ല. സര്‍ക്കാര്‍ നഗര വികസന മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാനത്തെ മൂന്ന് പഞ്ചായത്തുകളില്‍ ഒന്ന് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തായത് കൊണ്ട് സ്വഭാവികമായും മുനിസിപ്പാലിറ്റിയാവുമെന്ന ധാരണയിലായിരുന്നു പഞ്ചായത്ത് ഭരണ സമിതി അടക്കം നിലകൊണ്ടത്.
എം.എല്‍.എ എന്ന നിലക്ക് എല്ലാ കുറ്റവും തലയിടാനാണ് രാഷ്ട്രീയ മുതലെടുപ്പിന് തുനിയുന്ന ചിലര്‍ ശ്രമിക്കുന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ രൂപീകരണത്തിന് ശ്രമിച്ചതുപോലെ ഈ വികാരം മാനിച്ച് ബത്തേരി മുനിസിപ്പാലിറ്റിയാക്കാനും യു.ഡി.എഫ് ഒറ്റക്കെ്ട്ടായി ശ്രമിക്കും. ബത്തേരി മണ്ഡലത്തിന്റെ വികസന കുതിപ്പിന് വേണ്ടി ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം മറച്ചു വെക്കാനുള്ള ശ്രമമാണ് സുല്‍ത്താന്‍ ബത്തേരി പിന്നിലാണെന്ന സ്ഥാപിത താല്‍പര്യക്കാരുടെ ആരോപണം. ഇത് അടിസ്ഥാന രഹിതമാണ്. ബത്തേരിയുടെ വികസനം വളരെ വേഗത്തില്‍ നടന്നുവരുന്ന സത്യം വിമര്‍ശകര്‍ മറച്ചു വെക്കുകയാണ്. രാത്രിയാത്ര നിരോധനം നിലവില്‍ വന്ന ഉടനെ പരാതി പരിഹരിക്കാന്‍ അന്ന് ഭരിക്കുന്നവര്‍ തയ്യാറായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഈ വിഷയമുണ്ടാകില്ലായിരുന്നു. രാത്രിയാത്രാ നിരോധനം നീക്കാന്‍ രാഷ്ട്രീയ തീരുമാനം മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന് റോഡ് തുറന്ന് കൊടുക്കുവാന്‍ കഴിയണം. കഴിഞ്ഞ കേന്ദ്ര സര്‍ക്കാറിനെ പഴിചാരിയിരുന്നവര്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ മിണ്ടുന്നില്ല. ഈ സമീപനമാണ് എല്ലാ വിഷയത്തിലും ആരോപണമുന്നയിക്കുന്നവര്‍ കൈക്കൊള്ളുന്നത്.
പത്രസമ്മേളനത്തില്‍ എം.എല്‍.എയെ കൂടാതെ ജില്ലാ ലീഗ് സെക്രട്ടറി പി.പി.അയ്യൂബ്, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ, ഡി.സി.സി സെക്രട്ടറി എന്‍.എം.വിജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എം.ജോര്‍ജ്ജ്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍, ടി.ജെ.ജോസഫ്, കെ കെ ഗോപിനാഥന്‍ പങ്കെടുത്തു.

Latest