Connect with us

Malappuram

നിലമ്പൂര്‍ മോഡല്‍ വികസനം പകര്‍ത്താന്‍ കൊറിയന്‍ ടിവിയും

Published

|

Last Updated

നിലമ്പൂര്‍: നഗരസഭ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ കൊറിയന്‍ ന്യൂസ് ചാനല്‍ സംഘമെത്തി. കൊറിയന്‍ ദേശീയ ചാനലായ കെ ബി എസ് (കൊറിയന്‍ ബ്രോഡ് കാസ്റ്റിംഗ് സിസ്റ്റം ) ഇന്റര്‍നാഷണല്‍ ന്യൂസ് സംഘമാണ് നിലമ്പൂരിലെത്തിത്.
നിലമ്പൂരിലെ സ്ത്രീധന രഹിത ഗ്രാമം, ശിശു നഗരം, എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുക്കുന്ന സമീക്ഷ, വിവാഹ ചൂഷണത്തിനിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന സുരക്ഷിത, തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ നല്‍കി യുവതികളെ സാമ്പത്തിക സ്വയം പര്യാപ്തരാക്കുന്ന കമ്യൂണിറ്റി കോളജ്, പട്ടികജാതിക്കാരെയും ആദിവാസികളെയും മുഖ്യ ധാരയിലെത്തിക്കുന്ന “ഒപ്പത്തിനൊപ്പം” തുടങ്ങിയ പദ്ധതികളെക്കുറിച്ചറിയാനാണ് കൊറിയന്‍ സംഘം എത്തിയത്. ഒരു പ്രമുഖ ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലില്‍ നിലമ്പൂരിലെ വികസന പദ്ധതികളെക്കുറിച്ചു വന്ന ലേഖനത്തെ തുടര്‍ന്നാണ് കെ ബി സി ഇതേക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ ന്യൂസ് സംഘത്തെ ഇന്ത്യയിലേക്കയച്ചത്. ശാസ്ത്ര, സാങ്കേതിക, വികസന രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തുന്ന കൊറിയക്കു പോലും മാതൃകയാക്കാവുന്ന പദ്ധതികളാണ് നിലമ്പൂരില്‍ നടപ്പാക്കിയിരിക്കുന്നതെന്ന് കെ ബി എസ് ക്രിയേറ്റീവ് ഹെഡ് സഹോന്‍ ജിയോന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ പാര്‍ക് സു യൂന്‍, ക്യാമറാമാന്‍ ബിയോന്‍ സബ്‌ഹോ എന്നിവരും കൊറിയന്‍ ചാനല്‍ സംഘത്തിലുണ്ടായിരുന്നു. നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരുടെ അഭിമുഖവും പദ്ധതികള്‍, കമ്യൂണിറ്റി കോളജ് എന്നിവ പകര്‍ത്തിയ സംഘം നിലമ്പൂര്‍ ചന്തക്കുന്നില്‍ വഹാബിന്റെ മകളുടെ സ്ത്രീധന രഹിത വിവാഹത്തില്‍കൂടി പങ്കെടുത്ത് ദമ്പതികളുടെ അഭിമുഖവും ചിത്രീകരിച്ചാണ് മടങ്ങിയത്.

Latest