Connect with us

Malappuram

ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: കുറഞ്ഞ പലിശക്ക് ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. തിരൂര്‍ ആലത്തിയൂര്‍ രണ്ടില്ലാക്കര കരിയങ്ങാട്ടുകാവില്‍ കുഞ്ഞാപ്പ(37) ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. മലപ്പുറം ചട്ടിപ്പറമ്പില്‍ ജി എം ആര്‍ ബിസിനസ് എന്റര്‍പ്രൈസ് എന്ന സ്ഥാപനം തുടങ്ങിയാണ് നിരവധി പേരില്‍ നിന്ന് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയത്.
കഴിഞ്ഞ ഒക്ടോബര്‍ 20ന് ചട്ടിപ്പറമ്പ് സര്‍വീസ് സ്റ്റേഷനു സമീപം ഗ്രീന്‍ ടവറിലാണ് ഈ സ്ഥാപനം തുടങ്ങിയത്. റിയല്‍ എസ്റ്റേറ്റ്, വിവാഹ ബ്യൂറോ, കരിയര്‍ പ്ലേസ്‌മെന്റ്, വാടക ക്വാര്‍ട്ടേഴ്‌സുകള്‍, കല്യാണ ഇവന്‍മെന്റ്, ഹോള്‍സെയില്‍ വിലയില്‍ സാധന സാമിഗ്രികള്‍ എത്തിച്ചു കൊടുക്കല്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ സംഘടിപ്പിച്ച് കൊടുക്കല്‍, ഹോം നേഴ്‌സിംഗ് തുടങ്ങി സേവനങ്ങള്‍ വാഗ്ദാനം നല്‍കി കൊണ്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഒരാഴ്ചയോളം മാത്രമാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. ഈ കാലയളവില്‍ തന്നെ ഏറ്റവും കുറഞ്ഞ പലിശക്ക് ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ തട്ടിപ്പിനിരയാക്കിയിരുന്നു. ആദ്യ ഗഡുവിലേക്കാണെന്നു പറഞ്ഞ് ലോണിന്റെ പത്ത് ശതമാനം തുകയും സര്‍വീസ് ചാര്‍ജായി 10000 രൂപയും പ്രതികള്‍ കൈപ്പറ്റുകയും ചെയ്തു. 30 ലക്ഷം വാഗ്ദാനം ചെയ്ത പരാതിക്കാരനില്‍ നിന്നും 31, 5000 രൂപ കൈപ്പറ്റി. ആധാരത്തിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും നികുതി രശീതിയുടെയും ഫോട്ടോകോപ്പിയും വാങ്ങി വെച്ചിരുന്നു.
പിന്നീട് ഈ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടപ്പോള്‍ ഇടപാടുകാര്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു. വ്യാജ വിലാസത്തിലാണ് പ്രതികള്‍ മുറി വാടകക്ക് എടുത്തിരുന്നത്. പ്രതികള്‍ താമസിച്ചിരുന്ന കോട്ടക്കലിലെ ടൂറിസ്റ്റ് ഹോമില്‍ അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജ വിലാസമാണെന്ന് മനസിലായത്. മലപ്പുറം, കോട്ടക്കല്‍ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.