Connect with us

Kozhikode

ചേലൊത്ത ചുവടുകളുമായി മൊഞ്ചത്തിമാര്‍ അരങ്ങുനിറഞ്ഞു

Published

|

Last Updated

കോഴിക്കോട്: മൈലാഞ്ചി മൊഞ്ചുമായി നാരിയും തോഴിമാരും വേദി വാണപ്പോള്‍ കോഴിക്കോട്ടെ കാണികള്‍ മിഴി ചിമ്മിയില്ല. എന്നും കലകളെ നെഞ്ചോടു ചേര്‍ക്കുന്ന കോഴിക്കോട്ടെ ആസ്വാദകര്‍ ഒപ്പനയുടെ സദസ്സിനെ ആവേശഭരിതമാക്കി. മുത്തു റസൂലിന്റെയും പ്രിയ പത്‌നിമാരുടെയും മംഗലത്തിന്റെ മഹനീയ സങ്കല്‍പ്പങ്ങള്‍ കൈകൊട്ടിപ്പാടിയപ്പോള്‍ സദസ്സും അവര്‍ക്കൊപ്പം താളമിട്ടു.
സാമൂതിരി എച്ച് എസ് എസിലെ രണ്ടാം വേദിയായ കാംബോജിയിലാണ് ഒപ്പനയുമായി സുന്ദരികള്‍ അരങ്ങു വാണത്. നാല് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഒപ്പന ഏഴ് മണിക്കൂര്‍ വൈകി 11 മണിയോടെയാണ് ആരംഭിച്ചതെങ്കിലും ഒപ്പന കാണാന്‍ അക്ഷമയോടെ കാത്തിരുന്ന കാണികളെ ഒട്ടും നിരാശരാക്കിയില്ല കേരളക്കരയുടെ സുന്ദരിക്കുട്ടികള്‍. മൈലാഞ്ചി മൊഞ്ചണിഞ്ഞ സുന്ദരി മണവാട്ടിക്കു ചുറ്റും തോഴിമാര്‍ മതിമറന്നു കളിച്ചപ്പോള്‍ ജനക്കൂട്ടം ഒപ്പനയെ നെഞ്ചിലേറ്റി. വിളയില്‍ ഫസീലയുള്‍പ്പടെയുള്ളവര്‍ വിധികര്‍ത്താക്കളായെത്തിയപ്പോള്‍ പരാതികളം കുറഞ്ഞു. നിലവാരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മൊഞ്ചത്തിമാര്‍ എല്ലാവരും നന്നായി കളിച്ചെന്നു ആസ്വാദകരുടെ സാക്ഷ്യം.
മത്സരങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നെങ്കിലും കണ്ണൂര്‍ ഡി ഐ എസ് ഗേള്‍സിലെ പി അശ്വതിക്കും സംഘത്തിനുമാണ് ഒന്നാം സ്ഥാനം. കോഴിക്കോട് സില്‍വര്‍ എച്ച് എസ് എസിലെ എ ഡി ഗോപികയും സംഘവും രണ്ടാം സ്ഥാനവും കൊല്ലം മോഡല്‍ എച്ച് എസ് എസിലെ ആര്‍ ജി ഗോപികാ രാജും സംഘവും മൂന്നാം സ്ഥാനവും നേടി.