Connect with us

Kozhikode

സ്വത്വം നഷ്ടപ്പെടുന്നതിന്റെ ആകുലതകളുമായി പ്രസംഗ മത്സരം

Published

|

Last Updated

കോഴിക്കോട്: സ്വത്വം നഷ്ടമായിപ്പോകുന്നതില്‍ സ്‌കൂള്‍ പ്രതിഭകളുടെ വേവലാതികള്‍ക്ക് അടിവരയിടുന്നതായി ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗ മത്സരം. അന്യമായിപ്പോകുന്ന കേരളീയം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ വര്‍ത്തമാന കാലത്ത് കേരളീയ സംസ്‌കാരത്തിനും ഭാഷക്കും കാര്‍ഷിക മേഖലക്കുമൊക്കെ വന്നുചേര്‍ന്ന പരുക്കുകള്‍ ആത്മരോഷത്തെ കുട്ടികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
പാശ്ചാത്യ സംസ്‌കാരങ്ങളോടുള്ള നമ്മുടെ അഭിനിവേശം, മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളത്തിന് നേരിടേണ്ടിവരുന്ന അവഗണന, കാര്‍ഷിക സംസ്‌കാരത്തിനേറ്റ മങ്ങല്‍, പുഴകളും ഹരിത വനങ്ങളും നഷ്ടമാകുന്നതിന്റെ ആകുലതകള്‍ തുടങ്ങി കേരളീയ ജീവിതത്തിന്റെ നാനാവശങ്ങളെയും കുട്ടികള്‍ വിഷയവുമായി ബന്ധിപ്പിച്ചു.
16 പേര്‍ പങ്കെടുത്ത മത്സരത്തില്‍ കോഴിക്കോട് മേപ്പയ്യൂര്‍ ജി വി എച്ച് എസ് എസിലെ ദേവ്ദര്‍ശന്‍ ഒന്നാം സ്ഥാനം നേടി. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നന്ദിതാ പി വത്സനാണ് രണ്ടാം സ്ഥാനം. മണ്ണാര്‍ക്കാട് എം ഇ എസ് എച്ച് എസ് എസിലെ കൃഷ്ണ പ്രിയയും വാളൂര്‍ എന്‍ എസ് എച്ച് എസ് എസിലെ അമൃത കൃഷ്ണയും മൂന്നാം സ്ഥാനം പങ്കിട്ടു.
കലോത്സവം എന്താണ് നല്‍കുന്നത് എന്ന വിഷയത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രസംഗ മത്സരത്തില്‍ കലാമേളയെ രക്ഷിതാക്കളും അധ്യാപകരും മത്സരിച്ച് കലാപ ഭൂമിയാക്കരുതെന്ന അഭ്യര്‍ഥന പല കുട്ടികളും മുന്നോട്ടുവെച്ചു. കലോത്സവത്തിന് വേണ്ടി മാത്രം കല കൊണ്ടുനടക്കുന്ന ഏര്‍പ്പാട് ഒഴിവാക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചു. സ്‌കൂളിലെ കാലപ്രതിഭകള്‍ കല അനീതിക്കെതിരെ ഉപയോഗപ്പെടുത്തുമ്പോഴാണ് കല യഥാര്‍ഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് ഓര്‍മപ്പെടുത്തലുമുണ്ടായി.
18 പേര്‍ പങ്കെടുത്ത മത്സരത്തില്‍ കൊടുങ്ങല്ലൂര്‍ ജി എച്ച് എസ് എസിലെ കെ എച്ച് അനമിക്കാണ് ഒന്നാം സ്ഥാനം. കരുനാഗപ്പള്ളി ബി എച്ച് എസ് എസിലെ വിഷ്ണു പ്രകാശ് രണ്ടാം സ്ഥാനവും കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ജി എച്ച് എസ് എസിലെ എം പി മുഹമ്മദ് സ്വാദിഖ് മൂന്നാം സ്ഥാനവും നേടി.