Connect with us

Kerala

ഇന്ദിരാഭവന് മുന്നില്‍ പ്രതിഷേധം: നന്‍മ സ്റ്റോറുകള്‍ പൂട്ടില്ല

Published

|

Last Updated

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 200 നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ആലപ്പുഴ ജില്ലയിലെ നന്മ സ്‌റ്റോറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട താത്കാലിക ജീവനക്കാര്‍ ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഭവനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നന്മ സ്റ്റോറുകള്‍ പൂട്ടില്ലെന്ന പ്രഖ്യാപനം നടത്തിയത്. കണ്‍സ്യൂമര്‍ ഫെഡിലെ താത്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി. നന്മ സ്റ്റോറുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഇന്ദിരാ ഭവനില്‍ കെ പി സി സി നിര്‍വാഹക സമിതി യോഗം നടക്കുന്നതിനിടെയാണ് കണ്‍സ്യൂമര്‍ഫെഡ് താത്കാലിക ജീവനക്കാര്‍ പ്രതിഷേധവുമായെത്തിയത്. നിര്‍വാഹക സമിതി യോഗത്തിനെത്തുന്ന മുഖ്യമന്ത്രിയടക്കമുള്ളവരെയും പാര്‍ട്ടി നേതാക്കളെയും നേരിട്ട് കണ്ട് പ്രതിഷേധമറിയിക്കുക എന്ന നിലപാടിലാണ് ജീവനക്കാരെത്തിയത്. ഇതിനിടെ ഇന്ദിരാ ഭവനിലെ ജീവനക്കാര്‍ പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് എതിര്‍പ്പുമായെത്തിയത് തര്‍ക്കത്തിനിടയാക്കി. ഐ എന്‍ ടി യു സിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പാര്‍ട്ടിയുടെ പേരിന് കളങ്കം വരുത്തുന്നതാണെന്നായിരുന്നു ഇന്ദിരാഭവന്‍ ജീവനക്കാരുടെ പ്രതികരണം. എന്നാല്‍ തങ്ങളും കോണ്‍ഗ്രസ് തറവാട്ടിലെ അംഗങ്ങളാണെന്നും നേതാക്കളെ കാണാന്‍ വന്നതാണെന്നുമായിരുന്നു നന്മ ജീവനക്കാരുടെ മറുപടി.
ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായതോടെ നന്മ ജീവനക്കാര്‍ പ്ലക്കാര്‍ഡുകളും കൊടികളുമേന്തി മുദ്രാവാക്യം വിളികളുമായി ഇന്ദിരാ ഭവനു മുന്നില്‍ നിലയുറപ്പിച്ചു. ഇതിനു ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയള്ളവരുടെ സമീപത്തേക്ക് പ്രതിഷേധം അറിയിക്കാന്‍ സമരക്കാര്‍ പോയത് സുരക്ഷാ ജീവനക്കാരുമായി സംഘര്‍ഷത്തിനിടയാക്കി. കെ പി സി സി നിര്‍വാഹക സമിതി നടക്കുന്നതിനിടെ പുതുപ്പള്ളിയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുഖ്യമന്ത്രി ഇന്ദിരാ ഭവന് പുറത്തിറങ്ങിയപ്പോള്‍ സമരക്കാര്‍ അദ്ദേഹത്തിന്റെ വാഹനത്തിനു മുന്നില്‍ ചാടുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.
വിഷയം കെ പി സി സി നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയായി. നന്മ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കെ പി സി സി നേതൃത്വം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. യോഗം കഴിഞ്ഞ് പുറത്തേക്കു വന്ന സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനെ സമരക്കാര്‍ വളഞ്ഞു. അതോടെ നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് മണിക്കൂറുകളോളം ഇന്ദിരാ ഭവനു മുന്നില്‍ പ്രതിഷേധം സൃഷ്ടിച്ചത്. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധക്കാന്‍ മടങ്ങി.
കണ്‍സ്യൂമര്‍ ഫെഡില്‍ ഓരോ നന്മ സ്റ്റോറിലും രണ്ട് താത്കാലിക ജീവനക്കാര്‍ വീതമാണുള്ളത്. ഇതിനു പുറമെ പാക്കിംഗ് സെക്ഷനില്‍ വേറെയും താത്കാലിക ജീവനക്കാരുണ്ട്. ദിവസം 300 രൂപ വേതനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. അതേസമയം കഴിഞ്ഞമാസം ഇവര്‍ക്ക് പകുതി വേതനം മാത്രമാണ് ലഭിച്ചതെന്ന പരാതിയുമുണ്ട്. കണ്‍സ്യൂമര്‍ ഫെഡിലെ സ്ഥിര നിയമനങ്ങളില്‍ ഭൂരിഭാഗവും കോഴ വാങ്ങിയാണ് നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നന്മ സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പണം നല്‍കാന്‍ കെ പി സി സി നിര്‍വാഹക സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Latest