Connect with us

Kerala

സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

കോട്ടയം: സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശം. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍ ഡി എഫ് നടത്തിയ സമരം വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ട് പിന്‍വലിച്ചത് സമരത്തില്‍ പങ്കെടുത്തവരിലും ജനങ്ങളിലും സംശയമുളവാക്കി. സി പി എമ്മും യു ഡി എഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണ സമരം പിന്‍വലിക്കാന്‍ കാരണമായെന്ന പ്രചാരണവും വ്യാപകമായി. ഈ സമയങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചില സംഭവങ്ങള്‍ ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ജനങ്ങളുടെ സംശയം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാര്‍ കോഴ വിവാദത്തിലും സി പി എം അമ്പതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ സംബന്ധിച്ച് സി പി എം കൈകൊണ്ട നിലപാടുകള്‍ അണികളിലും ജനങ്ങള്‍ക്കിടയിലും സംശയങ്ങള്‍ ജനിപ്പിക്കുന്നതായിരുന്നു. യു ഡി എഫ് സര്‍ക്കാറിനെതിരെ നടത്തിയ സമരങ്ങള്‍ ആര്‍ക്കുവേണ്ടിയോ നടത്തിതീര്‍ക്കുന്നുവെന്ന രീതിയിലുള്ളതായി മാറിയെന്ന വിമര്‍ശനവും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വലിയ സ്വാധീന മേഖലകളില്‍ ബി ജെ പി നേടിയ മേല്‍ക്കൈ ഗുരുതരമായി കാണണമെന്ന് സംഘടനാ റിപ്പോര്‍ട്ട് അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഈ മേഖലകളില്‍ സി പി എമ്മിനുണ്ടായ ക്ഷീണമാണ് ബി ജെ പിയുടെ വളര്‍ച്ചക്ക് കാരണം. പിന്നാക്ക പട്ടികജാതി വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അന്തരീക്ഷവും ഇടത്തരക്കാരിലും ചെറുപ്പക്കാരിലുമുള്ള സ്വാധീനവുമുപയോഗിച്ച് കൂടുതല്‍ മേഖലകളിലേക്ക് കടുന്നുവരാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങളെയും ചെറുക്കണം. മധ്യവര്‍ഗത്തിന്റെ ഇടയില്‍ സ്വാധീനം പരിമിതമാണെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ പാര്‍ട്ടിക്ക് കഴിയണം. മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ എസ് ഡി പി ഐ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനം വര്‍ധിച്ചു. അഴിമതി അവകാശമാണെന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്.
സി പി ഐയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പദ്ധതികള്‍ നടപ്പാക്കണം. അങ്ങനെയുണ്ടാകുന്നില്ലെന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയിലുണ്ടെന്ന സ്വയം വിമര്‍ശനവും സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.

Latest