Connect with us

Kerala

സി പി എം പ്രവര്‍ത്തകന്റെ ഘര്‍ വാപസി ക്ഷണം നിരസിച്ച യുവാവിനെ മര്‍ദിച്ചവശനാക്കി

Published

|

Last Updated

ചാവക്കാട്: പുനര്‍ മതപരിവര്‍ത്തനം നടത്താന്‍ ആവശ്യപ്പെട്ടത് നിരസിച്ച യുവാവിനെ സി പി എം പ്രവര്‍ത്തകന്‍ മര്‍ദിച്ചവശനാക്കി. പെരുമ്പടപ്പ് കടവ് പള്ളിക്ക് സമീപം താമസിക്കുന്ന തച്ചപ്പറമ്പില്‍ അരവിന്ദാക്ഷന്റെ മകന്‍ അബ്ദുല്ല(45 ) ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ അബ്ദുല്ല ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്‍ എസ് എസ് പശ്ചാത്തലമുള്ള ചെറായി നാക്കോലക്കടുത്ത് താമസിക്കുന്ന വിശ്വന്‍ എന്നയാളാണ് തന്നെ ആക്രമിച്ചതെന്ന് അബ്ദുല്ല ആരോപിച്ചു.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ഹിന്ദു മത വിശ്വാസി ആയിരുന്ന ഷാജി എന്ന അബ്ദുല്ല 16 വര്‍ഷം മുമ്പ് ആണ് ആശാരി ജോലിക്കായി പെരുമ്പടപ്പില്‍ എത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ഇസ്‌ലാം മതം സ്വീകരിച്ച ഇയാള്‍ 13 കൊല്ലം മുമ്പ് കുന്ദംകുളം പോര്‍ക്കുളങ്ങാട് മുഹമ്മദിന്റെ മകള്‍ റാബിയയെ വിവാഹം കഴിച്ചു. ഇതില്‍ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍മക്കളും ഉള്ള ഇയാള്‍ ഇപ്പോള്‍ കുടുംബസമേതം പെരുംപടപ്പിലെ വാടക വീട്ടിലാണ് താമസം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാക്കോലക്കു സമീപത്തെ കടയില്‍ വെച്ച് അബ്ദുല്ല വിശ്വനെ പരിചയപ്പെടുന്നത്. പിന്നീടുണ്ടായ സംസാരങ്ങള്‍ക്കിടെ അബ്ദുല്ലയോട് ഹിന്ദു മതത്തിലേക്ക് മടങ്ങണം എന്ന് വിശ്വന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവത്രേ. ഭാര്യയേയും മക്കളെയും ഉപേക്ഷിക്കാനും ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും അബ്ദുല്ല പറയുന്നു. മതം മാറിയ ശേഷം ഹിന്ദു യുവതിയെ വിവാഹം ചെയ്തു തരാമെന്ന് പ്രലോഭിപ്പിച്ചതായും സ്ഥലവും വീടും നല്‍കി മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കാം എന്ന് വാഗ്ദാനം ചെയ്തതായും അബ്ദുല്ല പറയുന്നു.
തൊഴിലുടമയായ ചെറായി സ്വദേശി സുനിയുടെ വീട്ടില്‍ നിന്നും പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന അബ്ദുല്ലയെ ഇക്കഴിഞ്ഞ വ്യാഴാഴ്ച വഴിയില്‍ തടഞ്ഞു നിര്‍ത്തി ഹിന്ദു മതത്തിലേക്ക് തിരിച്ചു വരണം എന്നും, അല്ലാത്ത പക്ഷം സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു വിശ്വന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാതെ എതിര്‍ത്തു സംസാരിച്ച അബ്ദുല്ലയെ ഇയാള്‍ ആക്രമിക്കുകയായിരുന്നത്രേ. അവശനായ അബ്ദുല്ലയെ തൊഴിലുടമ സുനിയെത്തിയാണ് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എസ് ഐ യെ വിവരങ്ങള്‍ ധരിപ്പിച്ചു പരാതി എഴുതി നല്‍കിയ ശേഷം ഇയാളെ രാത്രി 8.30ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ സി പി എം പ്രവര്‍ത്തകനായ വിശ്വന്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് വിവരം.