Connect with us

Ongoing News

ഒപ്പം ഒപ്പത്തിനൊപ്പം

Published

|

Last Updated

കോഴിക്കോട്: കുപ്പിവളക്കിലുക്കവും നിറക്കൂട്ടുകളും മേളപ്പെരുക്കങ്ങളും ചിലമ്പൊലികളുമായി ഇളമുറക്കാര്‍ നിറഞ്ഞാടുമ്പോള്‍ കനകകിരീടത്തിനായി കനത്ത പോരാട്ടം. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തില്‍ ആര് മുന്നിലെത്തുമെന്ന പ്രവചനം അസാധ്യമായ ദിവസമായിരുന്നു ഇന്നലെ. മൈലാഞ്ചിച്ചോപ്പുമായെത്തിയ നാരിമാരും മലയാളി മങ്കമാരുടെ താളത്തിനൊത്ത ചുവടുവെപ്പും വിശ്വാസവും പാരമ്പര്യവും ഇഴചേര്‍ത്തെത്തിയ മാര്‍ഗം കളിയും കൂത്താശാന്‍മാരുടെ നവരസഭാവങ്ങളും നൃത്തച്ചുവടുകളുടെ കാന്തിയും കണ്ട മൂന്നാം ദിനത്തില്‍ നഗരിയില്‍ കലയുടെ വസന്തം വിരിഞ്ഞു.

പ്രഭാതത്തിന് നയനചാരുതയേകി ഒന്നാം വേദിയിലെത്തിയ ഭരതനാട്യത്തോടെയാണ് മൂന്നാം ദിനം ഉണര്‍ന്നത്. നടനവിസ്മയം തീര്‍ത്ത് താളത്തില്‍ ചുവടുവെച്ച നര്‍ത്തകിമാര്‍ നിറഞ്ഞ കൈയടിയാണ് നേടിയത്. പിന്നീട് ആരതി ഉഴിഞ്ഞ് താളത്തില്‍ ചുവടുവെച്ച മലയാളി മങ്കമാരും സദസ്സിന്റെ നിറമുള്ള കാഴ്ചയായി.
പാരമ്പര്യ വേഷവിധാനത്തിനൊപ്പം ഭക്തി ഭാവവും കളിയുടെ ചുവടുകളിലൊളിപ്പിച്ച മാര്‍ഗം കളി സംഘങ്ങള്‍ പാരമ്പര്യ കലയുടെ സൂക്ഷിപ്പുകാരായപ്പോള്‍ കേരള നടനത്തിനൊപ്പം രണ്ടാം വേദിയും സമ്പന്നമായി. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം കോലും ദഫും ദ്രുതതാളമിട്ട വേദി എട്ടും താളപ്രിയരുടെ സാന്നിധ്യം കൊണ്ട് വേദി അഞ്ചും ഇന്നലെ സജീവമായിരുന്നു. മൂന്ന് പകലും രാത്രിയും പിന്നിട്ടപ്പോള്‍ അരങ്ങില്‍ മല്‍സരം മുറുകുകയാണ്.