Connect with us

International

ഇസ്‌റാഈല്‍ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നു

Published

|

Last Updated

ഹേഗ്: ഫല്‌സ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി) അന്വേഷിക്കുന്നു. ഇസ്‌റാഈലിനെതിരെയുള്ള ആദ്യ യുദ്ധക്കുറ്റ അന്വേഷണമാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഐ സി സിയുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്കയും ഇസ്‌റാഈലും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ ദുരന്തകരമായ വൈരുധ്യമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. സമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ഈ നീക്കം അപകടപ്പെടുത്തുമെന്നും അമേരിക്കയുടെ വിദേശകാര്യ വക്താവ് ജെഫ് റാത്‌കെ പറഞ്ഞു. ഐ സി സി നീക്കത്തെ പ്രകോപനപരമെന്നും അര്‍ഥശൂന്യമെന്ന് ഇസ്‌റാഈലും കുറ്റപ്പെടുത്തി. അതേസമയം, ഐ സി സി നടത്തുന്ന അന്വേഷണങ്ങളുടെ ഫലം കാത്തിരിക്കുകയാണ് ഫലസ്തീന്‍ ജനതയെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ നബീല്‍ ശാത്ത് വ്യക്തമാക്കി. ഇസ്‌റാഈലിനെ സമ്മര്‍ദത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇവിടുത്തെ ജനങ്ങളെ കൊന്നൊടുക്കിയ, ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവരാണ് അവര്‍. ഗാസയെ അവര്‍ നശിപ്പിച്ചു. ജലം അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി. ഇതിനൊരവസാനം വേണം. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഫലം കാണുന്നില്ല. ഇനി ഐ സി സിയിലൂടെ മാത്രമേ ഫലസ്തീന്‍ ജനതക്ക് ലക്ഷ്യം നേടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌റാഈല്‍ ഫലസ്തീനിനെതിരെ നടത്തിയ യുദ്ധക്കുറ്റങ്ങളിലുള്ള പ്രാഥമികാന്വേഷണമാണ് ആദ്യത്തില്‍ നടക്കുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുകയെന്ന് ഐ സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഐ സി സിയുടെ തീരുമാനത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്വാഗതം ചെയ്തു. പതിനായിരക്കണക്കിന് പേര്‍ക്ക് നീതി ലഭിക്കാന്‍ ഇത് അവസരം നല്‍കുമെന്ന് സംഘടന വ്യക്തമാക്കി.
തങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണിതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു. ഇനി ഒരു രാജ്യത്തിനും ഇത്തരമൊരന്വേഷണത്തെ തടസ്സപ്പെടുത്താന്‍ സാധിക്കില്ല. പ്രാഥമികാന്വേഷണത്തിന് ശേഷം സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഫലസ്തീന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ അമ്മാര്‍ ഹിജാസി പറഞ്ഞു. ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഐ സി സിയില്‍ ഫലസ്തീന്‍ അംഗമാകാന്‍ അപേക്ഷ നല്‍കിയത്. ഏപ്രില്‍ ഒന്നോടുകൂടി കൂടി ഫലസ്തീന് അംഗത്വം ലഭിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചിരുന്നു. 2014 ജൂണ്‍ 13ന് മുന്‍കാല പ്രാബല്യത്തിലായിരിക്കും ഫലസ്തീന് അംഗത്വം ലഭിക്കുക.
ഇതോടെ 2014 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി അമ്പത് ദിവസം നീണ്ട ഇസ്‌റാഈല്‍ ആക്രമണവും പ്രോസിക്യൂട്ടര്‍ക്ക് അന്വേഷിക്കാന്‍ സാധിക്കും. ഇസ്‌റാഈല്‍ ആക്രമണത്തില്‍ രണ്ടായിരത്തിലധികം പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.