Connect with us

Editorial

സിരിസേനയുടെ ദൗത്യം

Published

|

Last Updated

രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളേയും ഉള്‍പ്പെടുത്തി ദേശീയ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രമം അന്തിമഘട്ടത്തിലാണ്. ഇപ്പോള്‍ പ്രസിഡന്റില്‍ കേന്ദ്രീകൃതമായ അധികാരം പാര്‍ലിമെന്റിന് തിരിച്ചുനല്‍കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാനായാല്‍ അത് രാജ്യത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെക്കെതിരെ സംയുക്ത സ്ഥാനാര്‍ഥിയെന്ന നിലയിലാണ് രജപക്‌സെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേന രംഗത്ത് വന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പോരാട്ടത്തില്‍, 2009ല്‍ എല്‍ ടി ടി ഇയെ തകര്‍ത്ത് തരിപ്പണമാക്കിയ ഭരണാധികാരിയെന്ന നിലയില്‍ സിംഹളരുടെ “ഹീറോ” എന്ന പ്രതിഛായയോടെയാണ് രജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റ് പദവിയില്‍ മൂന്നാമൂഴത്തിന് മുതിര്‍ന്നത്. രണ്ട് വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്നിട്ടും രാജപക്‌സെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അമിത ആത്മവിശ്വാസത്തോടെ ആയിരുന്നു. പക്ഷേ, ഇവിടെ അദ്ദേഹത്തിന് തെറ്റുപറ്റി. 51.29 ശതമാനം വോട്ട് നേടി സിരിസേന വിജയിച്ചു. അമ്പരന്നുപോയ രജപക്‌സെ അതിനിടയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരത്തില്‍ തുടരാന്‍ ശ്രമം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. അതിന്മേല്‍ പുതിയ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ രജപക്‌സെയുടെ രാഷ്ട്രിയ ജീവിതത്തിന്റെ അന്ത്യമായിരിക്കും കുറിക്കപ്പെടുക.
പ്രസിഡന്റ് പദത്തില്‍ മൂന്നാമൂഴമുറപ്പിക്കാന്‍ രജപക്‌സെ അതിയായി ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്. അതിനായി ഭരണഘടനപോലും ഭേദഗതിചെയ്തു. അധികാരത്തിലിരുന്ന കാലം അധികാരങ്ങളെല്ലാം പ്രസിഡന്റില്‍ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 9ന് വോട്ടെണ്ണല്‍ പുരോഗമിക്കവേ, ഫലം തനിക്ക് എതിരാകുമെന്ന സൂചന ലഭിച്ചപ്പോള്‍ രജപക്‌സെ തന്റെ ഔദ്യോഗിക വസതിയില്‍ സൈനികോദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സഹോദരന്‍ ഗോട്ടഭയ, വിദേശകാര്യ മന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചതായാണ് അറിവ്. തുടര്‍ന്ന് സൈനിക മേധാവി, പോലീസ് ഐ ജി, അറ്റോര്‍ണി ജനറല്‍ എന്നിവരേയും വസതിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ ഇവര്‍ മൂന്നുപേരും യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. ഇവരുടെ ചങ്കൂറ്റമാണ് ശ്രീലങ്കയില്‍ ജനാധിപത്യം നിലനിര്‍ത്തിയതെന്ന് വിദേശകാര്യമന്ത്രി മംഗള സമരവീര മറച്ചുകെട്ടലില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്തന്നെ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന ആരോപണം രജപക്‌സെ ചുമക്കേണ്ടിവരും.
അതേ സമയം, പുതിയ പ്രസിഡന്റ് സിരിസേന തമിഴ് ഭൂരിപക്ഷ മേഖലയായ വടക്കന്‍ പ്രവിശ്യയില്‍ ഗവര്‍ണരായി പ്രമുഖ നയതന്ത്രജ്ഞനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എച്ച് എം ജി എസ് പലിഹക്കരയെ നിയമിച്ചു. തമിഴ് ദേശീയ സഖ്യ(ടി എന്‍ എ)ത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. സൈനിക പശ്ചാത്തലമുള്ളവരെ ഗവര്‍ണരായി നിയമിക്കരുതെന്ന തമിഴ് വംശജരുടെ ആവശ്യം നിരാകരിച്ചുകൊണ്ട് 2014 ജൂലൈമാസമാണ് രജപക്‌സെ റിട്ടയേര്‍ഡ് മേജര്‍ ജനറലായ ജി എ ചന്ദ്രസിരിയെ ഗവര്‍ണറായി നിയമിച്ചത്. 2009ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ ചന്ദ്രസിരി ശ്രീലങ്കന്‍ ആര്‍മിയുടെ ജാഫ്‌നയിലെ കമാന്‍ഡര്‍ ആയിരുന്നു. പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിന്‍ കീഴില്‍ ശ്രീലങ്കന്‍ സര്‍ക്കാറിന്റെ പല നയ നിലപാടുകളും മാറ്റിഎഴുതപ്പെടുമെന്നാണ് പ്രതീക്ഷ. രണ്ടര പതിറ്റാണ്ടിലേറെയായി ദേശീയ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്ന തമിഴ് വംശജരെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സിരിസേന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടാകുമെന്ന് തമിഴ് വംശജര്‍ പ്രതീക്ഷിക്കുന്നു. നേരത്തെ, യുദ്ധമേഖലയെന്ന നിലയില്‍ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ വെള്ളിയാഴ്ച സിരിസേന സര്‍ക്കാര്‍ പിന്‍വലിച്ചു. എല്‍ ടി ടി ഇയെ അടിച്ചൊതുക്കാനെന്ന പേരില്‍ ശ്രീലങ്കന്‍ സേന തമിഴ് വംശജര്‍ക്കെതിരെ നടത്തിയ മനുഷ്യത്വരഹിതവും കിരാതവുമായ നടപടികള്‍ പുറംലോകം അറിയാതിരിക്കാന്‍ 2014 ഒക്‌ടോബറിലാണ് രജപക്‌സെ സര്‍ക്കാര്‍ വടക്കന്‍ പ്രവിശ്യയില്‍ വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിന്റെ ഭയാശങ്കകള്‍ ദൂരീകരിക്കാന്‍ അവരോട് സ്‌നേഹവും ഊഷ്മളമായ സഹവര്‍ത്തിത്വവും പുലര്‍ത്തണമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ അവരെ പുനരധിവസിപ്പിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകണം. യുദ്ധക്കുറ്റങ്ങള്‍ ചെയ്തവരേയും അതിന് പ്രേരിപ്പിച്ചവരേയും തമിഴ് വംശജരെ ഉന്മൂലനാശം വരുത്താന്‍ ശ്രമിച്ചവരേയും കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അതിന് ആവശ്യമായ ശ്രമങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാകണം.

Latest