Connect with us

National

കൈക്കൂലി നല്‍കാന്‍ കിഡ്‌നി വില്‍ക്കേണ്ടി വന്നു ഈ വൃദ്ധക്ക്

Published

|

Last Updated

ബെംഗളൂരു: സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് കര്‍ണാടകയില്‍ നിന്നൊരു കൈക്കൂലിക്കഥ. ഭൂരേഖകള്‍ ശരിയാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ മാണ്ഡ്യയിലെ ശ്രീരംഗപട്ടണത്തെ നിരക്ഷരയായ ചിക്കത്തയമ്മയെന്ന 55കാരി സ്വന്തം കിഡ്‌നി വിറ്റുവെന്ന വാര്‍ത്തയാണ് ഏവര്‍ക്കും ഉള്‍ക്കിടിലമുണ്ടാക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഒരു കിഡ്‌നിയാണ് ഇവര്‍ക്കുള്ളത്.
മരിച്ച പിതാവിന്റെ ഭൂമി സ്വന്തം പേരിലാക്കാന്‍ 15 വര്‍ഷത്തോളം താലൂക്ക് ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല. മടുത്തതിനെ തുടര്‍ന്നാണ് കിഡ്‌നി വില്‍ക്കാന്‍ നിര്‍ബന്ധിതയായത്. മറ്റെന്ത് എനിക്ക് ചെയ്യാനാകും? ഞാനൊരു പാവം കര്‍ഷകയാണ്. ചിക്കത്തയമ്മ കണ്ണീരോടെ പറയുന്നു. മൈസൂരിന് അടുത്തായി ചിക്കത്തയമ്മയുടെ പിതാവിന് 15 ഏക്കര്‍ ഭൂമിയുണ്ട്. ഭര്‍ത്താവിന്റെ മരണത്തോടെ ചിലര്‍ ഇത് കൈയേറി. സ്വത്ത് കുടുംബത്തിന്റെ പേരിലേക്ക് മാറ്റുന്നതിന് ജില്ലാ ആസ്ഥാനം സന്ദര്‍ശിക്കുക ചിക്കത്തയമ്മയുടെ പതിവായി. എന്നാല്‍, ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഓരോ ഏക്കറിനും 8000 രൂപ വീതം നല്‍കിയാലേ രേഖ ശരിയാക്കി നല്‍കുള്ളൂവെന്ന് ദൊദ്ദയ്യ എന്ന വ്യക്തി പറയുകയായിരുന്നു. സ്വന്തം പിതാവിന്റെ ഭൂമിക്ക് വേണ്ടി എന്തിന് പണം നല്‍കണമെന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു. അത്രയും വലിയ തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബെംഗളൂരുവില്‍ വെച്ച് കിഡ്‌നി വിറ്റത്.
സംഭവത്തില്‍ കര്‍ണാടക ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട റവന്യൂ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.