Connect with us

National

വ്യോമസേനക്ക് തേജസ്

Published

|

Last Updated

ബെംഗളൂരു: തദ്ദേശീയമായി നിര്‍മിച്ച പ്രഥമ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്ട് (ഭാരംകുറഞ്ഞ യുദ്ധവിമാനം)- തേജസ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ വ്യോമസേനക്ക് കൈമാറി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അനൂപ് രാഹയുടെ സാന്നിധ്യത്തില്‍ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡിലാണ് (എച്ച് എ എല്‍) ചടങ്ങ് നടന്നത്.
1983ല്‍ രൂപകല്‍പ്പന ചെയ്ത എല്‍ സി എ, 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍മാണം പൂര്‍ത്തിയാക്കി വ്യോമസേനക്ക് കൈമാറുന്നത്. വ്യത്യസ്ത കാലാവസ്ഥകളില്‍ തേജസ് ആകാശത്ത് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഔപചാരികമായി വ്യോമസേനക്ക് കൈമാറിയത്. എച്ച് എ എല്ലില്‍ നിര്‍മിച്ച തേജസിന് പ്രാരംഭ ഓപറേഷണല്‍ ക്ലിയറന്‍സ്-1 ലഭിച്ചത് 2011 ജനുവരിയിലാണ്. ഇതിന് അന്തിമ ഓപറേഷണല്‍ ക്ലിയറന്‍സ് ലഭിക്കേണ്ടത് ഈ വര്‍ഷാവസാനമാണ്. തേജസിന്റെ ആദ്യ പറക്കല്‍ 2014 ഒക്‌ടോബര്‍ ഒന്നിനായിരുന്നു. റിട്ടയേര്‍ഡ് എയര്‍ കമഡോര്‍ കെ എ മുത്തണ്ണയാണ് ആദ്യ പറത്തല്‍ നടത്തിയത്.
ഭാരം കുറഞ്ഞ യുദ്ധവിമാനം (എല്‍ സി എ) ആഭ്യന്തരമായി നിര്‍മിക്കാനുള്ള പദ്ധതിക്ക് ഇതിനകം 17,000 കോടി രൂപ ചെലവായി കഴിഞ്ഞു. 2017- 2018 കാലയളവില്‍ ഇരുപത് തേജസ് വിമാനങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്‍ സി എകള്‍ക്ക് മാത്രമായി ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് പ്രത്യേക വിഭാഗം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മുതല്‍മുടക്കോടെ വ്യവസ്ഥാപിതമായി ഉത്പാദനം മുന്നോട്ടു കൊണ്ടു പോകാനാണ് ഇത്.
ഇപ്പോള്‍ വ്യോമസേനയുടെ ഭാഗമായ തേജസ് എല്‍ സി എ ലേ, ജാംനഗര്‍, ജെയ്‌സാല്‍മര്‍, ഉത്തരാലൈ ഗ്വാളിയോര്‍, പത്താന്‍കോട്ട്, ഗോവ എന്നിവിടങ്ങളിലാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. തണുത്ത കാലാവസ്ഥ, ചൂടേറിയ കാലാവസ്ഥ തുടങ്ങിയ വിവിധ സാഹചര്യങ്ങളില്‍ വിമാനത്തിന്റെ പറക്കല്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനായിരുന്നു ഈ പറക്കലുകള്‍.
വ്യോമസേനയുടെ കൈവശമുള്ള കാലപ്പഴക്കം വന്ന മിഗ്- 21 യുദ്ധവിമാനങ്ങള്‍ക്ക് പകരംവെക്കാനാണ് 1983ല്‍ എല്‍ സി എ പദ്ധതി ആവിഷ്‌കരിച്ചത്. പക്ഷേ, പല കാരണങ്ങളാല്‍ ഇവ പുറത്തിറക്കാനുള്ള സമയപരിധി പാലിക്കാനാകാതെ പോകുകയായിരുന്നു.

Latest