Connect with us

Ongoing News

നാടകങ്ങള്‍ മുഴുവന്‍ കാണാതെ സമാന്തര ജൂറി; എല്ലാറ്റിനും എ ഗ്രേഡ് നല്‍കി യഥാര്‍ഥ ജൂറി

Published

|

Last Updated

കോഴിക്കോട്: ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ ഭയപ്പെടുമെന്ന ഒരു നാടന്‍ ചൊല്ലുണ്ട് മലയാളത്തില്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിന്റെ ഫലം ഇത് ഓര്‍മിപ്പിക്കുന്നതായിരുന്നു. പങ്കെടുത്ത എല്ലാ നാടകങ്ങള്‍ക്കും എ ഗ്രേഡ്. അതും മത്സരം കഴിഞ്ഞ് നിമിഷ നേരംകൊണ്ട്. സമാന്തര ജൂറിയെന്ന് പറഞ്ഞ് വേദിയില്‍ സജീവമായുണ്ടായിരുന്ന ചിലരെ ഭയന്നാകാം വിധികര്‍ത്താക്കള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് നാടക രംഗത്ത് വര്‍ഷങ്ങളായി പരിചയമുള്ളവര്‍ ആരോപിക്കുന്നു. എന്നാല്‍, ജൂറിമാരുടെ ഉള്ളില്‍ ഭയം നിറച്ച സമാന്തര ജൂറിമാര്‍ പാതി നാടകങ്ങള്‍ തീരുംമുമ്പ് തന്നെ സ്ഥലം വിടുകയും ചെയ്തിരുന്നു. ബി ഗ്രേഡിന് പോലും അര്‍ഹതയില്ലാത്ത നാടകങ്ങളാണ് പല ജില്ലകളില്‍ നിന്നും എത്തിയിരുന്നത്. ഇതൊക്കെ തന്നെയായിരുന്നു അപ്പീലിലൂടെ എത്തിയ പല നാടങ്ങളുടെയും അവസ്ഥയും. എന്നാല്‍, ഇവരൊക്കെ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നത് കണ്ട് നാടകത്തെ ശാസ്ത്രീയമായി സമീപിക്കാന്‍ കെല്‍പ്പുള്ള സദസ്സിലെ നാടക പ്രവര്‍ത്തകര്‍ക്ക് കണ്ണുതള്ളി.
ജില്ലാ കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടിയെത്തിയ 14 നാടകങ്ങളും അപ്പീലിലൂടെയെത്തിയ 11 നാടകങ്ങളും അടക്കം 25 നാടകങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. രാത്രി പത്തരയോടെ തുടങ്ങിയ നാടകങ്ങള്‍ പുലര്‍ച്ചെ അഞ്ചരയോടെ അവസാനിച്ചു. സാധാരണ ഗതിയില്‍ മൂന്ന് വിധികര്‍ത്താക്കള്‍ 25 നാടകങ്ങള്‍ക്ക് നല്‍കിയ മാര്‍ക്കുകള്‍ പ്രോഗ്രാംകമ്മിറ്റിക്കാര്‍ പകര്‍ത്തിയെഴുതി മൂന്നുപേരുടെയും മാര്‍ക്കുകള്‍ കൂട്ടി ഗ്രേഡ് തിരിച്ച് ഫലം പ്രഖ്യാപിക്കാന്‍ ഏറ്റവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും എടുക്കും. എന്നാല്‍ ഇവിടെ പത്ത് മിനുട്ടിനകം എല്ലാം മംഗളം. എല്ലാവര്‍ക്കും എ ഗ്രേഡ്. മത്സരാര്‍ഥികള്‍ക്ക് ലോട്ടറിയടിച്ച ആഹ്ലാദം. വിധികര്‍ത്താക്കള്‍ക്ക് പൊല്ലാപ്പൊഴിഞ്ഞുകിട്ടിയ ആശ്വാസം.
സാംസ്‌കാരിക പ്രവര്‍ത്തകനായ സിവിക് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സമാന്തര ജൂറി നാടക വേദിയിലെത്തിയത്. സിനിമാ താരങ്ങളായ മാമുക്കോയയും അനൂപ് ചന്ദ്രനുമെല്ലാം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ നാടക രംഗത്തെ ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് അനൂപ് ചന്ദ്രനും മാമുക്കോയയും പിന്‍മാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരത്തോടെ സിവിക് ചന്ദ്രനും സ്ഥലംവിട്ടു. രണ്ട് വിലയിരുത്തലുകളും രണ്ട് ഫലപ്രഖ്യാപനവുമൊക്കെ പ്രതീക്ഷിച്ചവര്‍ മഴപോലെ വന്നത് മഞ്ഞുപോലെ പോയി എന്ന അവസ്ഥയിലായി.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ നാടകങ്ങള്‍ പലതും സി ഗ്രേഡിന് പോലും അര്‍ഹതയില്ലെന്ന് ആസ്വാദകര്‍ പറയുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും മുമ്പും പിമ്പും നോക്കാതെ എ ഗ്രേഡ് നല്‍കുന്നത് മത്സരത്തിന്റെ നിലവാരം കുറയ്ക്കുമെന്ന് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ അപ്പീല്‍ പ്രളയത്തിന് ഇടയാക്കുകയും ചെയ്യും. എന്നാല്‍, വിദ്യാഭ്യാസ മന്ത്രിയോ ഡി പി ഐയോ എല്ലാവര്‍ക്കും എ ഗ്രേഡ് നല്‍കി ജൂറിമാര്‍ കൈകഴുകുന്ന രീതിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest