Connect with us

International

പരിധിയില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുമില്ലെന്ന് ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ഷാര്‍ളി ഹെബ്‌ദോക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആഞ്ഞടിച്ചു. ലോകത്താകെയുള്ള മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു ഈ നടപടിയെന്നും വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന രീതിയാണ് മാഗസിന്‍ നടത്തിയതെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു. മുസ്‌ലിംകളെ കുറിച്ചും ക്രിസ്ത്യാനികളെ കുറിച്ചും പ്രകോപനപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് കുപ്രസിദ്ധമാണ് ഷാര്‍ളി ഹെബ്‌ദോ. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്റെ മേല്‍ കടന്നുകയറി ഭീകരതയോട് സാമ്യം പുലര്‍ത്തുന്നു. ഇതിനെ കുറിച്ച് നാം ഓരോരുത്തരും ബോധവാന്‍മാരാകണം. പരിധിയില്ലാത്ത സ്വാതന്ത്ര്യം ആര്‍ക്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച മാഗസിനെതിരായ തീവ്രവാദി ആക്രമണത്തില്‍ ജീവനക്കാരായ 12 പേര്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മുസ്‌ലിംകളെ വീണ്ടും പ്രകോപിപ്പിക്കാന്‍ ലക്ഷ്യം വെച്ച് പ്രവാചകനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
മുസ്‌ലിംകള്‍ അവരുടെ പ്രവാചകനെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നവരാണ്. അതുപോലെ ക്രിസ്തുമതത്തിലെയും ജൂതമതത്തിലെയും പ്രവാചകന്‍മാരെയും മുസ്‌ലിംകള്‍ ബഹുമാനിക്കുന്നുവെന്നും ഉര്‍ദുഗാന്‍ അങ്കാറയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കി.