Connect with us

National

സുരക്ഷ ഒബാമക്ക് മാത്രം മതിയോ എന്ന് ഡല്‍ഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 15000 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെ “കൊട്ടി” ഡല്‍ഹി ഹൈക്കോടതി. നൂറ് കോടി ജനങ്ങളുടെ ആവശ്യത്തിന് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. ഡല്‍ഹിയിലെ കൂട്ടബലാത്സംഗം പോലെയുള്ള നിരവധി സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഒബാമ തിരിച്ചുപോകുന്നതോടെ ക്യാമറകള്‍ നീക്കം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പരിഗണിക്കുകയായിരുന്നു കോടതി.
വിദേശ പ്രസിഡന്റിന്റെ സന്ദര്‍ശനം കാരണമാണ് ഇത് ചെയ്യുന്നത്. ഇന്ത്യന്‍ പൗരന്‍മാക്ക് വേണ്ടിയല്ല. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചാല്‍ നടപ്പിലാകാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടി വരും. മറിച്ചായതിനാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ചെയ്തു. അന്യഗ്രഹജീവിയാണോ വരുന്നത്? ജസ്റ്റിസുമാരായ ബദര്‍ ദുരേസ് അഹ്മദും സഞ്ജീവ് സച്ച്‌ദേവയുമടങ്ങിയ ബഞ്ച് ചോദിച്ചു. ക്യാമറകള്‍ നീക്കുമോയെന്ന കാര്യത്തില്‍ പ്രതിരണമാരാഞ്ഞ് കേന്ദ്രം, ഡല്‍ഹി ഭരണകൂടം, സിറ്റി പോലീസ് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ആരും നശിപ്പിച്ചില്ലെങ്കില്‍ നീക്കം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ബഞ്ച് അഭിപ്രായപ്പെട്ടു.
നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ക്രമസമാധാന നില ഇത്തരം ക്യാമറകള്‍ സംവിധാനിക്കുന്നതിനെ ആവശ്യപ്പെടുന്നുണ്ടെന്ന് അഭിഭാഷക മീര ഭാട്ടിയ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബലാത്സംഗ കേസുകള്‍ അറിയുന്നതിന്റെ ഭാഗമായി തലസ്ഥാനത്തുടനീളം സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest