Connect with us

Ongoing News

ഈ ചുമടിനേക്കാള്‍ ഭാരമുണ്ട് യാസറിന്റെ അറിവിന്

Published

|

Last Updated

കോഴിക്കോട്: മാപ്പിളകലകളുടെ ചരിത്രവും വര്‍ത്തമാനവും പറയുന്ന എണ്ണം പറഞ്ഞ രണ്ട് പുസ്തകങ്ങള്‍, കേരളത്തിന്റെ തെക്കുനിന്നും വടക്കു നിന്നുമായി ദ്രുതതാളത്തില്‍ കോലടിക്കുന്ന അഞ്ച് ടീമുകള്‍… മേളയുടെ തിരക്കിനിടയില്‍ തിരിഞ്ഞുനോക്കാന്‍ പോലും സമയമില്ല യാസറിന്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ചുമട്ടുതൊഴിലാളിയായ മരക്കാനക്കടവ് പറമ്പില്‍ യാസറിന് മാപ്പിളകലകളില്‍ ഗവേഷക തൊപ്പിയുടെ പിന്‍ബലമൊന്നുമില്ല. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ട്. പിന്നെ മുഖദാര്‍ കടപ്പുറത്തെ മാപ്പിളകലകളുടെ പെരുത്ത പെരുമയും.
കോലും ദഫും അറബനയുമൊക്കെ കുട്ടിക്കാലത്തു തന്നെ കണ്ടുതുടങ്ങിയ യാസര്‍ എല്ലാം പഠിച്ചു തുടങ്ങിയത് യാദൃച്ഛികം. പിന്നെ പരപ്പില്‍ സ്‌കൂളിനെ പ്രതിനിധാനം ചെയ്ത് 1999, 2000, 2001 വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവത്തില്‍ കോല്‍ക്കളിയില്‍ മിന്നുന്ന വിജയം. പത്താം ക്ലാസോടെ പഠനം നിര്‍ത്തി. അല്ല, നിര്‍ത്തേണ്ടി വന്നു എന്ന് യാസര്‍ തിരുത്തും. പിന്നെ ജീവിച്ചു തീര്‍ക്കാനുള്ള മത്സരം. കേള്‍ക്കുന്നത് തിരക്കേറിയ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ആരവം.
കണ്ടു പഠിച്ചതും പയറ്റി തെളിഞ്ഞതുമായ മാപ്പിളകലകള്‍ പുസ്തകത്തില്‍ പകര്‍ത്താന്‍ ആശ തോന്നിയ യാസറിന് അധ്യാപകരും സുഹൃത്തുക്കളും കരുത്തു പകര്‍ന്നു. അധ്വാനത്തിന്റെ തഴമ്പു വീണ കൈകളില്‍ നിന്ന് പിന്നെ കനമുള്ള രണ്ട് കൃതികള്‍ പിറന്നു. “മാപ്പിള സംഘകലകള്‍”, “വടക്കന്‍ മാപ്പിള കോല്‍ക്കളിപ്പാട്ട്” എന്നീ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരുപോലെ ഗവേഷണ ഗ്രന്ഥമാണിന്ന്. പ്രധാന വേദിക്കരികിലെ പുസ്തകശാലയില്‍ ഏറെ ആവശ്യക്കാരുള്ളതും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ യാസറിന്റെ പുസ്തകങ്ങള്‍ക്ക് തന്നെയാണ്. പൊങ്ങാത്ത ജീവിതഭാരത്തിനിടയിലും മാലപ്പാട്ടും മാപ്പിള രാമായണവും എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചനയിലാണ് യാസര്‍ . യാസറിന്റെ അടവും താളവുമൊക്കെയായി അഞ്ച് കോല്‍ക്കളി ടീമുകളാണ് ഇന്നലെ മത്സരിക്കാനിറങ്ങിയത്. ഇനി അറബനയിലും യാസറിന്റെ ശിഷ്യന്‍മാര്‍ പൊരുതാനിറങ്ങും.

Latest