Connect with us

Kerala

ബാര്‍ കോഴ: ബാറുടമകളുടെ മൊഴിയെടുത്തു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാറുടമ അസോസിയേഷന്റെ നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഇന്നലെ രാവിലെ 11.30 ആരംഭിച്ച മൊഴിയെടുക്കല്‍ വൈകുന്നേരം ആറ് വരെ തുടര്‍ന്നു. വിജിലന്‍സ് എസ് പി. എസ് സുകേശന്‍ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി ധനേഷ്, നിര്‍വാഹക സമിതി അംഗം അനുമോന്‍ എന്നിവരാണ് മൊഴി നല്‍കാനെത്തിയത്. രാജ്കുമാറിന്റെയും അനുമോന്റെയും മൊഴികളാണ് രേഖപ്പെടുത്തിയത്.
മൊഴിയില്‍ കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നാണ് സൂചന. എന്നാല്‍, ബാര്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ബിജു രമേശിനെ പിന്തുണക്കുന്നതായി നേതാക്കള്‍ പറഞ്ഞു. അതേസമയം, അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെ എം മന്ത്രിയെ കണ്ടിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാര്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് സഹായം തേടിയാണ് കെ എം മാണിയെ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയിട്ടുണ്ട്. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പിരിവെടുത്തത്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റായ രാജ്കുമാര്‍ ഉണ്ണിയും കൃഷ്ണദാസും ഡ്രൈവര്‍ അമ്പിളിയും ചേര്‍ന്നാണ് കെ എം മാണിക്ക് പണം നല്‍കിയതെന്ന് നേരത്തെ ബിജു രമേശ് മൊഴി നല്‍കിയിരുന്നു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയും ഇത് ആവര്‍ത്തിച്ചു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല.

Latest