Connect with us

Gulf

എന്‍ ആര്‍ കെ മീറ്റില്‍ ഗള്‍ഫ് മലയാളി ചര്‍ച്ച ശ്രദ്ധേയമായി

Published

|

Last Updated

കൊച്ചി: ആഗോള മലയാളി പ്രവാസി സംഗമത്തിന്റെ ഭാഗമായി ഗള്‍ഫ് സെഷനും അതിനെ തുടര്‍ന്നുള്ള ഓപണ്‍ ഫോറവും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക വഴി ശ്രദ്ധേയമായി. മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, നോര്‍ക്ക മന്ത്രി കെ സി ജോസഫ്, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, തോമസ് ചാണ്ടി എം എല്‍ എ, എം എ യൂസുഫലി, ഇസ്മായേല്‍ റാവൂത്തര്‍, പി കെ മേനോന്‍ തുടങ്ങിയവരാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഗള്‍ഫ് സെഷനില്‍ ജിജി തോംസണ്‍ ഐ എ എസ് ആമുഖ പ്രഭാഷണം നടത്തി.
ഗള്‍ഫില്‍ ജയിലില്‍ കിടക്കുന്നവര്‍ ധാരാളമാണെന്നും അവരെ ഉന്നത സംഘം സന്ദര്‍ശിക്കണമന്നും തോമസ് ചാണ്ടി എം എല്‍ എ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന നഴ്‌സുമാരെയും മറ്റും ആഭരണങ്ങള്‍ അണിഞ്ഞതിന്റെ പേരില്‍ കസ്റ്റംസ് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം. വോട്ടവകാശം ലഭ്യമായി എങ്കിലും അതിനെയും കച്ചവട വത്കരിക്കാന്‍ അനുവദിക്കരുതെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇപ്പോള്‍ തിരച്ചു വരുന്നവരുടെ പ്രശ്‌നങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. 40,000ത്തോളം ആളുകള്‍ എന്‍ ആര്‍ കെ വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്ന് വായ്പക്ക് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. 1.2 ലക്ഷം പേര്‍ ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുത്തിട്ടുണ്ട്. പെന്‍ഷന്‍ കൊടുത്തു തുടങ്ങി എന്നും പി എം എ സലാം പറഞ്ഞു.
ഗള്‍ഫിലേക്ക് നഴ്‌സുമാരെയും മറ്റും കൊണ്ടുപോയി വഞ്ചിക്കുന്ന ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം എ യൂസുഫലി കേരള സര്‍ക്കാറിനോടും കേന്ദ്ര സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. ഷാര്‍ജയിലും റുവൈസിലും മറ്റും നിരവധി പേരെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും താനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും മറ്റും ഈയിടെ ശ്രമം നടത്തിയെന്നും എം എ യൂസുഫലി വെളിപ്പെടുത്തി.
കേരളത്തിലെ ഒരു വിമാനത്താവളം പോലും ഇന്റര്‍നാഷനല്‍ ഹബ്ബാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സ് വെച്ചില്ലെന്ന് ഇസ്മായേല്‍ റാവൂത്തര്‍ ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി കൊച്ചിയെയെങ്കിലും ഇന്റര്‍നാഷനല്‍ ഹബ്ബാക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. അദ്ദേഹം റാവുത്തര്‍ ആവശ്യപ്പെട്ടു. അഡ്വ. വൈ എ റഹീം, ഡോ. ഹുസൈന്‍, അന്‍വര്‍ നഹ, അഡ്വ. ഹാഷിഖ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പല ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രതികരിച്ചത്. യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ കേരള ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 60 ആയി ഉയര്‍ത്താന്‍ ഉടന്‍ ഓഡിനന്‍സ് ഇറക്കും. തൊഴില്‍ വൈദഗ്ധ്യം നേടിയ ഗള്‍ഫ് മലയാളികള്‍ക്ക് സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പരിഗണിക്കും. മുഖ്യ മന്ത്രി പറഞ്ഞു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്