Connect with us

Gulf

രാജ്യത്തെ മസ്ജിദുകള്‍ പകല്‍ കൂടുതല്‍ സമയം തുറന്നിടുന്നതിനെക്കുറിച്ച് ആലോചിക്കും

Published

|

Last Updated

ഷാര്‍ജ: രാജ്യത്തെ മസ്ജിദുകള്‍ നിര്‍മാണ ചാരുതയിലും പരിപാലനത്തിലും വൃത്തിയിലും ഏറെ മുന്നിലാണെന്നും രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചറിയിക്കുന്നതാണെന്നും മതകാര്യവകുപ്പിലെ ഇസ്‌ലാമിക് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഉബൈദ് അല്‍ മസ്‌റൂഈ പ്രസ്താവിച്ചു.
വിശ്വാസികളുടെ സൗകര്യം പരിഗണിച്ച് മസ്ജിദുകള്‍ പകല്‍സമയങ്ങളില്‍ കൂടുതല്‍ നേരം തുറന്നിടുന്നതിനെക്കുറിച്ച് മത കാര്യവകുപ്പ് പുനരാലോചിക്കുമെന്നും അല്‍ മസ്‌റൂഈ വ്യക്തമാക്കി. മതകാര്യ വകുപ്പില്‍ വന്ന ചില പരാതികളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് അല്‍ മസ്‌റൂഈ ഇക്കാര്യമറിയിച്ചത്.
രാജ്യത്തെ മിക്കയിടങ്ങളിലെ മസ്ജിദുകളും ഔദ്യോഗിക ജമാഅത്ത് കഴിഞ്ഞ് അല്‍പ സമയത്തിനകം പൂട്ടിയിടുന്ന പതിവുണ്ട്. മാത്രമല്ല, മസ്ജിദുകളോടനുബന്ധിച്ചുള്ള ടോയ്‌ലറ്റുകളും മറ്റും പൂട്ടിയിടുന്നതിനാല്‍ പലപ്പോഴും യാത്രക്കാരായി എത്തുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങളും ആരാധനയും നിര്‍വഹിക്കല്‍ പ്രയാസകരമാകുന്നത് ശ്രദ്ധയില്‍പ്പെടുത്തുന്നതായിരുന്നു പരാതി.
ഔദ്യോഗിക ജമാഅത്ത് നിസ്‌കാരം കഴിഞ്ഞാല്‍ അടുത്ത നിസ്‌കാരത്തിന്റെ സമയം വരെ മസ്ജിദുകള്‍ അടച്ചിടണമെന്ന തീരുമാനം കൈകൊണ്ടത് മതകാര്യവകുപ്പ് തന്നെയാണ്. പവിത്രതക്ക് നിരക്കാത്ത രീതിയില്‍ ചിലര്‍ മസ്ജിദുകളിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പലയിടങ്ങളിലും ശ്രദ്ധയില്‍പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. കിടന്നുറങ്ങുന്നതും ചൂടുകാലങ്ങളില്‍ ഭക്ഷണം കഴിക്കാനും മറ്റുമൊക്കെ മസ്ജിദുകളുടെ സൗകര്യങ്ങള്‍ ദുരുപയോഗിക്കുന്നത് തടയാനും അകത്തുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെടാതിരിക്കാനുമൊക്കെയാണ് ഇങ്ങിനെയൊരു നടപടി കൈക്കൊണ്ടത്.
എങ്കിലും ചില സ്ഥലങ്ങളിലും ചില മസ്ജിദുകളിലും ഈ നിയമം ബാധകമല്ലാത്തവയുമുണ്ട്. ഇത്തരമൊരു നടപടിയിലൂടെ യാത്രക്കാരുടെയും മറ്റും ബുദ്ധിമുട്ടുകള്‍ അതോറിറ്റി മനസ്സിലാക്കുന്നു. തീരുമാനം പുനപ്പരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പള്ളികള്‍ തുറന്നുകിട്ടേണ്ട സ്ഥലങ്ങളിലെ ആവശ്യക്കാര്‍ അതാതു പ്രദേശത്തെ മതകാര്യവകുപ്പ് ഡയറക്ടര്‍മാരെ പരിഹാരത്തിനായി സമീപിക്കണമെന്നും മുഹമ്മദ് ഉബൈദ് അല്‍ മസ്‌റൂഈ അറിയിച്ചു.

Latest