Connect with us

Gulf

അനധികൃതമായി വാങ്ങിയ അധിക ഫീസ് തിരിച്ചു നല്‍കുമെന്ന്

Published

|

Last Updated

ഷാര്‍ജ: അപ്രഖ്യാപിതമായും അനധികൃതമായും രക്ഷിതാക്കളില്‍ നിന്ന് ഈടാക്കിയ അമിത ഫീസ് തിരിച്ചു നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. അമിത ഫീസ് ഈടാക്കിയത് അബദ്ധമായിരുന്നെന്ന് പറഞ്ഞ അധികൃതര്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ഷാര്‍ജയിലെ ബ്രിട്ടീഷ് പാഠ്യ പദ്ധതി പിന്തുടരുന്ന ഒരു സ്വകാര്യ വിദ്യാലയമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ രക്ഷിതാക്കളില്‍ നിന്ന് 6,000 ദിര്‍ഹം വരെ അധിക ഫീസ് ഈടാക്കിയത്. ഇതില്‍ കുപിതരായ രക്ഷിതാക്കള്‍ കൂട്ടത്തോടെ അധികൃതരുടെ മുമ്പില്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസം സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പരാതികളുമായി രക്ഷിതാക്കള്‍ രംഗത്തിറങ്ങിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ നിലവിലുള്ള ഫീസില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചതും അധികമായി ഈടാക്കിയ തുക രക്ഷിതാക്കള്‍ക്ക് തിരിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയാണ് അധികൃതര്‍ രക്ഷിതാക്കളെ ഇക്കാര്യമറിയിച്ചത്. അധികമായി കൈപ്പറ്റിയ തുക അടുത്ത അധ്യയന വര്‍ഷത്തെ ഫീസില്‍ നിന്ന് കുറക്കുകയോ നേരിട്ട് പണമായി നല്‍കുകയോ ചെയ്യുമെന്നാണ് അറിയിപ്പിലുള്ളത്.
അടുത്ത അഞ്ച് അധ്യയന ദിവസങ്ങളില്‍ ജോലി സമയത്തിനിടയില്‍ മുഴുവന്‍ രക്ഷിതാക്കളെയും ഇക്കാര്യം നേരില്‍ അറിയിക്കുകയും ഏതു രീതിയിലാണ് അധിക ഫീസ് തിരിച്ചുനല്‍കേണ്ടതെന്ന് ആരായുകയും ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പണമായി തന്നെ ആവശ്യമുള്ളവര്‍ക്ക് അങ്ങിനെയും അടുത്ത അധ്യയന വര്‍ഷത്തെ ഫീസില്‍ നിന്ന് കുറക്കേണ്ടവര്‍ക്ക് അങ്ങിനെയുമാകാമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചാലല്ലാതെ നിലവിലുള്ള ഫീസ് വര്‍ധിപ്പിക്കാനോ മാറ്റങ്ങള്‍ വരുത്താനോ പാടില്ലെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അലി അല്‍ സുവൈദി ആവര്‍ത്തിച്ചു. ആക്ടിവിറ്റീസ്, കമ്പ്യൂട്ടര്‍, പരീക്ഷകള്‍, സെന്റ് ഓഫ് തുടങ്ങിയ ഒന്നിന്റെ പേരിലും അധികൃതരുടെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് പണം പറ്റുന്നത് കടുത്ത നിയമ ലംഘനമാണെന്ന് ഷാര്‍ജ എജ്യുക്കേഷനല്‍ സോണ്‍ തങ്ങളുടെ 22-ാം നമ്പര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുകയും ചെയ്തു.

Latest