Connect with us

Kasargod

പനയാല്‍-പള്ളിക്കര ബാങ്കുകളിലും മുക്കുപണ്ട തട്ടിപ്പ്

Published

|

Last Updated

ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറത്തെ മനോജ് കുമാറിന്റെ ഭാര്യ എസ് രതി (35) പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിലും പനയാല്‍ സര്‍വീസ് സഹകരണ ബാങ്കിലും പള്ളിക്കര അര്‍ബന്‍ സൊസൈറ്റിയിലും ലക്ഷങ്ങളുടെ മുക്കുപണ്ടം പണയപ്പെടുത്തിയതായി തെളിഞ്ഞു.
രതിക്കെതിരെ വിവിധ ബാങ്ക് മാനേജര്‍മാരും സെക്രട്ടറിമാരും പോലീസില്‍ പരാതി നല്‍കി തുടങ്ങി. പനയാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പാക്കം-മൗവ്വല്‍ ശാഖകളില്‍ രതി 1.60 ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണ്ണം പണയപ്പെടുത്തിയതായി തെളിഞ്ഞു. വിദഗ്ധര്‍ വന്ന് വ്യാജ സ്വര്‍ണ്ണം പരിശോധിച്ചതിന് ശേഷം രതിയുടെ തട്ടിപ്പ് മനസ്സിലാക്കിയ പനയാല്‍ ബാങ്ക് അധികൃതര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ പൂച്ചക്കാട് ശാഖയില്‍ 2.70 ലക്ഷം രൂപയുടെയും പള്ളിക്കര അര്‍ബന്‍ സൊസൈറ്റിയില്‍ 1.40 ലക്ഷം രൂപയുടെയും വ്യാജ സ്വര്‍ണം രതി പണയപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഒറിജിനല്‍ സ്വര്‍ണത്തെ വെല്ലുന്നതാണ് രതി പണയപ്പെടുത്തിയ മുക്കുപണ്ടങ്ങള്‍. പുറത്ത് സ്വര്‍ണമെന്ന് തോന്നിക്കുമെങ്കിലും ഉള്ളില്‍ ചെമ്പ്കമ്പികള്‍ യോജിപ്പിച്ച് നിര്‍ത്തിയതാണ് വ്യാജ സ്വര്‍ണങ്ങള്‍. ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള തട്ടിപ്പാണ് രതി നടത്തിയത്. ഈ വ്യാജ സ്വര്‍ണാഭരണങ്ങള്‍ രതിക്ക് എവിടെ നിന്ന് കിട്ടിയതെന്ന് പോലീസ് അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് കടത്തിയതാണ് വ്യാജ സ്വര്‍ണമെന്ന് സംശയിക്കുന്നു.
ജില്ലാ സഹകരണ ബാങ്കിന്റെ പെരിയ- മഡിയന്‍ ശാഖകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയകേസില്‍ അറസ്റ്റിലായ രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Latest