Connect with us

Wayanad

സംഘ ചിത്ര പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

മാനന്തവാടി: ലളിത കലാഅക്കാഡമി സംഘടിപ്പിക്കുന്ന സംഘ ചിത്ര പ്രദര്‍ശനം അക്കാദമിയുടെ ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു.രാവിലെ 10 മുതല്‍ വൈകിട്ട് ആറര വരെയാണ് പ്രദര്‍ശനം.
സുനില്‍ അശോകപുരം, കെ സുധീഷ്, ജോണ്‍സ് മാത്യു എന്നിവരുടെ 30ഓളം വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിച്ച് രചിച്ചതും അക്കാദമിയുടെ ഗ്രാന്റിന് തിരഞ്ഞെടുത്തതുമായ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കോഴിക്കോട് സ്വദേശികളാണ് ഈ കലാകാരന്‍മാര്‍.
കളവുകളുടെ പരിശീലനം എന്ന വിഷയമാണ് കുറെ വര്‍ഷങ്ങളായി രചനയിലെ പ്രധാന വിഷയങ്ങളായി ജോണ്‍സ് മാത്യു തിരഞ്ഞെടുത്തിട്ടുള്ളത്. ജലഛായയിലും ടെംപറയിലും രചിച്ചിട്ടുള്ള 10 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ആത്മാന്വേഷണവും ആന്തരിക കാഴ്ചകളും വ്യക്തി ജീവിതങ്ങളെ വിമലീകരിക്കുന്നതും ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും വേദനകളെ മറിക്കടക്കുന്നതുമായ ചില ചിന്തകളും അന്വേഷണങ്ങളും ലളിതമായി വരച്ചു കാണിക്കാനുള്ള ഒരു ശ്രമമായി സുധീഷ് തന്റെ പുതിയ ചിത്രങ്ങളെ കാണുന്നു.
ജലഛായവും ഡ്രോയിംഗുകളുമടങ്ങുന്ന 10 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കുന്നുകളും മലകളും ഒരു പാട് സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. മലയുടെ പുറം കാഴ്ചകളില്‍ നിന്ന് അതിന്റെ ഉള്‍ത്തലങ്ങള്‍ കാണാന്‍ ശ്രമിക്കുകയാണ് സുനില്‍ അശോകപുരം ഈ പരമ്പരയിലൂടെ. പുരാതനവും നൈസര്‍ഗികവുമായ ജീവിതം ഇതിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഒരു ഭൂ പ്രദേശത്തെ കണ്ടെത്താനുള്ള ശ്രമം. ക്യാന്‍വാസില്‍ അക്രിലിക് നിറങ്ങളുപയോഗിച്ചാണ് സുനില്‍ രചന നടത്തിയത്. സുനിലിന്റെ പത്ത് ക്യാന്‍വാസുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രകാരന്‍ ജോസഫ് എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബാബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം ഈ മാസം 21ന് സമാപിക്കും.

Latest