Connect with us

Malappuram

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ വൃദ്ധനെ വഴിയിലുപേക്ഷിച്ച നിലയില്‍

Published

|

Last Updated

വണ്ടൂര്‍: മകര വിളക്കിന്റെ പുണ്യം തേടാന്‍ ശബരിമലയില്‍ പോയി മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘം കൂട്ടത്തിലെ വൃദ്ധനെ വഴിയിലുപേക്ഷിച്ചു. വടപുറം-പട്ടിക്കാട് സംസ്ഥാന പാതയില്‍ വണ്ടൂര്‍ പൂക്കുളത്താണ് സംഭവം.
ബത്തേരി സ്വദേശി വിവി പാലനെയാണ് മകളുടെ ബന്ധുക്കള്‍ റോഡരികില്‍ ഇറക്കി നാട്ടിലേക്ക് തിരിച്ചുപോയത്. വയനാടിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയിലെ അയ്യങ്കൊല്ലി എന്ന സ്ഥലത്തു നിന്നുള്ള പതിനൊന്നംഗ സംഘത്തിലായിരുന്നു പാലന്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അയ്യങ്കൊല്ലിയിലേക്ക് വിവാഹം കഴിച്ച ഇദ്ദേഹത്തിന്റെ ഏക മകളുടെ ബന്ധുക്കളും അയല്‍വാസികളുമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഈ മാസം പത്തിന് ശബരിമലക്ക് പുറപ്പെട്ട സംഘം വ്യാഴാഴ്ച തിരിച്ചു വരുന്നതിനിടെയാണ് ഇയാളെ വഴിയിലുപേക്ഷിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
തിരിച്ചു വരുന്നേരം ഇയാള്‍ക്ക് കലശലായ വയറു വേദനയും വയറിളക്കവും ഉണ്ടായതിന്റെ പേരില്‍ കൂടെയുള്ളവര്‍ ഇയാളെ ചീത്തവിളിക്കുകയും ഇയാളെ അര്‍ദ്ധ രാത്രി വഴിയിലിറക്കി കടന്നുകളയുകയുമായിരുന്നു. രാത്രി 11 മണിക്ക് റോഡില്‍ തള്ളപ്പെട്ട പാലന്‍ വ്യാഴാഴ്ച രാത്രിയില്‍ റോഡരികിലെ പീടിക തിണ്ണയിലാണ് കിടന്നത്. ഇവിടെ അവശ നിലയില്‍ കിടക്കുകയായിരുന്ന വൃദ്ധനെ വെള്ളിയാഴ്ച രാവിലെ കുടുംബ ശ്രീ പ്രവര്‍ത്തകയായ കെ സി നിര്‍മ്മല വീട്ടിലേക്ക് കൊണ്ട് പോയി കുളിപ്പിക്കുകയും പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വണ്ടൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അസുഖം കൂടുതലായതിനെ തുടര്‍ന്ന പിന്നീട് ഇയാളെ നിലമ്പൂര്‍ ജില്ലാആശുപത്രിയിലേക്ക് മാറ്റി. കെ അനസ്, ഒ പി മെഹ്‌റൂഫ്, കെ ജാഫര്‍, എം കെ കബീര്‍, ബാബു പടകാളിപറമ്പ്, എം കെ നാസര്‍, എം കെ ഫസല്‍, പി കെ റാഫി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ സഹായിക്കാനായി എത്തിയത്.

Latest