Connect with us

Kozhikode

ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

കൊടുവള്ളി: മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ അപേക്ഷാ സമര്‍പ്പണത്തിന് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും നെട്ടോട്ടമോടുന്നു. അപേക്ഷാ സമര്‍പ്പണത്തിന് വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ അതത് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയാല്‍ മതി. എന്നാല്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ മുഖേന തഹസില്‍ദാറില്‍ നിന്ന് വാങ്ങണമെന്ന നിബന്ധനയാണ് രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ ആവശ്യങ്ങള്‍ക്കും വില്ലേജ് ഓഫീസര്‍ നല്‍കുന്ന ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മതി. കേരളത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് കണക്ക്.
അഖിലേന്ത്യാ മെഡിക്കല്‍, എന്‍ജിനീയറിംഗ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം ഒരുവിധ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ വന്ന് പ്രവേശന സമയത്ത് മാത്രം ക്രീമിലെയര്‍, വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മതി. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം ഒന്നര ലക്ഷത്തിലധികം വരുന്ന അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണ്.
താലൂക്ക് ഓഫീസുകളില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകര്‍ കൂട്ടമായെത്തിയതിനാല്‍ അവിടെ അപേക്ഷകള്‍ വാങ്ങിവെച്ച് ഒരാഴ്ചയോ പത്ത് ദിവസമോ കഴിഞ്ഞ് വരാന്‍ സ്ലിപ്പ് നല്‍കുകയാണ്. ചിലയിടങ്ങളില്‍ തഹസില്‍ദാര്‍ എഴുതി നല്‍കേണ്ട ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റില്‍ ടൈപ്പ്‌റൈറ്ററിംഗ് മുഖേന കോളങ്ങള്‍ പൂരിപ്പിക്കാനും നിര്‍ദേശിക്കുന്നുണ്ട്. ഡി ടി പി സെന്ററുകള്‍ നിലവില്‍ വന്നതോടെ ടൈപ്പ്‌റൈറ്റിംഗ് മെഷീനുകള്‍ നാട്ടില്‍ വിരളമാണ്. ഇവിടെ തിരക്കും വര്‍ധിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി മൂന്ന് വൈകുന്നേരം അഞ്ച് മണിയാണ്. ഇതിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമോയെന്നാശങ്കയുയര്‍ന്നിട്ടുണ്ട്. നടപടി ക്രമങ്ങള്‍ സുതാര്യമാക്കിയും ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയും അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടി ലഘൂകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Latest