Connect with us

Ongoing News

ചുവടുതെറ്റി കോല്‍ക്കളി

Published

|

Last Updated

കോഴിക്കോട്: അപ്പീല്‍ പ്രളയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയുടെ ചുവടുതെറ്റി. 14 ജില്ലാ ടീമുകളും ഏതാനും അപ്പീലുകളും പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകള്‍ തെറ്റിച്ച് 19 ടീമുകളാണ് അപ്പീലുമായി കോലില്‍ കളിക്കാന്‍ ഗുജറാത്തീ ഹാളില്‍ എത്തിയത്. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം പത്ത് മണിക്ക് ശേഷമാണ് ആരംഭിച്ചത്. ജുമുഅ നിസ്‌കാരത്തിനായി 45 മിനുറ്റ് ഇടവേളയായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം പുനരാരംഭിച്ചത്. ഇതിനിടെയും അപ്പീലുമായി മത്സരാര്‍ഥികള്‍ എത്തിക്കൊണ്ടിരുന്നു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്താല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ 5000 രൂപ കെട്ടിവെച്ച് അപ്പീലുപോകാന്‍ സ്‌കൂളുകള്‍ മത്സരിക്കുന്നതാണ് കലോത്സവത്തിന്റെ നിറം കെടുത്തുന്നത്. രാത്രി എട്ടരയോടെയാണ് ഹയര്‍ സെക്കന്‍ഡി വിഭാഗം കോല്‍ക്കളി അവസാനിച്ചത്. വിധികര്‍ത്താക്കളായ പ്രോഫ. മുഹമ്മദ്, ഷംസുദ്ദീന്‍ ചെട്ടിപ്പടി, ഹസന്‍ നെടിയനാട് എന്നിവര്‍ വദിക്കുമുന്നിലിരുന്നത് ഒമ്പത് മണിക്കൂറിലേറെയാണ്. ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കേണ്ട ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ട് ആരംഭിച്ചത് രാത്രി ഒമ്പതിന് ശേഷം. ഉച്ചയോടെ മത്സരത്തിന് തയ്യാറെടുത്ത് കാത്തിരുന്നവര്‍ അവശരായാണ് വേദിയില്‍ കയറിയത്. ദഫ്മുട്ട് ആസ്വദിക്കാനായി ഉച്ചയോടെ വേദിയിലെത്തി കാത്തിരുന്നവര്‍ സ്ഥലം വിട്ടതിനാല്‍ ദ്ഫ്മുട്ട് വേദി ഏറെക്കുറെ വിജനമാണ്. മത്സരത്തില്‍ അപ്പീലുമായെത്തിയവരാണ് വിജയം കൊയ്തത്. മലപ്പുറം ചെറുകുളമ്പ ഐ കെ ടി എച്ച് എസ് എസ് ആണ് അപ്പീലിലൂടെയെത്തി ഒന്നാമതെത്തിയത്. മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഇവര്‍ രണ്ടാം സ്ഥാനത്തായിരുന്നു. മലപ്പുറം പുതുപ്പറമ്പ ജി എച് എസ് എസ് അപ്പീലിലൂടെയെത്തി രണ്ടാം സ്ഥാനം നേടി. കാസര്‍കോട് ദുര്‍ഗ എച്ച് എസ് എസിനാണ് മൂന്നാം സ്ഥാനം. റവന്യൂ ജില്ലയില്‍ ഒന്നാമതെത്തിയ കോട്ടക്കല്‍ ഗവ. രാജാസ് എച്ച് എസ് എസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Latest