Connect with us

Ongoing News

ഗ്ലാമര്‍ താരങ്ങള്‍ക്ക് അടിതെറ്റി: ഒന്നാമന് ബി ഗ്രേഡ്; റിയാലിറ്റി താരം രണ്ടാമത്

Published

|

Last Updated

കോഴിക്കോട്: ഗ്ലാമര്‍ താരങ്ങള്‍ക്ക് അടിതെറ്റിയ ദിവസമായിരുന്നു ഇന്നലെ. ജില്ലയിലെ ഒന്നാം സ്ഥാനക്കാരനും റിയാലിറ്റി താരവുമെല്ലാം മത്സരങ്ങളുടെ പൊടിപൂരത്തില്‍ പിന്തള്ളപ്പെട്ടു. അപ്പീലുമായി സ്‌കൂള്‍ കലോത്സവത്തിലെ ലളിതഗാന മത്സരത്തിനെത്തിയ ടി വി റിയാലിറ്റി താരത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസിലെ ബി എസ് ഉണ്ണിമായയാണ് എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാമതെത്തിയത്. മൈലാഞ്ചി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലെ എട്ടാം സ്റ്റേജില്‍ പങ്കെടുത്ത ഉണ്ണിമായ ജൂനിയര്‍ ഐഡല്‍ റിയാലിറ്റി ഷോയില്‍ സെമിഫൈനലിലെത്തിയിരുന്നു. ലളിതഗാനത്തിന് കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഹിമ രതീഷിന് ബി ഗ്രേഡ് ലഭിച്ചപ്പോഴാണ് അപ്പീലുമായെത്തിയ ഉണ്ണിമായ രണ്ടാം സ്ഥാനം നേടുന്നത്. ജില്ലാ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അപാകം ആരോപിച്ചാണ് ഉണ്ണിമായ അപ്പീലുമായെത്തിയത്. വോയ്‌സ് ഒാഫ് കാലിക്കറ്റിലെ ഗായികയായ ഈ കലാകാരി പ്രമുഖ പിന്നണി ഗായകര്‍ക്കൊപ്പം നിരവധി ഗാനമേള വേദികളില്‍ പാടിയിട്ടുണ്ട്. താമരശ്ശേരി സ്വദേശി ബൈജുനാഥ് കര്‍മയുടെയും ശ്രീജയുടെയും മകളാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഗസല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ സംസ്ഥാന കലോത്സവത്തിലെ തിരുവാതിരക്കളി മത്സരത്തിലും ഉണ്ണിമായ പങ്കെടുക്കുന്നു.

Latest